SignIn
Kerala Kaumudi Online
Thursday, 25 April 2024 6.41 AM IST

'വെട്ടിയ തല'യുമായി തട്ടിപ്പ്; വല വിരിച്ച് പൊലീസ്

morph

തൃശൂർ: സമൂഹമാദ്ധ്യമങ്ങളിൽ ഫോട്ടോകളും വീഡിയോകളും ആവശ്യത്തിനും അനാവശ്യത്തിനും പോസ്റ്റ് ചെയ്യുന്നവർ കരുതിയിരിക്കണം. ഫോട്ടോയിൽ നിന്ന് 'വെട്ടിയ തല' മോർഫ് ചെയ്തും ഭീഷണിപ്പെടുത്തിയും പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാണ്. തൃശൂരിലെ ഒരു സ്ത്രീയുടെ പരാതിയിൽ തൃശൂർ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.

വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന പ്രൊഫൈൽ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും സൈബർ ക്രിമിനലുകൾ ഡൗൺലോഡ് ചെയ്യുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇത്തരം ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും തലഭാഗം മോർഫ് ചെയ്ത് അശ്ലീല ചിത്രത്തോട് കൂട്ടിച്ചേർക്കും. അതിനുശേഷം അത്തരത്തിലുള്ള നഗ്‌നചിത്രം വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട് എന്നിവ വഴി സ്വകാര്യമായി അയച്ചു തരും.

ഇത്തരം നഗ്‌നചിത്രങ്ങൾ യഥാർത്ഥ ചിത്രമെന്നു തോന്നിക്കുന്നതായിരിക്കും. ഇത് കാണുന്നതോടെ അതീവ സമ്മർദ്ദത്തിലാകുമ്പോൾ, അൽപ്പസമയത്തിനകം തട്ടിപ്പുകാരിൽ നിന്നും വീണ്ടും സന്ദേശമെത്തും. ഇത് നിങ്ങളുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും സോഷ്യൽ മീഡിയകളിലേക്ക് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. പണം ആവശ്യപ്പെടും. അതിനായി ബാങ്ക് അക്കൗണ്ട് അയച്ചു തരും. അതിലേക്ക് ഉടനടി പണമയക്കാൻ നിർബന്ധിക്കും. ഇത്തരത്തിൽ സന്ദേശം വരുന്നത് തിരിച്ചറിയാൻ കഴിയാത്ത വിദേശ ഫോൺ നമ്പറുകളിൽ നിന്നുമായിരിക്കും.

പൊലീസിനെ അറിയിച്ചാലും ക്രിമിനലുകളെ പിടിക്കാൻ കഴിയുകയില്ലെന്ന് അവർ വീണ്ടും ഭീഷണിപ്പെടുത്തും. യഥാർത്ഥമെന്ന് ആർക്കും തോന്നിപ്പിക്കുന്ന ചിത്രങ്ങൾ കണ്ട് ഗത്യന്തരമില്ലാതെ പണം അയച്ചു നൽകുന്നവരുമുണ്ട്. പണം ആവശ്യപ്പെട്ട് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയെന്ന സ്ത്രീയുടെ പരാതി തൃശൂർ സിറ്റി പൊലീസ് സൈബർക്രൈം സ്റ്റേഷനിൽ ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമായത്.

  • കേന്ദ്രം വടക്കേ ഇന്ത്യ

എല്ലാ സൈബർ തട്ടിപ്പുകൾക്കും കേന്ദ്രമാകുന്നത് വടക്കെഇന്ത്യയാണ്. ഇവരും വടക്കെ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പുകാരാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവർ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. സൈബർ ക്രിമിനലുകൾക്ക് ഒരിക്കലും പണം കൊടുക്കരുതെന്നും അവർ ഭീഷണി തുടർന്ന് വീണ്ടും പണം ആവശ്യപ്പെടുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

  • പരാതിപ്പെടാം

തൃശൂർ സിറ്റി പൊലീസ് സൈബർ ക്രൈം സ്റ്റേഷൻ ഇ- മെയിൽ വിലാസം: cyberpstsr.pol@kerala.gov.in

  • സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട:

സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യമ്പോൾ പരമാവധി ജാഗ്രത പുലർത്തുക.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ പ്രൊഫൈൽ ചിത്രങ്ങൾ ഫ്രണ്ട്‌സ് ഓൺലി രീതിയിലേക്ക് മാറ്റുക.
സോഷ്യൽ മീഡിയയിലെ ഫ്രണ്ട്‌സ് ലിസ്റ്റിലേക്ക് നേരിട്ട് അറിയാവുന്നവരെ മാത്രം ഉൾപ്പെടുത്തുക.
മറ്റ് അക്കൗണ്ടുകളിലേയും ഫേക്ക് ഐഡികളിലേയും സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കാതിരിക്കുക.
സമചിത്തതയോടെ പ്രതികരിക്കുക, സൈബർ കുറ്റവാളികളുടെ രീതികളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കുക.
പ്രശ്‌നങ്ങളെക്കുറിച്ച് രക്ഷിതാക്കളോടും, സുഹൃത്തുക്കളോടും, ബന്ധുക്കളോടും തുറന്നുപറയുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.