SignIn
Kerala Kaumudi Online
Friday, 19 April 2024 6.54 AM IST

ആവർത്തന പട്ടിക നിരത്തിയ ബഡ്‌ജറ്റ്

budjet

 നഗരവാസികൾക്ക് നിരാശ  വൻകിട പദ്ധതികൾക്ക് സ്ഥലമില്ല

തിരുവനന്തപുരം: മുൻ ബഡ്‌ജറ്റുകളിൽ അവതരിപ്പിച്ച് കൈയടി നേടിയ പദ്ധതികൾ പൊടിതട്ടിയെടുത്ത് പേരും തുകയും മാറ്റി അവതരിപ്പിച്ചതാണ് നഗരസഭാ ബഡ്‌ജറ്റെന്ന ആക്ഷേപം ശക്തം. നഗരസഭയുടെ ഉടമസ്ഥതയിൽ പുതിയ പെട്രോൾ പമ്പ്, ജഗതിയിലെ കൺവെൻഷൻ സെന്റർ, ആർ.സി.സിയിലേക്ക് ഉൾപ്പെടെയുളള രോഗികൾക്ക് സൗജന്യയാത്ര, സ്‌കൂളുകളിലേക്ക് കളിസ്ഥലം സജ്ജമാക്കൽ,വിജ്ഞാന കേന്ദ്രം,ഇറച്ചി മാലിന്യ സംസ്‌കരണ പ്ലാന്റ് ഉൾപ്പെടെയുളളവയെല്ലാം ബഡ്‌ജറ്റിൽ പലതവണ ഇടംനേടിയ പദ്ധതികളാണ്. പാങ്ങപ്പാറ, ഫോർട്ട് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റിന് രണ്ടുകോടി കഴിഞ്ഞ ബഡ്‌ജറ്റിൽ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം 50 ലക്ഷം വകയിരുത്തി പ്രഖ്യാപിച്ച അനന്തപുരി മൊബൈൽ മെഡിക്കൽ സ്റ്റോറിന് ഇത്തവണ 60 ലക്ഷമാണ് പ്രഖ്യാപിച്ചത്. 'നിശാഗന്ധി'യെന്ന പേരിൽ കഴിഞ്ഞ വർഷം ഉറങ്ങാത്ത നഗരം പദ്ധതിക്കായി 30 ലക്ഷം അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല. ഇത്തവണ നിശാഗന്ധി അന്നപൂർണയായി പേരുമാറി. കായിക പരിശീലനങ്ങൾക്ക് ടർഫുകൾക്കായി കഴിഞ്ഞ തവണ ഒരുകോടി വകയിരുത്തിയെങ്കിലും നഗരത്തിൽ ഒരിടത്തും സ്വകാര്യ വ്യക്തികളുടെതല്ലാതെ നഗരസഭയുടെ ടർഫുകൾ ഉയർന്നില്ല. ഇത്തവണ നഗരപരിധിയിൽ രണ്ട് ടർഫുകൾ പണിയുമെന്നാണ് പ്രഖ്യാപനം. ഇതിനായി 80 ലക്ഷം രൂപയാണ് വകയിരുത്തിയത്.

അതേസമയം, കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഒരു വർഷത്തിനിടെ ജലരേഖയായി. ജനപ്രതിനിധികൾക്ക് ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ 50 ലക്ഷം, കവയിത്രി സുഗതകുമാരിയുടെ ഓർമ്മയ്‌ക്കായി സ്‌ത്രീ സൗഹൃദ പാർക്കിന് 30 ലക്ഷം തുടങ്ങിയവയെല്ലാം ഇത്തരത്തിലുളള പദ്ധതികളാണ്. രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക നായകരുടെ പ്രതിമകൾ സ്ഥാപിക്കാൻ 1.25 കോടി രൂപയാണ് പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഇ.കെ. നായനാർ പ്രതിമ ഇതുവരെ സ്ഥാപിച്ചിട്ടില്ല. വൻകിട പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും എവിടെ നടപ്പിലാകുമെന്ന് പറയാൻ അധികൃതർ തയ്യാറാകുന്നില്ല. സ്ഥല പരിമിതയാണ് ഇതിനു പ്രധാന കാരണം. ഉചിതമായ സ്ഥലം കണ്ടെത്തും എന്നുമാത്രമാണ് മേയർ ഉൾപ്പെടെയുളളവരുടെ പ്രതികരണം.

