കീവ് : 13 വയസുള്ള സ്റ്റെപൻ എന്ന പൂച്ച ആൾ അത്ര ചില്ലറക്കാരനല്ല. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സിനുടമയാണ് ആരാധകരുടെ കണ്ണിലുണ്ണിയായ സ്റ്റെപൻ. പക്ഷേ, യുക്രെയിനിലെ റഷ്യൻ അധിനിവേശം മനുഷ്യർക്കെന്ന പോലെ സ്റ്റെപന്റെ ജീവനെയും അപകടത്തിലാക്കിയിരുന്നു. എന്നാലിപ്പോൾ ആരാധകരെ തേടി ആ ശുഭ വാർത്ത എത്തിയിരിക്കുകയാണ്.
ഖാർക്കീവിൽ നിന്ന് പാലായനം ചെയ്ത് പോളണ്ടിലെത്തിയ സ്റ്റെപന് ഇപ്പോൾ ഫ്രാൻസിൽ അഭയം ലഭിച്ചിരിക്കുകയാണ്. സ്റ്റെപന്റെ ഉടമയായ അന്നയാണ് ഇക്കാര്യമറിയിച്ചത്. ഫെബ്രുവരി 24ന് പുലർച്ചെ 5 മണിയോടെ സ്റ്റെപൻ താമസിച്ചിരുന്ന ബിൽഡിംഗിന് സമീപം അതിശക്തമായ സ്ഫോടനങ്ങൾ നടന്നിരുന്നു. പിന്നീട് ഒരാഴ്ച അന്നയും സ്റ്റെപനും വൈദ്യുതിയില്ലാതെ അവിടെ കുടുങ്ങി. വോളന്റിയർമാരുടെ സഹായത്തോടെ ഒരുവിധത്തിൽ ഖാർക്കീവിന് പുറത്തെത്തി.
അവിടെ നിന്ന് ലവീവിലേക്കുള്ള ട്രെയിൻ ലഭിച്ചു. ഇവിടെ നിന്നാണ് പോളണ്ടിലേക്ക് കടക്കാൻ അവസരം ലഭിച്ചത്. സ്റ്റെപൻ സുരക്ഷിതനാണെന്ന് അറിയിച്ച് അന്ന പൂച്ചകുട്ടന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പോളണ്ട് അതിർത്തി കടക്കുന്നത് വരെ കാൽനടയായും അല്ലാതെയുമൊക്കെ മരണത്തെ മുന്നിൽ കണ്ടാണ് തങ്ങൾ നീങ്ങിയതെന്ന് അന്ന പറഞ്ഞു. ഏതാനും സംഘടനകളുടെ സഹായത്തോടെയാണ് സ്റ്റെപാനുമായി അന്ന ഫ്രാൻസിലെത്തിയത്.
ഗായിക ബ്രിട്ട്നി സ്പിയേഴ്സ്, നടി ഡയാൻ ക്രൂഗർ, മോഡൽ ഹെയ്ലി ബീബർ തുടങ്ങിയ സെലിബ്രിറ്റികളും സ്റ്റെപന്റെ ആരാധകരാണ്. സ്റ്റെപന് ഒരു മാസമുള്ളപ്പോഴാണ് അന്നയുടെ കൈകളിലെത്തിയത്. 2019ലാണ് ടിക് ടോക് വീഡിയോകളിലൂടെ സ്റ്റെപൻ വൈറലായത്. കഴിഞ്ഞ വർഷം ഇറ്റാലിയൻ ഫാഷൻ ഹൗസായ വാലന്റീനോയുടെ 2,800 ഡോളർ വിലയുള്ള പഴ്സിന്റെ പരസ്യത്തിലും സ്റ്റെപൻ പ്രത്യക്ഷപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |