SignIn
Kerala Kaumudi Online
Thursday, 25 April 2024 1.53 PM IST

കണക്കിൽ പിഴക്കാത്ത സി.എച്ച്.കണാരൻ

kanaran

കണ്ണൂർ: തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്ര സമർത്ഥനായ സംഘാടകനെ ഞാൻ കണ്ടിട്ടില്ല' 'ഒരു പ്രദേശത്ത് പ്രത്യേകസംഭവമുണ്ടായാൽ പാർട്ടിപ്രവർത്തകരെയെല്ലാം കോർത്തിണക്കി ഇതിന്റെ പ്രസിദ്ധീകരണം ഉൾപ്പെടെ ആസൂത്രണം ചെയ്തിട്ടാകും സി.എച്ച് എത്തുക' - എ.കെ.ജിയുടെ ഈ വാക്കുകളിലുണ്ട് സി.പി.എമ്മിന്റെ ആദ്യ സംസ്ഥാന സെക്രട്ടറി സി.എച്ച് കണാരന്റെ വ്യക്തിത്വം. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിവന്ന് സി.പി.എം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് കൈമുതലായത് ഈ ആത്മവീര്യമാണ്.

1942 ൽ ബോംബെയിൽ നടന്ന സി.പി.എം പാർട്ടി പ്ലീനത്തിൽ കേരളത്തെ പ്രതിനിധീകരിച്ചത് സി.എച്ചും കൃഷ്ണപിള്ളയുമായിരുന്നു. 1946ൽ മദിരാശി നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. 1948ൽ രണ്ടാം കോൺഗ്രസ്സിനെത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ രാജ്യത്ത് നിരോധിച്ചപ്പോൾ സി.എച്ചും ഒളിവിലായി. 1957 ൽ നാദാപുരം മണ്ഡലത്തിൽ നിന്നും ജയിച്ച് ഒന്നാം കേരള നിയമസഭയിലെത്തി. ചരിത്രത്തിലിടം നേടിയ ഭൂപരിഷകരണ നിയമത്തിന്റെ മുഖ്യശിൽപികളിൽ ഒരാളും സി.എച്ച്.കണാരനായിരുന്നു.

1932ൽ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ കണാരനും സജീവ പങ്കാളിയായി. ഈ കാലത്ത് ബ്രിട്ടീഷ് സർക്കാരിനെതിരെ പ്രസംഗിച്ചതിന് പതിമൂന്നുമാസത്തെ തടവുശിക്ഷ അനുഭവിച്ചു. ജയിൽ വാസക്കാലത്ത് പലനേതാക്കളുമായി പരിചയപ്പെടാൻ സാധിച്ചത് നിർണായകമായി. ജയിൽ മോചിതനായ ശേഷം അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇതെ കാലത്ത് യുക്തിവാദികളെ സംഘടിപ്പിച്ച് സ്വതന്ത്രചിന്താസമാജത്തിനു രൂപം നൽകി. കേരളത്തിൽ സോഷ്യലിസ്റ്റ് ചിന്താഗതി പ്രചരിക്കുന്ന ഒരു സമയമായിരുന്നു അത്. ഇ.എം.എസ്സിന്റേയും, പി.കൃഷ്ണപിള്ളയുടേയും നേതൃത്വത്തിൽ രൂപം കൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് സി.എച്ചും ആകർഷിക്കപ്പെട്ടു.ന്യൂ ഡർബാർ ബീഡി കമ്പനിയിലെ സമരത്തെത്തുടർന്ന് ജയിലിലായ സി.എച്ച് പുറത്തു വന്നത് കമ്മ്യൂണിസത്തിന്റെ പുത്തൻ ആശയങ്ങൾ മനസ്സിലിട്ടായിരുന്നു. കേരളത്തിൽ ആ സമയത്ത് സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ എല്ലാവരും കമ്മ്യൂണിസത്തിലേക്കു മാറുകയായിരുന്നു.സി.പി.എം രൂപംകൊണ്ട ശേഷം ചെറിയ ഇടവേള ഒഴിച്ചാൽ 1972ൽ മരിക്കും വരെ സംസ്ഥാന സെക്രട്ടറിയായിരുന്നു സി.എച്ച്.

ബീഡി തൊഴിലാളികളെ ഒപ്പം നിറുത്തി തുടക്കം

തലശ്ശേരിയിലുള്ള ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് 1936-37 കാലഘട്ടത്തിൽ തലശ്ശേരിയിൽ നിന്നും കുറ്റിയാടിവരെ ജാഥ നയിച്ചതാണ് സി.എച്ച് നേതൃത്വം കൊടുത്ത ആദ്യസമരം. തലശ്ശേരി ബീഡിതൊഴിലാളി യൂണിയനെ ഒരു വർഗ്ഗസംഘടനയാക്കി മാറ്റിയത് കണാരന്റെ നേതൃത്വത്തിലുള്ള സംഘടനാ പ്രവർത്തനങ്ങളാണ്. ന്യൂഡർബാർ ബീഡി കമ്പനിയിൽ നടത്തിയ സമരങ്ങൾ അദ്ദേഹത്തെ തൊഴിലാളികൾക്കിടയിൽ ഒരു മികച്ച നേതാവായി ഉയർത്തി. ഈ പണിമുടക്കിനെത്തുടർന്ന് അദ്ദേഹത്തിന് ജയിൽവാസമനുഷ്ഠിക്കേണ്ടി വന്നു. വടക്കൻ കേരളത്തിൽ നടന്ന പല കർഷകസമരങ്ങളിലും കണാരൻ നേതൃസ്ഥാനത്തു നിന്നു.

കണക്കിലെ മിടുക്ക് രാഷ്ട്രീയത്തിലും
അഴിയൂരിലെ വ്യാപാരി അനന്തന്റെയും കോടിയേരി പുന്നോൽ ചീക്കോളി കാരായി നാരായണിയുടെയും മകനായാണ് ജനനം. മെട്രിക്കുലേഷൻ പരീക്ഷയിൽ നൂറിൽ തൊണ്ണൂറ്റിയൊമ്പത് മാർക്ക് വാങ്ങിയ സി.എച്ച് കണാരന്റെ രാഷ്ട്രീയത്തിലെ കണക്കും ഒരിക്കലും പിഴച്ചില്ല. പഠനശേഷം സജീവ രാഷ്ട്രീയപ്രവർത്തകനായി. തലശേരിയിൽ നടന്ന വിദേശവസ്ത്ര ബഹിഷ്‌കരണസമരത്തിൽ മുൻപന്തിയിലുണ്ടായിരുന്നു. 1935ൽ കോൺഗ്രസ് –സോഷ്യലിസ്റ്റ് പാർട്ടി യിൽ ചേർന്നു. ബീഡി നെയ്ത്ത് തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചു.

സി.പി. എം നേതൃത്വത്തിൽ
ഏഴാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാർടിയെ നിരോധിച്ചപ്പോൾ വീണ്ടും ജയിലിലായി. സി എച്ച് ജനിച്ച് വളർന്ന പുന്നോലിലെ വീട്ടുകാർ ഇന്നും കമ്യൂണിസ്റ്റ് പാരമ്പര്യം നെഞ്ചേറ്റുന്നു. പാർടി നിരോധന കാലത്ത് ഈ വീടും കണ്ടുകെട്ടാൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ വീട് അമ്മയുടെ സഹോദരിയുടെ പേരിലേക്ക് മാറ്റി. ഇവരുടെ പിൻമുറക്കാരാണ് ഇപ്പോൾ താമസിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.