SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.29 PM IST

പ്രതിഷേധം അലയടിച്ചു; എസ്.എൻ.ഡി.പി യൂണിയൻ മന്ദിരം തിരികെക്കിട്ടാൻ മാർച്ചും ധർണ്ണയും

sree-kili

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം യൂണിയനു വേണ്ടി ശാസ്തമംഗലത്ത് വാങ്ങിയ ബഹുനില മന്ദിരവും യൂണിയനു വേണ്ടി ചിട്ടി നടത്തിയ പണവും എട്ടു വർഷമായി കൈവശം വച്ചിരിക്കുന്ന മുൻ യൂണിയൻ സെക്രട്ടറി ചന്ദ്രബാബു അവ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗത്തിന്റെ ജില്ലയിലെ പ്രവർത്തകർ മാർച്ചും ധർണ്ണയും നടത്തി. മ്യൂസിയം ജംഗ്‌ഷനിലെ ശ്രീനാരായണ പ്രതിമയ്ക്കു സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് ശാസ്തമംഗലത്ത്,​ ചന്ദ്രബാബുവിന്റെ ഓഫീസിനു സമീപം ബാരിക്കേഡ് തീർത്ത് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ച് ധർണ്ണ നടത്തി. ധർണ്ണ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്‌ഘാടനം ചെയ്‌തു.


സമുദായത്തിനെതിരെയുള്ള നീതിനിഷേധങ്ങളെ പ്രതിരോധിച്ച് 25 വർഷമായി യോഗത്തെ നയിക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുമൊപ്പം ശാഖാ പ്രവർത്തകർ ഒറ്റക്കെട്ടായി അണിനിരക്കുന്ന ഈ സമയത്ത് കുലദ്രോഹികളായ ചിലർ സമുദായത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തെ ദുർബലപ്പെടുത്താൻ സമുദായത്തിനുള്ളിൽ നിന്നുതന്നെ ആളുകൾ വരുന്നത് കുമാരനാശാൻ യോഗം ജനറൽ സെക്രട്ടറിയായിരുന്ന കാലം മുതൽക്കേ ഉണ്ട്. അത്തരം വിലപേശലുകൾക്കു മുന്നിൽ തകർന്നുവീഴുന്ന പ്രസ്ഥാനമല്ല ഇത്.


കേരളത്തിലെ ആദ്യത്തെ നവോത്ഥാന പ്രസ്ഥാനമായ എസ്.എൻ.ഡി.പി യോഗത്തെ പിരിച്ചുവിടാൻ ചിലർ കോടതിയിൽ കേസുമായി നടക്കുകയാണ്. നിലവിൽ 32 ലക്ഷം അംഗങ്ങളുള്ള എസ്.എൻ.ഡി.പി യോഗത്തിൽ പ്രാതിനിദ്ധ്യവോട്ട് സമ്പ്രദായം കൊണ്ടുവന്നത് 1974-ലാണ്. എൻ.എസ്.എസ് അടക്കമുള്ള സമുദായ സംഘടനകളിലും ഈ രീതിയാണ്. വസ്തുത ഇതായിരിക്കെയാണ് യോഗത്തെ തകർക്കാൻ ചിലർ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
സാധാരണക്കാരായ യോഗം പ്രവർത്തകരിൽ നിന്ന് പിരിവെടുത്തു വാങ്ങിയ യൂണിയൻ മന്ദിരം ചന്ദ്രബാബു കൈവശം വച്ചിരിക്കുന്നത് ശരിയായ നടപടിയല്ല. സംഘടനയ്ക്ക് അവകാശപ്പെട്ടത് തിരികെ നൽകുക തന്നെ വേണം. ഇതിനാണ് സൂചന സമരമെന്നും മന്മഥൻ പറഞ്ഞു.

ഡോ.പി .പൽപ്പു സ്മാരക എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഡി. പ്രേംരാജ്, മേലാംകോട് സുധാകരൻ, സുപ്രിയാ സുരേന്ദ്രൻ, നെടുമങ്ങാട് രാജേഷ്, മോഹൻദാസ്, പരുത്തിപ്പള്ളി സുരേന്ദ്രൻ, വീരണകാവ് സുരേന്ദ്രൻ, ടി.എൻ. സുരേഷ്, തോട്ടം കാർത്തികേയൻ, വേണു കാരണവർ, ആവണി ശ്രീകണ്ഠൻ, ചൂഴാൽ നിർമ്മലൻ, അജി എസ്.ആർ.എം, ഇടവക്കോട് രാജേഷ്, പച്ചയിൽ സന്ദീപ്, എബിൻ അമ്പാടിയിൽ, വിപിൻരാജ്‌, കെ. പദ്മകുമാർ, മഞ്ഞമല സുബാഷ്, സഭവിള ബിജു, ശ്രീജിത്ത് മേലാംകോട്, ഹരി വിജയൻ, എം.കെ. ദേവരാജൻ, അനീഷ്‌ പുല്ലുവേലിൽ, അരുൺ സി. ബാബു, സബീൻ വർക്കല, കുളത്തൂർ ജ്യോതി, മുകേഷ് മണ്ണന്തല, വിനോദ് മുല്ലൂർ, ഗീതാ മധു, ചവറ അനീഷ്‌ തുടങ്ങിയവർ നേതൃത്വം നൽകി. അനീഷ്‌ ദേവൻ സ്വാഗതവും ആലുവിള അജിത് നന്ദിയും പറഞ്ഞു. വനിതാ പ്രവർത്തകർ ഉൾപ്പെടെ മാർച്ചിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNDP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.