100 വാർഡുകളുളള നഗരസഭയിൽ 32 വാർഡുകളിൽ മാത്രമാണ് സ്ഥായിയായ ഡ്രെയിനേജ് സംവിധാനമുളളത്. മറ്റ് വാർഡുകളിൽ ഡ്രെയിനേജുകൾക്കായി പദ്ധതി തയ്യാറാകാത്തതും മാലിന്യ നിർമാർജ്ജനത്തിനായി കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്തതും ബി.ജെ.പി കൗൺസിലർമാർക്കിടയിൽ അമർഷത്തിന് കാരണമായിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് ബഡ്‌ജറ്റിൽ നിന്ന് ബോധപൂർവം മറച്ചുവച്ചുവെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ പറഞ്ഞു. ദീർഘവീക്ഷണമില്ലാത്ത ബഡ്‌ജറ്റാണ് അവതരിപ്പിച്ചതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.പദ്‌മകുമാറും ആരോപിച്ചു.

കവർപേജിൽ ശുചീകരണ തൊഴിലാളികൾ

ശുചീകരണ തൊഴിലാളികൾക്ക് ആദരം അർപ്പിച്ചാണ് ബഡ്‌ജറ്റ് പുസ്‌തകത്തിന്റെ കവർപേജ് തയ്യാറാക്കിയത്. നഗരസഭാ കവാടത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു ശുചീകരണ തൊഴിലാളികളെ കവർപേജിൽ അണിനിരത്തിയത്. ബാലസംഘം പാലക്കാട് വൈസ് പ്രസിഡന്റ് അക്ഷയ എം.ജിയാണ് ചിത്രം വരച്ചത്. തിരുവനന്തപുരത്ത് ഐ.എ.എസ് കോച്ചിംഗ് വിദ്യാർത്ഥിയാണ് അക്ഷയ. അതേസമയം,കവർ ചിത്രത്തിൽ ഇംഗ്ലീഷിൽ തിരുവനന്തപുരം കോർപ്പറേഷൻ എന്നതിന് 'തിരുവന്തപുരം കോർപ്പറേഷൻ' എന്ന് തെറ്റായി രേഖപ്പെടുത്തിയത് പരിഹാസത്തോടെ യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. അപ്പോഴാണ് മേയർ ഉൾപ്പെടെയുളളവർ ഇക്കാര്യം ശ്രദ്ധിച്ചത്.

വികസന മാതൃക മുന്നോട്ട് വച്ചു: ആര്യ രാജേന്ദ്രൻ

വികസന മാതൃക മുന്നോട്ട് വയ്‌ക്കുന്ന ബഡ്‌ജറ്റാണ് അവതരിപ്പിച്ചതെന്ന് മേയർ ആര്യ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.181 പ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമകാര്യ പ്രവർത്തനങ്ങളിലാകും കൂടുതൽ ഇടപെടൽ. കഴക്കൂട്ടത്തെ ശ്‌മശാനവും കുന്നുകുഴിയിലെ അറവുശാലയും രണ്ട് മാസത്തിനകം യാഥാർത്ഥ്യമാകും. കേന്ദ്രസർക്കാർ ഫണ്ടുകൾ കൃത്യമായി ലഭിക്കുന്നില്ല. മേയേഴ്‌സ് ഭവനുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കും. ബഡ്‌ജറ്റ് അവതരണത്തിൽ പ്രതിസന്ധിയുണ്ടായിരുന്നുവെന്ന മാദ്ധ്യമവാർത്തകൾ വാസ‌്‌തവ വിരുദ്ധമാണെന്നും മേയർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.