വികസനത്തിനായി ഹ്രസ്വ, മദ്ധ്യ, ദീർഘകാല പദ്ധതികൾ
തിരുവനന്തപുരം: ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചിട്ട് 60 വർഷം തികഞ്ഞു. 1957 ഡിസംബർ 11ന് അന്നത്തെ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന മൊറാർജി ദേശായിയാണ് മില്ലിന് തറക്കല്ലിട്ടത്. തുടർന്ന് 1962 മാർച്ച് 15ന് അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള, ഗവർണ്ണർ വി.വി. ഗിരിയുടെ സാന്നിദ്ധ്യത്തിൽ മിൽ ഉദ്ഘാടനം ചെയ്തു. 1962ൽ പ്രവർത്തനം ആരംഭിച്ച മിൽ 2002ൽ പ്രവത്തനം നിറുത്തുകയും പിന്നീട് 2009 ഓഗസ്റ്റ് 31ന് ഓപ്പൺ എന്റ് സ്പിന്നിംഗ് മില്ലായി പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. ഇതിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് നിർവഹിച്ചത്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ട്രിവാൻഡ്രം സ്പിന്നിംഗ് മില്ല് വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. ഇത് പ്രഥമ, മദ്ധ്യ, ദീർഘകാല പദ്ധതികളായി തരംതിരിച്ച് പ്രാവർത്തികമാക്കാനും ആരംഭിച്ചിട്ടുണ്ട്. ഹ്രസ്വകാല പദ്ധതി പ്രകാരം മില്ലിൽ പുതിയ ഒ.എഫ് മെഷീൻ പ്രവർത്തനസജ്ജമാകുന്നതോടെ കമ്പനിയുടെ ഉത്പാദന ക്ഷമത ഇരട്ടിയാകുമെന്ന് അധികൃതർ പറഞ്ഞു. മദ്ധ്യകാല പദ്ധതിയിൽ കമ്പനിയിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതോടൊപ്പം പഴക്കം ചെന്ന മെഷീനുകൾ മാറ്റി അതിനൂതന സാങ്കോതികവിദ്യയുള്ള മെഷീനുകൾ സ്ഥാപിക്കുന്നതിലൂടെ കമ്പനിയുടെ വിറ്റുവരവ് വർദ്ധിക്കും. ദീർഘകാല പദ്ധതി പ്രകാരം ഒരു എയർ ജെറ്റ് സ്പിന്നിംഗ് സ്ഥാപിക്കുന്നതോടെ കമ്പനി വൈവിദ്ധ്യ വത്കരണത്തിലേക്ക് കടക്കും. ഈ സാമ്പത്തിക വർഷം തന്നെ ഹ്രസ്വകാല പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
കടൽ കടന്നത് 7.5 ലക്ഷം കിലോ നൂൽ
2018 മുതൽ 2020 വരെ 7.5 ലക്ഷം കിലോ നൂൽ വിദേശത്തേക്ക് കയറ്റുമതി ചെയ്തതു വഴി കേരളത്തിൽ ടെക്സ്റ്റയിൽ മേഖലയിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കമ്പനിയായി ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് മാറി.
ഗാർമെന്റ് യൂണിറ്റ്
സർക്കാരിന്റെ രണ്ടാം നൂറുദിന പദ്ധതിയുടെ ഭാഗമായി അമ്പതുപേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന ഒരു ഗാർമെന്റ് യൂണിറ്റ് പ്രവർത്തന സജ്ജമാക്കുമെന്ന് അധികൃതർ പറഞ്ഞു.
യാൺ ബാങ്ക്
സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്കായി കൈത്തറി മേഖലക്കും ബാലരാമപുരം കൈത്തറി മേഖലയ്ക്കും വേണ്ടി നൂൽ വിതരണം ചെയ്യുന്നതിന് ഒരു യാൺ ബാങ്ക് 2019 ജനുവരി മുതൽ പ്രവർത്തനമാരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |