SignIn
Kerala Kaumudi Online
Friday, 19 April 2024 9.59 AM IST

സോഷ്യലിസ്റ്റ് ധാരകൾ നേരിടുന്ന അസ്തിത്വ പ്രതിസന്ധികൾ

vivadavela

ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിൽ ത്യാഗോജ്ജ്വലമായ പോരാട്ടം നടത്തിയവരുടെ ധാരയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്തെ സോഷ്യലിസ്റ്റുകളുടെ സ്ഥാനം. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ 1934ൽ കോൺഗ്രസിനകത്ത് അവർ പ്രത്യേക ധാരയായി പ്രവർത്തിച്ചു തുടങ്ങിയതാണ്.

സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. മഹാത്മാഗാന്ധിയുടെ കാലശേഷം, കോൺഗ്രസിനകത്ത് നിന്ന് ഈ പ്രതിപക്ഷശക്തികളെ പുറന്തള്ളാൻ ഭരണഘടനാ ഭേദഗതി വരുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്നു. അതോടെ സോഷ്യലിസ്റ്റുകൾ പുറത്തുപോയി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. മഹാരഥന്മാരായിരുന്നു ആദ്യകാല നേതാക്കൾ. ആചാര്യ നരേന്ദ്രദേവ, ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ, അച്യുത് പട്‌വർദ്ധൻ, യൂസഫ് മെഹറലി, അശോക് മേത്ത, മീനു മസാനി എന്നിങ്ങനെ.

1953ൽ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുമായി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി ലയിച്ചു. അങ്ങനെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി വന്നു. ആശയഭിന്നതകളുടെ പേരിൽ ഡോ. രാം മനോഹർ ലോഹ്യയെ പി.എസ്.പിയിൽ നിന്ന് പുറത്താക്കിയപ്പോൾ 1955ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുതിയ സോഷ്യലിസ്റ്റ് പാർട്ടിയുണ്ടായി.

1964ൽ വീണ്ടും സോഷ്യലിസ്റ്റ് പാർട്ടിയും പി.എസ്.പിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി വന്നു. പി.എസ്.പിയിലെ ഒരു വിഭാഗം ഇതിൽ ചേർന്നില്ല. എന്നാൽ 1971 ആയപ്പോൾ പി.എസ്.പിയിലെ മാറിനിന്ന വിഭാഗം സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ ലയിച്ചു. അങ്ങനെ വീണ്ടും സോഷ്യലിസ്റ്റ് പാർട്ടിയായി.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യത്തെ വിറപ്പിക്കുന്ന കാലം. രാജ്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയപ്പോൾ 1977ൽ ജയിലിലടയ്ക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാക്കൾ രാജ്യത്തെ ജനാധിപത്യ പുനസ്ഥാപനത്തിനായി പുതിയ പ്രസ്ഥാന രൂപീകരണത്തിന് ഇറങ്ങി. ജയപ്രകാശ് നാരായൺ മുൻകൈയെടുത്തു. കോൺഗ്രസിൽ നിന്ന് ഇന്ദിരയുടെ നിലപാടുകളോട് വിയോജിച്ച് പിന്മാറിപ്പോയവരുടെ സംഘടനാ കോൺഗ്രസും ഭാരതീയ ജനസംഘവും ബിഹാറിലെ ഭാരതീയ ലോകദളും ഒരുമിച്ചു. ജനതാപാർട്ടി രൂപീകരിക്കുന്നത് അങ്ങനെ. അധികം വൈകാതെ ജനതാഗ്രൂപ്പിൽ നിന്ന് ജനസംഘം വിട്ടുമാറിപ്പോയി. അവർ ഭാരതീയ ജനതാപാർട്ടി രൂപീകരിച്ചു. ആർ.എസ്.എസിന്റെ ഉപദേശനിർദ്ദേശങ്ങൾ.

സ്വാതന്ത്ര്യ സമരകാലത്ത് തന്നെ കേരളത്തിലും സോഷ്യലിസ്റ്റുകൾ ശക്തമായിരുന്നു. പ്രത്യേകിച്ച് മലബാറിൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസും ശക്തിയായി നിലകൊണ്ടത് തിരുവിതാംകൂറിനെയും തിരു-കൊച്ചിയെയും കാൾ മലബാറിലായിരുന്നു. കാരണം മലബാർ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. തിരുവിതാംകൂറും തിരു-കൊച്ചിയും നാട്ടുരാജ്യങ്ങളായി രാജഭരണത്തിൻ കീഴിലും.

മലബാറിലെ ദേശീയപ്രസ്ഥാനത്തിനകത്ത് സോഷ്യലിസ്റ്റുകളും ഉത്തരേന്ത്യൻ സ്വാധീനത്താൽ ശക്തിപ്രാപിച്ചു. ആ സോഷ്യലിസ്റ്റ് ധാരയുടെ പിന്മുറക്കാരുടെ പേരിലാണ് ഇന്നും കോഴിക്കോട്, കണ്ണൂർ മേഖലകളിലൊക്കെ സോഷ്യലിസ്റ്റുകൾ ചില പോക്കറ്റുകളിലെങ്കിലും തുടരുന്നത്. അരങ്ങിൽ ശ്രീധരൻ, പി.ആർ. കുറുപ്പ്, എം.പി. വീരേന്ദ്രകുമാർ, കെ. ചന്ദ്രശേഖരൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേതൃനിര മലബാറിലും പി. വിശ്വംഭരനെപ്പോലെ പ്രഗൽഭർ തിരുവിതാംകൂറിലും സോഷ്യലിസ്റ്റ് ധാരയിൽ സജീവമായിരുന്നു.

രണ്ട് വർഷത്തിനകം പിളർപ്പ്

1977ൽ രൂപീകൃതമായ ജനതാപാർട്ടി 1979ൽ തന്നെ പിളർന്നു. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലും 77ൽ റായ്ബറേലിയിൽ ഇന്ദിരാഗാന്ധിയെ തോല്പിച്ച് ജയന്റ് കില്ലറായ രാജ് നരൈന്റെയും ചരൺസിംഗിന്റെയും നേതൃത്വത്തിലും. അധികാര വടംവലികളിൽ പെട്ട് പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് രാജിവയ്ക്കേണ്ടി വന്നു. പകരം ചരൺസിംഗ് പ്രധാനമന്ത്രിയായി. പക്ഷേ സഖ്യകക്ഷികളിലൊന്ന് പിന്തുണ പിൻവലിച്ചപ്പോൾ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നു. ചന്ദ്രശേഖറിന്റെ പാർട്ടി ജനതാപാർട്ടിയായി നിന്നു. ചരൺസിംഗ്- രാജ് നരൈൻ നേതൃത്വത്തിലുള്ളത് ജനതാപാർട്ടി സെക്യുലറും. ലോക്ദളിന്റെ കലപ്പയേന്തിയ കർഷകനായിരുന്നു ജനതാപാർട്ടി രൂപീകരണത്തിന് ശേഷവും ചിഹ്നമായി നിലകൊണ്ടതെങ്കിൽ പുതിയ പിളർപ്പിന് ശേഷം സെക്യുലർ വിഭാഗത്തിന് നിലമുഴുന്ന കർഷകൻ ചിഹ്നമായി ലഭിച്ചു.

ആർ.എസ്.എസ് ബന്ധം ഊട്ടിയുറപ്പിച്ച ജനസംഘം വിഭാഗം പുറത്തുപോയി ബി.ജെ.പി രൂപീകരിക്കുന്നത് 80 ലാണ്. താമര അവർക്ക് ചിഹ്നമായി.

സെക്യുലർ ജനതാപാർട്ടി പിന്നീട് വീണ്ടും ലോക്ദൾ ആയി. ഈ ലോക്ദൾ 1982ൽ വീണ്ടും രണ്ടായി. നിലമുഴുന്ന കർഷകൻ ചിഹ്നം മരവിപ്പിക്കപ്പെട്ടു. ചരൺസിംഗിന് സൈക്കിളും രാജ് നരൈന് സ്ത്രീയും ചിഹ്നങ്ങളായി.

കേരള സോഷ്യലിസ്റ്റുകൾ ജനതാപാർട്ടിയായാണ് നിന്നത്. 1980കളിൽ പുതിയ ഇടതുമുന്നണി സംവിധാനം നിലവിൽ വന്നത് മുതൽ അവർ ഇടതുമുന്നണിയുടെ ഭാഗമാണ്. പക്ഷേ, കേരളത്തിലെ ജനതാപാർട്ടിയിലും പിളർപ്പിന്റെ അനുരണനങ്ങൾ പ്രകടമായിരുന്നു. ഗോപാലൻ ജനത, കമലം ജനത എന്നീ അവാന്തരവിഭാഗങ്ങൾ ജനതയ്ക്കകത്ത് ഉണ്ടായി. കമലം ജനത ക്രമേണ ഇല്ലാതായി. അതിന്റെ നിയന്താവ് എം. കമലം കോൺഗ്രസുകാരിയായി. ഗോപാലൻ ജനതയും അതുപോലെയായി.

അവശിഷ്ട സോഷ്യലിസ്റ്റുകൾ ജനതാപാർട്ടിയായി പിഴച്ചു. 1987ലെ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി ഏഴ് സീറ്റുകളിൽ വരെ ജയിച്ച് ഇടതുമുന്നണിയിലെ പ്രബലശക്തിയായി മാറിയിരുന്നു. എം.പി.വീരേന്ദ്രകുമാർ, കെ.ചന്ദ്രശേഖരൻ തുടങ്ങിയ മഹാരഥന്മാരായ നേതാക്കൾ ജനതാപാർട്ടിയുടെ തിളക്കം കൂട്ടി.

ചരൺസിംഗിന്റെ ലോക്ദൾ 1984ൽ എച്ച്.എൻ. ബഹുഗുണയുടെ നേതൃത്വത്തിലുള്ള ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയുമായി ലയിച്ച് ദളിത് മസ്ദൂർ കിസാൻ പാർട്ടിയായെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ ലോക്ദളായി മാറി. 1985ൽ രാജ് നരൈൻ സോഷ്യലിസ്റ്റ് പാർട്ടി പുന:സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ കാലശേഷം കെ.എ. ശിവരാമഭാരതി അതിന്റെ പ്രസിഡന്റായി. 87ൽ ലോക്ദൾ രണ്ടായി. ലോക്ദൾ എയും ബിയും. ചരൺസിംഗിന്റെ മകൻ അജിത് സിംഗ് എയുടെ നേതാവ്. എച്ച്.എൻ. ബഹുഗുണ ബിയുടെയും.

88ൽ ലോക്ദൾ-എ ചന്ദ്രശേഖറിന്റെ ജനതാപാർട്ടിയിൽ ലയിച്ചു. ജനതാ പാർട്ടി, ബഹുഗുണയുടെ ലോക്ദൾ-ബി, കോൺഗ്രസ് വിട്ടുവന്ന വി.പി. സിംഗ് രൂപീകരിച്ച ജനതാമോർച്ച എന്നിവരെല്ലാം ചേർന്ന് ജനതാദൾ ആകുന്നത് 1989ലാണ്.

കേരളത്തിലെ സോഷ്യലിസ്റ്റുകാർ അതിന്റെ ഭാഗമായി. അങ്ങനെ അവർ ജനതാദളുകാരായി.

ജനതാദൾ കേരളത്തിൽ

1991 മുതലിങ്ങോട്ട് ജനതാദൾ ആയാണ് കേരളത്തിലെ സോഷ്യലിസ്റ്റുകാർ പ്രവർത്തിച്ചത്. രാജീവ് ഗാന്ധി വധം സൃഷ്ടിച്ച തരംഗത്തിൽ ഇടതുപ്രതീക്ഷകൾ ഒലിച്ചുപോയപ്പോൾ ജനതാദളിനും ശക്തി ചോർന്നു. മൂന്ന് സീറ്റുകളിലൊതുങ്ങേണ്ടി വന്നു. ജനതാദൾ ഇടതുപക്ഷത്തെ ശക്തമായ മുഖമായി. രാജ്യം ആഗോളവത്കരണത്തിലേക്ക് ചുവടുവച്ച തൊണ്ണൂറുകളിൽ ഗാട്ടും കാണാച്ചരടുകളും എന്ന പുസ്തകമെഴുതി ഇടതുപക്ഷ നിലപാട് ഉച്ഛൈസ്ഥരം പ്രഖ്യാപിച്ചത് ജനതാദൾ നേതാവായ എം.പി. വീരേന്ദ്രകുമാറാണ്.

1996 ൽ 13 സീറ്റുകളിൽ ജനതാദൾ ഇടതുമുന്നണിയിൽ മത്സരിച്ചു. സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാൽ ഇടതുപാർട്ടിയെന്ന നിലയിൽ ഞെളിഞ്ഞുനിൽക്കാനായത് ജനതാദളിനാണ്. 13ൽ നാല് സീറ്റുകളിലേ വിജയിക്കാനായുള്ളൂ. 2001ൽ പത്ത് സീറ്റുകളിൽ മത്സരിച്ചു. മൂന്ന് സീറ്റുകൾ നേടി. അതിനിടയിൽ ജനതാദളിൽ അഖിലേന്ത്യാതലത്തിൽ പല പിളർപ്പുകളുണ്ടായി.

ജനതാ പാർട്ടിയിലെ പിളർപ്പ് പാരമ്പര്യം ജനതാദളിലും രാജ്യത്ത് ഇതിനിടയിൽ സംഭവിച്ചുകൊണ്ടിരുന്നു. എച്ച്.ഡി. ദേവഗൗഡയും എസ്.ആർ. ബൊമ്മൈയും മറ്റും ജനതാദൾ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര പോരാളികളായി. കർണാടകയിലെ സോഷ്യലിസ്റ്റ് പാരമ്പര്യം അവർ നിലനിറുത്തി. പഴയ ജെ.പി മൂവ്മെന്റിന്റെയൊക്കെ പിന്തുടർച്ചക്കാരായ നിതീഷ് കുമാറും ലാലുപ്രസാദ് യാദവുമൊക്കെ അധികാരരാഷ്ട്രീയത്തിന്റെ രുചിയറിഞ്ഞ് ബിഹാറിലെ സമ്പന്നമായിരുന്ന സോഷ്യലിസ്റ്റ് പാരമ്പര്യമൊക്കെ ഉപേക്ഷിച്ചു. നിതീഷ് മാത്രം ഐക്യ ജനതാദൾ ആയി ജാതിസ്വത്വത്തിന് പിറകേ പോകാതിരുന്നു. ദീർഘകാലം ബിഹാറിൽ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് കാലിത്തീറ്റ അഴിമതിയിൽ ശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ ജനതാദൾ ആയാണ് ലാലു നിലകൊണ്ടത്. ലാലുവിന്റെ കുടുംബാംഗങ്ങളാണ് അതിന്റെ പിന്മുറക്കാർ.

കേരളത്തിൽ 2009ലെ ജനതാദൾ സോഷ്യലിസ്റ്റ് എന്ന ഒറ്റ പാർട്ടിയായാണ് ജനതാഗ്രൂപ്പുകാരെല്ലാം നിലയുറപ്പിച്ചത്. എന്നാൽ സി.പി.എമ്മിനകത്തെ വിഭാഗീയതയിൽ വീരേന്ദ്രകുമാർ പക്ഷം പിടിക്കുന്നുവെന്ന തോന്നൽ സി.പി.എമ്മിലെ മറുവിഭാഗത്തിനുണ്ടായി. അതൃപ്തി വളർന്നുവന്നു. 2009ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിന് നിഷേധിക്കപ്പെട്ടത് ഇതിന്റെ തുടർച്ചയായി. വീരേന്ദ്രകുമാർ അപമാനിതനായി. വി.എസ് മന്ത്രിസഭയിൽ അംഗമായിരുന്ന മാത്യു.ടി.തോമസ് പാർട്ടി നിലപാടിന്റെ ഭാഗമായി പ്രതിഷേധസൂചകമായി മന്ത്രിസ്ഥാനമൊഴിഞ്ഞു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ കെ. കൃഷ്ണൻകുട്ടിയും വറുഗീസ് ജോർജും എം.എൽ.എമാരായിരുന്ന കെ.പി. മോഹനനും എം.വി. ശ്രേയാംസ് കുമാറും മറ്റും ഇടതുമുന്നണി തന്നെ വിട്ടു. മാത്യു.ടി.തോമസും ജോസ് തെറ്റയിലും ജനതാദൾ-എസ് ആയി ഇടതുമുന്നണിയിലുറച്ചുനിന്നു. മറ്റൊരു എം.എൽ.എ എം.കെ. പ്രേംനാഥ് ക്രമേണ വീരേന്ദ്രകുമാറിനൊപ്പം നീങ്ങി. ദേവഗൗഡയുടെ അഖിലേന്ത്യാ നേതൃത്വവും ഇവർക്കൊപ്പമായി.

വീരേന്ദ്രകുമാർ പുതിയ പാർട്ടിയുണ്ടാക്കി. കൂറുമാറ്റ പ്രശ്നം കാരണം കെ.പി. മോഹനനും ശ്രേയാംസ് കുമാറും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി തുടർന്നു. വീരേന്ദ്രകുമാറിന്റെ പാർട്ടി സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക് ആയിരുന്നു. അവർ യു.ഡി.എഫിന്റെ ഘടകകക്ഷിയായി. 2011ൽ ആറിടത്ത് മത്സരിച്ച് രണ്ട് സീറ്റ് നേടി. കെ.പി. മോഹനൻ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായി. ഇടതുമുന്നണിയിൽ അഞ്ചിടത്ത് മത്സരിച്ച ജനതാദൾ-എസ് നാലിലും വിജയിച്ചു. സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക് പിന്നീട് നിതീഷ് കുമാറിന്റെ ഐക്യ ജനതാദളിൽ ലയിച്ച് അഖിലേന്ത്യാ പാർട്ടിയായി. അതിന് കാരണം നിതീഷിന്റെ നേതൃത്വത്തിൽ ബി.ജെ.പി ബാന്ധവം ഉപേക്ഷിച്ച് വന്നതായിരുന്നു.

വീരേന്ദ്രകുമാറിന്റെ ഇടതുപക്ഷസ്വത്വം അദ്ദേഹത്തെ യു.ഡി.എഫ് ചേരിയിൽ തുടരാനനുവദിച്ചില്ല. യു.ഡി.എഫ് നല്ല പരിഗണന നൽകിയിട്ടും അദ്ദേഹത്തിന് അവിടം ഉപേക്ഷിക്കേണ്ടി വന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിലെ ദയനീയ തോൽവി അദ്ദേഹത്തിന്റെ നിരാശ വർദ്ധിപ്പിച്ചു. 2016ൽ രാജ്യസഭാംഗത്വം യു.ഡി.എഫ് അനുവദിച്ചിട്ടും 2017ൽ വീരേന്ദ്രകുമാറും കൂട്ടരും യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് ചേക്കേറി.

വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം ഒഴിഞ്ഞു. ഈ ഒഴിവിലേക്ക് ഇടതുമുന്നണി വീരേന്ദ്രകുമാറിനെ തന്നെ പരിഗണിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം മകൻ ശ്രേയാംസ് കുമാറിനെയും. നിതീഷിന്റെ ഐക്യജനതാദൾ ബി.ജെ.പി പാളയത്തിലേക്ക് ക്രമേണ തിരിച്ചുപോയി. ഇതോടെ നിതീഷിന്റെ പാർട്ടിയുടെ ഭാഗമായിരുന്ന ശരദ് യാദവും മറ്റും ലോക് താന്ത്രിക് ജനതാദൾ ആയി. വീരേന്ദ്രകുമാറും കൂട്ടരും ആ പാർട്ടിയായി.

എൽ.ജെ.ഡിയും കേരള രാഷ്ട്രീയവും

ഇടക്കാലത്തെ യു.ഡി.എഫ് ബാന്ധവമുപേക്ഷിച്ച് തിരിച്ചെത്തിയ എൽ.ജെ.ഡിയെ കൂടി മുന്നണിയിൽ പെട്ടെന്ന് തന്നെ ഇടതുമുന്നണി, പ്രത്യേകിച്ച് സി.പി.എം നേതൃത്വം ഉൾപ്പെടുത്താൻ സന്നദ്ധമായി. ജനതാദൾ-എസ് മുന്നണിയുടെ ഭാഗമാണ്. നേരത്തേ ഒരുമിച്ചായിരുന്ന സോഷ്യലിസ്റ്റുകാർ വീണ്ടും ഒരുമിച്ചായിയെന്ന നിലയിലേ സി.പി.എം ഇവരെ കാണുന്നുള്ളൂവെന്ന് വേണം കരുതാൻ. രണ്ട് പാർട്ടികൾക്കും സീറ്റുകളനുവദിക്കുന്നതൊക്കെ ഒറ്റ് ഗ്രൂപ്പ് എന്ന പരിഗണനയിലാണ്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് നാലും എൽ.ജെ.ഡിക്ക് മൂന്നും സീറ്റുകൾ നൽകിയത് 2006ൽ ജനതാദളിന് അനുവദിച്ച ഏഴ് സീറ്റ് എന്ന അനുപാതം നിലനിറുത്തിയാണ്. ഇരുപാർട്ടികൾക്കും പരിഭവമുണ്ടായിരുന്നെങ്കിലും മുന്നണിതാല്പര്യം മാനിച്ച് പ്രതിഷേധിച്ചില്ല. പക്ഷേ തുടർഭരണത്തിന് ശേഷം മന്ത്രിസഭാ രൂപീകരണമുണ്ടായപ്പോഴും ജനതാ ഗ്രൂപ്പുകൾക്ക് ഒരു മന്ത്രിയെന്ന പരിഗണന മാത്രമാണ് സി.പി.എം നൽകാൻ തയാറായത്. ഐ.എൻ.എൽ, കോൺഗ്രസ്-എസ്, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്-ബി എന്നിങ്ങനെ ഒറ്റ അംഗം വീതം മാത്രമുള്ള കക്ഷികൾക്ക് രണ്ടുവർഷം വീതം വച്ച് മന്ത്രിപദവി അനുവദിച്ചപ്പോൾ ഒറ്റ എം.എൽ.എ ഉള്ള എൽ.ജെ.ഡി തഴയപ്പെട്ടു. രണ്ടംഗങ്ങളുള്ള ജെ.ഡി.എസിന് ഒരു മന്ത്രിസ്ഥാനം കിട്ടി.

അപ്പോഴും 2022ൽ വരാനിരിക്കുന്ന രാജ്യസഭാ ഒഴിവിലേക്ക് വീണ്ടും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയാണ് എൽ.ജെ.ഡിയെ നയിച്ചതെന്ന് വേണം കരുതാൻ. മന്ത്രിസ്ഥാനം കിട്ടാതെ വന്നതിൽ അവർ പരിഭവിക്കാതിരുന്നത് അതുകൊണ്ടായിരുന്നു. പ്രസിഡന്റ് ശ്രേയാംസ് കുമാറിന്റെ മാത്രം താത്‌പര്യമാണോ കാര്യങ്ങളെ നിയന്ത്രിച്ചതെന്ന ചോദ്യം ക്രമേണ ഉയരാതിരുന്നില്ല.

എൽ.ജെ.ഡിക്കകത്ത് ആഭ്യന്തരമായ അസ്വസ്ഥതകൾ കൂടിവന്നു. വീരേന്ദ്രകുമാറിന്റെയും പിന്നീട് ശ്രേയാംസിന്റെയും വിശ്വസ്തനായിരുന്ന ഷേക് പി.ഹാരിസ് കുറേ പ്രവർത്തകർക്കൊപ്പം പാർട്ടി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നു.

രാജ്യസഭയിലേക്ക് ഒഴിവ് വന്നപ്പോൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ശ്രേയാംസിന് ലഭിച്ചില്ല. രണ്ട് ഒഴിവുകൾ സി.പി.എമ്മും സി.പി.ഐയും പങ്കിട്ടു. സി.പി.ഐ വിലപേശി വാങ്ങിയെടുത്തുവെന്ന് ശ്രേയാംസ് പരിഭവിച്ചു. എന്ത് കാര്യം!

എൽ.ജെ.ഡി ആർ.ജെ.ഡിയാകുമ്പോൾ

അഖിലേന്ത്യാ തലത്തിൽ ഇപ്പോൾ ലോക് താന്ത്രിക് ജനതാദൾ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ ലയിച്ചിരിക്കുന്നു. ഇതിനകം സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന്റെ പോക്കിൽ അസംതൃപ്തരായ നേതൃത്വത്തിലേതടക്കം പ്രബലവിഭാഗം ഈ ലയനത്തോട് മാനസികമായി യോജിക്കുന്നില്ലെന്ന് വേണം കരുതാൻ. ആർ.ജെ.ഡി ആയി നിന്നത് കൊണ്ടും ഇടതുമുന്നണിയിൽ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് അവർക്കറിയാം. സി.പി.എം അവരെ പ്രത്യേക പാർട്ടിയായി കാണാനേ പോകുന്നില്ല. അതുകൊണ്ട് ആത്മാഭിമാനം കാക്കാൻ ജനതാദൾ-എസിൽ ലയിക്കുന്നതല്ലേ നല്ലതെന്ന് അവരെല്ലാം ചിന്തിക്കുന്നു.

വിലപേശി മന്ത്രിസ്ഥാനം നേടിയെടുക്കാനായെങ്കിലോ എന്ന് വെറുതെ ഇപ്പോഴും മോഹിക്കുന്ന കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനൻ ഒരുപക്ഷേ ജെ.ഡി.എസുമായി ഇപ്പോൾ ലയിക്കുന്നത് ബുദ്ധിമോശമാകുമെന്ന് ചിന്തിക്കുന്നുണ്ടാകാം. ശ്രേയാംസ് കുമാറിന് പോലും ഒരു പരിധിക്കപ്പുറത്തേക്ക് ആർ.ജെ.ഡിയായി നിൽക്കാനാവാത്ത സ്ഥിതിയാണ്.

ജെ.ഡി.എസുമായി ലയിച്ചാൽ ഉള്ള മാനമെങ്കിലും പോകാതെ നിലനിറുത്താമെന്ന് ചിന്തിക്കുന്നവരാണ് എൽ.ജെ.ഡിയിലുള്ള നേതാക്കളിലും പ്രവർത്തകരിലും ഏറിയ കൂറും. അതുകൊണ്ട് ആ ലയനം യാഥാർത്ഥ്യമാകുന്നതിലേക്ക് അവർ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. എം.വി. ശ്രേയാംസ് കുമാറുമായി 24ന് ഡൽഹിയിൽ പുതിയ ആർ.ജെ.ഡിയുടെ അഖിലേന്ത്യാ നേതൃത്വം നടത്താനിരിക്കുന്ന ചർച്ചയിലേക്കും ഏവരും ഉറ്റുനോക്കുന്നുണ്ട്.

രൂപീകരണകാലം മുതൽ തുടർന്നുവരുന്ന പിളർപ്പ്, ലയനം എന്നീ വ്യാധികളാണ് സ്വാതന്ത്ര്യസമരകാലത്തെ പ്രതാപികളായിരുന്ന സോഷ്യലിസ്റ്റുകളുടെ ദുരന്തമായി തുടരുന്നത്. അതിൽ നിന്നൊരു മോചനമുണ്ടാകുമോ? രാഷ്ട്രീയമല്ലേ, എല്ലാം കണ്ടുതന്നെ അറിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOCIALIST PARTY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.