SignIn
Kerala Kaumudi Online
Thursday, 25 April 2024 3.48 AM IST

നൂറ്റാണ്ടുതൊട്ട വിദ്യാലയം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ

dharma
മേലെചൊവ്വ ധര്‍മ്മസമാജം യു.പി സ്‌കൂള്‍

കണ്ണൂർ: മേലെചൊവ്വ റോഡുവികസനത്തിന്റെ ഭാഗമായി നൂറുവർഷം തികയുന്ന ധർമ്മസമാജം യു.പി സ്‌കൂളിന് കളക്ടറുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്. 23 അദ്ധ്യാപികമാർ അക്ഷരവെളിച്ചം നൽകുന്ന 542 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് നിലനിൽപ്പിന് ഭീഷണി നേരിടുന്നത്. 2023ൽ നൂറുവർഷം തികയാനിരിക്കെയാണ് സ്‌കൂളിന് കുടിയൊഴിപ്പക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

സ്‌കൂളിനെ നിർദ്ദിഷ്ട അലൈൻമെന്റിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റ് പ്രതിനിധികളും അദ്ധ്യാപികമാരും രണ്ടാഴ്ച മുമ്പ്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
അഞ്ചു മീറ്റർ റോഡുവികസനത്തിനായി ഏറ്റെടുത്താൽ സ്‌കൂളിന്റെ മുഖശ്രീയായ മുൻഭാഗം മുഴുവൻ പൊളിക്കേണ്ടി വരും. മാത്രമല്ല പകരം മറ്റെങ്ങും പോകാനില്ലെന്നതുമാണ് സ്‌കൂൾ നേരിടുന്ന പ്രതിസന്ധി. ദേശീയപാതയ്ക്കരികെ 25 സെന്റ് സ്ഥലത്താണ് ധർമ്മസമാജം സ്‌കൂൾ പ്രവർത്തിക്കുന്നത്. നേരത്തെ റോഡുവികസനത്തിനായി സ്‌കൂൾ മാനേജ്‌മെന്റ് സ്ഥലം വിട്ടുനൽകിയിരുന്നു. റോഡുവികസനപദ്ധതിയുടെ അലൈൻമെന്റിൽ കണ്ണോത്തുംചാൽ മുതൽ ചില സ്ഥാപനങ്ങൾക്കായി ബോധപൂർവ്വം വരുത്തിയ വളവാണ് സ്‌കൂളിന് ഭീഷണിയായതെന്ന ആരോപണവുമുണ്ട്. സർക്കാർ ഈക്കാര്യത്തിൽ പ്രത്യേക ശ്രദ്ധപതിപ്പിക്കണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെയും അദ്ധ്യാപക രക്ഷാകർതൃസമിതിയുടെയും ആവശ്യം.


ചരിത്രത്തിനൊപ്പം നടന്ന വിദ്യാലയം

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ധർമ്മസമാജം വായനശാലയ്ക്കും സ്‌കൂളിനും കേരളീയ നവോത്ഥാനത്തിന് തിലകം ചാർത്തിയ നിരവധി ത്യാഗോജ്ജ്വല കഥകൾ പറയാനുണ്ട്. ആര്യബന്ധു കെ.പി ബാപ്പുവാണ് 1923ൽ ഇവിടെ ബാലികാവിദ്യാലയം സ്ഥാപിച്ചത്.
സ്വന്തം ഭൂമിയിലാണ് ഇദ്ദേഹം തലമുറയ്ക്ക് വെളിച്ചം പകരാനായി വിദ്യാലയത്തിന് തുടക്കമിട്ടത്. നേരത്തെ കണ്ണൂർ നഗരത്തിൽ വാണിജ്യത്തിനായെത്തുന്നവർക്ക് കാളവണ്ടികെട്ടി വിശ്രമിക്കാനുള്ള സ്ഥലമായിരുന്നു ഇത്. നാട്ടിലെ ശവമടക്കിന് ശവപ്പെട്ടി ഇവിടെ നിന്നും സൗജന്യമായി കൊണ്ടുപോയിരുന്നു. പിന്നീട് ധർമ്മസമാജം വായനശാല സ്ഥാപിക്കപ്പെടുകയും ശ്രീനാരായണ ഗുരു, വാഗ്ഭടാനന്ദൻ തുടങ്ങിയ നവോത്ഥാന നായകർ ഇവിടെ സന്ദർശിക്കുകയുമുണ്ടായി.
ബാലികാസദനത്തിൽ നിന്നും ധർമ്മസമാജം സ്‌കൂളായി വളർന്നതോടെ മേലെചൊവ്വയിലെ വിദ്യാകേന്ദ്രം മാത്രമല്ല സാംസ്‌കാരിക,സാമൂഹ്യ ഇടപെടൽ നടത്തുന്ന വേദിയായി കൂടി ധർമ്മസമാജം മാറി. കുട്ടികളുടെ പഠനനിലവാരത്തിലും മാനസിക ഉന്മേഷത്തിലും കാണിക്കുന്ന ജാഗ്രതയാണ് ധർമ്മസമാജം സ്‌കൂളിലേക്ക് മക്കളെ ചേർക്കുന്ന രക്ഷിതാക്കൾക്കും പറയാനുള്ളത്.

റോഡുവികസനത്തിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തി തലമുറകൾ പഠിച്ചുവന്ന ധർമ്മസമാജം യു.പി സ്‌കൂൾ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഈ സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സ്‌കൂളിന് മാറിപോവാൻ കഴിയില്ല. പഠനനിലവാരത്തിലും പാഠ്യേതരവിഷയങ്ങളിലും മുമ്പന്തിയിലുള്ള സ്‌കൂൾ വികസനത്തിന്റെ പാതയിലാണ്. റോഡുവികസനത്തിനായി കെട്ടിടം പൊളിച്ചു മാറ്റിയാൽ ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള വിദ്യാലയം ഇല്ലാതായി മാറും.
എം. സദാനന്ദൻ (പ്രസിഡന്റ് ധർമ്മസമാജം യു.പി സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.