പാലക്കാട്: ജില്ലയിൽ ആദ്യമായി ജെൻഡർ ബഡ്ജറ്റ് അവതരിപ്പിച്ച് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്. 2022 - 23 വർഷത്തേക്ക് 83.58 കോടി രൂപ വരവും 83.55 കോടി ചെലവും 3.15 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ജെൻഡർ ബജറ്റായി ആലത്തൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി.ബിനുവാണ് അവതരിപ്പിച്ചത്. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വൃദ്ധർ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മുൻഗണന നൽകിക്കൊണ്ടാണ് ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് ആവശ്യമായ പദ്ധതികൾ ബ്ലോക്ക് വിഭാവനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളെ വൃദ്ധജന, സ്ത്രീ, ഭിന്നശേഷി, ശിശു സൗഹൃദമാക്കുന്നതിനും കാർബൺ സന്തുലിതമാക്കുന്നതിനും ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നു. വനിതകൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി. കൂടാതെ ഓരോ പദ്ധതിയിലും 50% തുക സ്ത്രീകൾക്കായാണ് വകയിരുത്തിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ബഡ്ജറ്റ് നയപ്രഖ്യാപനം നടത്തി. ബഡ്ജറ്റ് അവതരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വി.വി.കുട്ടികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രേംകുമാർ, രമേശ്കുമാർ, കവിതാ മാധവൻ, ജോയിന്റ് ബി.ഡി.ഒ എം കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ ബഷീർ, എന്നിവർ സംസാരിച്ചു.
സുസ്ഥിര വികസനം, സുതാര്യത, തുല്യ പങ്കാളിത്തം, തുല്യനീതി എന്നിവയിലൂടെ കാർഷിക മേഖലയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള 'നിറസമൃദ്ധി' പദ്ധതിക്ക് 1.25 കോടി രൂപ.
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ സ്ഥാപനങ്ങളെ ജെൻഡർ സൗഹൃദമാക്കുന്നതിനും 'തളരുന്നവർക്ക് തണലായി' പദ്ധതിക്ക് രണ്ട് കോടി.
സമ്പൂർണ ഭവന നിർമ്മാണ പദ്ധതിക്ക് 1.5 കോടി.
അതിദാരിദ്ര്യ ലഘൂകരണത്തിന് 25 ലക്ഷം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേഖലയിൽ 66 കോടി.
ക്ഷീര മേഖലയിൽ സ്വയം പര്യാപ്തതയ്ക്കായി ക്ഷീരസാഗരം പദ്ധതിക്ക് 50 ലക്ഷം. ഇതിൽ 20 ലക്ഷം പൂർണമായും സ്ത്രീകൾക്കായാണ് മാറ്റിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |