തൃശൂർ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നാടകശിൽപ്പശാല 24 മുതൽ 27 വരെയുള്ള തീയതികളിൽ എരവിമംഗലം ഗ്രാമീണ വായനശാലയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 24ന് രാവിലെ പത്തിന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. അന്ന് വൈകീട്ട് നാടകസംവാദത്തിന്റെയും അനുബന്ധ പരിപാടികളുടെയും ഉദ്ഘാടനം കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ നിർവഹിക്കും.
തുടർന്ന് നാടകഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും ജയചന്ദ്രൻ തകഴിക്കാരൻ അവതരിപ്പിക്കുന്ന ഇ.സി.ജി എന്ന നാടകവും അരങ്ങേറും. രണ്ടാം ദിവസം നാടകമാദ്ധ്യമ പ്രവർത്തകൻ കെ. ഗിരീഷ് ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും. വൈകീട്ട് പാവക്കൂത്ത്, കഥകളിസംഗീതം എന്നീ കലാരൂപങ്ങളും വേലൂർ ഗ്രാമകം അവതരിപ്പിക്കുന്ന ഓന്ത് എന്ന നാടകവും ഉണ്ടാകും. മൂന്നാംദിനം കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സംവിധായകൻ പ്രിയനന്ദനൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തൃശൂർ ജനനയനയുടെ പെണ്ണാവിഷ്ക്കാരം ദൃശ്യരൂപമാണ് അന്ന് വൈകീട്ട് പൊതുവേദിയിൽ അവതരിപ്പിക്കുക.
27ന് വൈകീട്ട് 3.30ന് മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കുന്നത് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി. തങ്കം ടീച്ചറാണ്.18നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം. വാർത്താസമേളനത്തിൽ വി.കെ. ഹാരിഫാബി, കെ.എൻ. ഭരതൻ, വി. മുരളി, കാദർ പട്ടേപാടം, രാജൻ എലവത്തൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |