SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.40 PM IST

ഓട്ടോ - ടാക്‌സി നിരക്ക് കൂട്ടുമ്പോൾ

auto

സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കു വർദ്ധന എന്നുമുതൽ നടപ്പാകുമെന്നേ ഇനി അറിയാനുള്ളൂ. ഇന്ധനവില ഉയർന്നുയർന്നു പോകുന്ന സാഹചര്യത്തിൽ വാടകവാഹനങ്ങളുടെ നിരക്കും ആനുപാതികമായി വർദ്ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ നൽകിക്കഴിഞ്ഞു. സർക്കാരും അതേ വഴിക്കാണ് ചിന്തിക്കുന്നതെന്ന് ഗതാഗതമന്ത്രി ആന്റണിരാജുവും സൂചിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭ ഔപചാരികമായി അംഗീകരിക്കുന്നതോടെ നിരക്കുവർദ്ധന പ്രാബല്യത്തിലാകും.

ഓട്ടോറിക്ഷയുടെ മിനിമം കൂലി 25 രൂപയിൽ നിന്ന് 30 രൂപയാക്കണമെന്നാണ് കമ്മിഷൻ ശുപാർശ. തൊണ്ണൂറ്റൊമ്പതു ശതമാനം ഓട്ടോകളും നിലവിൽ ഈ നിരക്കിൽത്തന്നെയാണ് ഓടുന്നതെന്ന കാര്യം ഒരുപക്ഷേ കമ്മിഷൻ അറിഞ്ഞുകാണില്ല. ഓട്ടോയുടെ കിലോമീറ്റർ നിരക്ക് 12 രൂപയിൽ നിന്ന് 15 രൂപയായി ഉയർത്തണമെന്നും ശുപാർശയുണ്ട്. അതുപോലെ നഗരപരിധിക്കു പുറത്ത് അധിക നിരക്ക് നൽകണമെന്ന നിബന്ധന അതേപടി തുടരും. രാത്രി ഓട്ടത്തിനും പ്രത്യേക നിരക്ക് നൽകേണ്ടിവരും. ടാക്‌സി വാഹനങ്ങൾക്ക് അവയുടെ വലിപ്പമനുസരിച്ചാകും നിരക്ക്. മിനിമം ചാർജ് 210, 240 എന്നിങ്ങനെ പുതുക്കാമെന്നാണു ശുപാർശ. കിലോമീറ്റർ ചാർജ് ചെറിയ കാറുകൾക്ക് 18 രൂപയും വലിയ കാറുകൾക്ക് 20 രൂപയുമാക്കാമെന്നാണു നിർദ്ദേശം.

ഇന്ധനത്തിന് ദിവസേനയെന്നോണം വില കൂടിക്കൊണ്ടിരിക്കെ വാടക വാഹനങ്ങൾക്ക് യാത്രക്കൂലി വർദ്ധിപ്പിക്കുന്നത് പൊതുവേ അംഗീകരിക്കാമെങ്കിലും സർക്കാർ വിജ്ഞാപനം ചെയ്യുന്ന നിരക്കിലും അധികം ഈ‌ടാക്കുമ്പോഴാണ് പരാതികൾ ഉയരാറുള്ളത്. ഒരു ശതമാനം യാത്രക്കാർ പോലും അമിത നിരക്കിനെതിരെ പരാതി പറയാൻ മിനക്കെടുകയില്ല. ഈ രംഗത്ത് യാത്രക്കാർ ചൂഷണത്തിനിരയാകുന്നത് മറച്ചുവച്ചിട്ടു കാര്യമില്ല. പട്ടണത്തിലായാലും ഗ്രാമത്തിലായാലും ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കണം. നിരക്കുകൾ വാഹനത്തിൽത്തന്നെ പ്രദർശിപ്പിക്കുകയും അതനുസരിച്ചു മാത്രം കൂലി വാങ്ങുകയും ചെയ്താൽ തർക്കവും വഴക്കും ഒഴിവാക്കാനാകും. മടക്കയാത്രയ്ക്കുള്ള ചെലവു കൂടി കണക്കാക്കിയാവും നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്നതിനാൽ അധികതുക ആവശ്യപ്പെട്ടുകൂടാത്തതാണ്. എന്നാൽ പല സ്ഥലത്തും തോന്നുംപടിയാണ് കാര്യങ്ങൾ. മീറ്ററിൽ കാണുന്ന നിരക്കുമാത്രം വാങ്ങുകയും യാത്രക്കാരോട് വളരെ നന്നായി പെരുമാറുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷം പേരും. അത്തരക്കാർക്കുകൂടി പേരുദോഷം വരുത്തുന്ന കുറെപ്പേരും കൂട്ടത്തിലുണ്ട്. മുംബയ് നഗരത്തിലും മറ്റുമുള്ളതുപോലെ വാടക പങ്കിട്ട് വാഹനം വിളിക്കുന്ന സമ്പ്രദായം ഇവിടെയും പരീക്ഷിക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ നിരന്തരം ഓട്ടം ലഭിക്കും. യാത്രക്കാർക്കും വാടക ഇനത്തിൽ ആശ്വാസം ലഭിക്കും.സംസ്ഥാനത്ത് ഓട്ടോ - ടാക്സി നിരക്കുകൾ സർക്കാർ അവസാനമായി വർദ്ധിപ്പിച്ചത് 2018-ലാണ്. ഇക്കഴിഞ്ഞ നാലുവർഷത്തിനിടയിൽ ഇന്ധനവിലയിൽ വന്ന വൻവർദ്ധന താങ്ങാവുന്നതിലും അധികമാണ്. വാടക നിരക്കുകൾ നേരത്തേതന്നെ നീതിയുക്തമായി വർദ്ധിപ്പിക്കേണ്ടതായിരുന്നു. ഓട്ടോകളും ടാക്സികളും മാത്രമല്ല ഇന്ധന വിലക്കയറ്റത്തിൽ പിടഞ്ഞുകൊണ്ടിരിക്കുന്നത്. ഗതാഗതമേഖലയാകെ ഇതിന്റെ ദുരിതമനുഭവിച്ചുവരികയാണ്. ബസ് നിരക്കുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ പണിമുടക്കു പ്രഖ്യാപിച്ചുകഴിഞ്ഞു. ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നഷ്ടം നികത്താൻ സർക്കാരുള്ളതിനാൽ അവർക്കു വലിയ വേവലാതിയൊന്നുമില്ല. ചരക്കു വാഹനങ്ങൾ കാലാകാലങ്ങളിൽ സ്വയം വാടക ഉയർത്തിക്കൊണ്ടിരിക്കുന്നതിനാൽ വിപണികളിൽ അതിന്റെ പ്രതിഫലനം കാണാം. വാടക നിരക്കുകൾ ഇപ്പോൾ പുതുക്കി നിശ്ചയിച്ചാലും ഇന്ധന വില അടിക്കടി മാറിക്കൊണ്ടിരിക്കുന്നതിനാൽ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. വാടക വാഹനങ്ങൾ ഓടിച്ച് ജീവിക്കുന്നവർ വല്ലാത്ത വിഷമവൃത്തത്തിലാണ് ചെന്നുപെട്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO TAXI FARE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.