SignIn
Kerala Kaumudi Online
Friday, 19 April 2024 10.35 AM IST

വാഗ്‌ദേവതയുടെ വീരഭടൻ

d

വാഗ‌്ദേവതയുടെ വീരഭടൻ ഭവാൻ, എന്നായിരുന്നു മഹാകവി കുമാരനാശാൻ , സി.വി. രാമൻപിള്ളയെ നിന്നു പോയ നാദത്തിൽ വിശേഷിപ്പിച്ചത്. 'അദ്‌‌ഭുതാനന്ദ പീയൂഷം പൊഴിഞ്ഞു നിന്ന പ്രൗഢമാം ധ്വനി മൂകമായിപ്പോയി" എന്നു പറഞ്ഞാണ് ആശാൻ കവിത ആരംഭിക്കുന്നത്. 'സുവ്യക്തമായ് ലിപിയിൽ പ്രണവം പോലെ ദവ്യനിനാദമേ, നീയിതിൽത്തങ്ങുക" എന്നാണ് കവിതയുടെ പര്യവസാനം. പ്രതിഭാസമ്പന്നനായ ഒരു എഴുത്തുകാരനെ ക്രാന്തദർശിയായ കവി നിറഞ്ഞ മനസോടെ പ്രകീർത്തിക്കുകയായിരുന്നു.

'മാർത്താണ്ഡവർമ്മ"യുടെ പ്രസിദ്ധീകരണത്തോടെയാണ്, സമാനതകളില്ലാത്ത പ്രതിഭാശാലിയായി മലയാളികൾ സി.വി. രാമൻപിള്ളയെ അംഗീകരിച്ചത്. . 1729-ൽ അധികാരത്തിലേക്കു വന്ന തിരുവിതാംകോട് എന്ന ചെറുരാജ്യത്തിലെ ഭരണാധികാരിക്കു എങ്ങനെ 20 വർഷങ്ങൾ കൊണ്ട് പെരിയാർ വരെ നീണ്ടുകിടക്കുന്ന ഒരു പ്രബല രാജ്യം സൃഷ്ടിക്കുവാൻ കഴിഞ്ഞുവെന്ന ചരിത്രമല്ല സി.വി. അന്വേഷിച്ചത്. ദായക്രമം, മരുമക്കത്തായമായിരുന്ന ഒരു രാജ്യത്തിൽ ഭരണം പിടിച്ചെടുക്കാൻ കുതന്ത്രങ്ങൾ പയറ്റിയ രാമവർമ്മ രാജാവിന്റെ മക്കളുമായുള്ള മാർത്താണ്ഡവർമ്മയുടെ പോരാട്ടങ്ങളുടെ കഥ, നാടകീയമായി അവതരിപ്പിക്കുകയാണ് സി.വി ചെയ്തത്.

പുറമേയ്ക്കു ഒരു ചരിത്രനോവലായാണ് മാർത്താണ്ഡവർമ്മ ഇന്നറിയുന്നതെങ്കിലും പ്രേമത്തിന്റെയും ധീരതയുടെയും ആത്മത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും കഥകൾ, ഒരു കാലഘട്ടത്തെ പശ്ചാത്തലമാക്കി രചിക്കുകയായിരുന്നു സി.വി ചെയ്തത്. എട്ടുവീട്ടിൽ പിള്ളമാർ എന്നറിഞ്ഞിരുന്ന ഭൂപ്രഭുക്കന്മാരെ, തന്നെ എതിർത്തതിനു മാർത്താണ്ഡവർമ്മ കഴുവേറ്റുന്നു. രാജാവിനെ വധിക്കാനുള്ള കായംകുളം രാജാവിന്റെ ഗൂഢാലോചനയ്ക്കു അവർ പിന്തുണ നൽകി എന്നായിരുന്നു ആരോപണം. കുഞ്ചുതമ്പിമാരുടെ പക്ഷത്തായിരുന്നു അവരെന്നും മാർത്താണ്ഡവർമ്മ കണ്ടെത്തുന്നു. സ്നേഹനിധികളായ അനുചരന്മാരുടെ പിന്തുണയോടെയാണ് മാർത്താണ്ഡവർമ്മ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചതെന്നു സി.വി വ്യക്തമാക്കി.

മതിലകം രേഖകൾ പരിശോധിക്കാതെ, ശങ്കുണ്ണിമേനോൻ തയ്യാറാക്കിയ തിരുവിതാംകൂർ ചരിത്രത്തെ ഗ്രന്ഥരചനയ്ക്കു അടിസ്ഥാനമാക്കിയത്, കാലഘട്ടത്തെ കൃത്യമായി തിരിച്ചറിയുന്നതിൽ വലിയ പിഴവുകൾ ഉണ്ടാക്കിയിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകോടിന്റെ തലസ്ഥാനം തിരുവനന്തപുരം അല്ലായിരുന്നുവെന്നു സി.വി ഓർത്തില്ല. മാർത്താണ്ഡവർമ്മയുടെ ജീവൻ രക്ഷിച്ച ഒരു ചാന്നാരെപ്പറ്റി, 'മാർത്താണ്ഡ മാഹാത്മ്യം കിളിപ്പാട്ടിൽ" പറയുന്നത് ആദ്യമായി ചൂണ്ടിക്കാണിച്ചത് സി.വി. കുഞ്ഞിരാമൻ ആയിരുന്നു. അമ്മച്ചിപ്ളാവിലെ പോട്ടിൽ രാജകുമാരൻ ഒളിപ്പിച്ചിരുന്നത് സി.വി.യുടെ ഭാവനാ സൃഷ്ടിയാണെന്നു വിമർശിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. ഐവാൻഗോയിലെ ഫ്ളോറയുടെ പരകായ പ്രവേശം സുഭദ്ര‌യിൽ ഉണ്ടെന്നു പറഞ്ഞത് എം. ലീലാവതിയാണ്.

രാജാവ് ജനങ്ങളുടെ സ്പന്ദനങ്ങൾ അറിഞ്ഞുവേണം ഭരിക്കേണ്ടതെന്ന സൂചന തുടർന്നെഴുതിയ ധർമ്മരാജാവിലും രാമരാജ ബഹദൂറിലും ഉണ്ടായിരുന്നു. കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിനെയാണ്, ശീർഷകങ്ങളിൽ പരാമർശിക്കുന്നതെങ്കിലും പിന്നീട് വലിയ ദിവാൻജിയായ കേശവപിള്ളയാണ് രണ്ടു കൃതികളിലെയും മുഖ്യ കഥാപാത്രം.കഴക്കൂട്ടത്തു പിള്ളയുടെ കുടുംബത്തിന്റെ ദുരന്ത കഥയും പിന്നീടത്തെ പുനർജ്ജന്മവുമാണ് രാമരാജ ബഹദൂറിനെ ശ്രദ്ധേയമാക്കിയത്. കാളിയുടയാൻ ചന്ത്രക്കാരനും കുഞ്ചൈക്കുട്ടിപ്പിള്ളയും മാമാവെങ്കിടനും ത്രിപുരസുന്ദരി കുഞ്ഞമ്മയും മലയാളികളെ എന്നും വിസ്‌മയിപ്പിച്ചു.

വക്രോക്തികളും ഭാഷാഭേദങ്ങളും പഴഞ്ചൊല്ലുകളും നിറഞ്ഞ സി.വി. രാമൻപിള്ളയുടെ പ്രൗഢ ഭാഷ മലയാളികളിൽ ഒരു വിഭാഗത്തിനു അസ്വീകാര്യമായിരുന്നു. മാർത്താണ്ഡവർമ്മ വായിച്ചതുപോലെ ധർമ്മരാജായും രാമരാജ ബഹദൂറും വായിച്ചാസ്വദിക്കാൻ തനിക്കു കഴിഞ്ഞില്ലെന്നു ഇ.എം.എസ് നമ്പൂതിരിപ്പാട് സമ്മതിക്കുകയുണ്ടായി..സി.വി. ഒരു രാജഭക്തനാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. . ചരിത്രം അവതരിപ്പിക്കുന്ന നിർദ്ദയനായ മാർത്താണ്ഡവർമ്മയിൽ നിന്നും ജീവിതം ആഘോഷിച്ച കാർത്തിക തിരുനാൾ രാമവർമ്മയിൽ നിന്നും തെല്ല് ഭിന്നരായിരുന്നു സി.വിയുടെ മാർത്താണ്ഡവർമ്മയും ധർമ്മരാജായും. സാദ്ധ്യതകളുടെ നയതന്ത്രങ്ങൾ വിദഗ്ദ്ധമായി പരീക്ഷിച്ച രാജനീതിയുടെ പ്രതീകങ്ങളായിരുന്നു സി.വിയുടെ രാജാക്കന്മാർ. ജനഹിതം തിരിച്ചറിയുന്ന കരുണാർദ്രതയുടെ മൂർത്തികളായി നോവലിൽ അവർ പ്രത്യക്ഷപ്പെട്ടു. ചരിത്രത്തെ സർഗാത്മകമായി പുനഃസൃഷ്ടിക്കുകയായിരുന്നു സി.വി. തിരുവനന്തപുരത്ത്, സി.വിയുടെ പ്രതിമാനാച്ഛാദനത്തിനു 100 വർഷം എന്നിട്ടും വേണ്ടിവന്നു!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CV, CV RAMANPILLA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.