SignIn
Kerala Kaumudi Online
Thursday, 25 April 2024 6.12 PM IST

പ്രതിസന്ധിയുടെ കട്ടപ്പുറത്ത്

photo

ഒരുകാലത്ത് കേരളത്തിൽ പ്രവാസികൾ ഉൾപ്പെടെ ജീവിതോപാധിയായി തിരഞ്ഞെടുത്ത സ്വയം തൊഴിൽ മേഖലയായിരുന്ന സ്വകാര്യബസ് രംഗം കുറച്ചു വർഷങ്ങളായി അനാകർഷകമായിരുന്നു. ഇപ്പോളത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണ്. ബസ് മുതലാളിയെന്ന അന്തസുള്ള സ്ഥാനം കേരളത്തിൽ ഒരു പതിറ്റാണ്ട് മുമ്പുവരെ ആഘോഷിക്കപ്പെട്ടിരുന്നു. വ്യവസായം വെച്ചടിവെച്ചടി വളർന്നു. കാര്യങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞു. ഒരു പതിറ്റാണ്ടിനിടെ ഏകദേശം 20,000 ബസുകളാണ് കേരളത്തിലെ നിരത്തുകളിൽ നിന്ന് പിൻവാങ്ങിയത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ 34,000 സ്വകാര്യ ബസുകളുണ്ടായിരുന്നു. ഇപ്പോഴത് 12,000 ആയി ചുരുങ്ങിയെന്നാണ് ബന്ധപ്പെട്ടവർ പറയുന്ന കണക്ക്. ഇത്രയധികം ബസുകൾ പിൻവാങ്ങിയപ്പോൾ എത്രയോ പേർ തൊഴിൽ രഹിതരായി. ഇന്ധനവില വർദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്തതാണ് കാരണം. വ്യവസായത്തിൽ നിന്ന് എങ്ങനെയെങ്കിലും തലയൂരിയാൽ മതിയെന്ന മാനസികാവസ്ഥയിലാണ് സ്വകാര്യ ബസുടമകൾ.

പെരുവഴിയിലാകുന്നത്

സ്വകാര്യ ബസുകൾ റോഡൊഴിയുമ്പോൾ ചുരുങ്ങിയത് രണ്ടുലക്ഷം പേരെ ബാധിക്കും. ബസ് സമരം പെരുവഴിയിലാക്കുന്നത് സാധാരണ യാത്രക്കാരെ മാത്രമല്ല, നാൽപതിനായിരം ജീവനക്കാരെക്കൂടിയാണ്. അവരെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയാവുമ്പോൾ സമരം ബാധിക്കുന്നത് രണ്ടുലക്ഷത്തോളം പേരെ!

ഗ്രാമീണ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യബസിൽ ഒരുദിവസം ശരാശരി ആയിരം യാത്രക്കാരാണ് കയറുന്നത്. ദീർഘദൂര സർവീസുകളിലെ കണക്കെടുത്താൽ അത് 400 മുതൽ 500 ആയി ചുരുങ്ങും. ശരാശരി 800 പേർ ഒരു ബസിനെ ആശ്രയിക്കുന്നു എന്നു കണക്കാക്കിയാൽ തന്നെ 60 ലക്ഷത്തോളം യാത്രക്കാർ ഒരുദിവസം സ്വകാര്യ ബസിൽ യാത്രചെയ്യുന്നു. സ്വകാര്യ ബസുകൾ നിരത്തുകളിൽ നിന്ന് പിൻവാങ്ങിയാൽ 'പെരുവഴിയിലാകുന്ന' ഈ സാധാരണക്കാർ എന്തു ചെയ്യും? ഇവരെ മുഴുവൻ ഉൾക്കൊള്ളാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയുമോ എന്നത് വലിയ ചോദ്യമാണ്.

ഒരു ബസിന് പകരം 30 ഇരുചക്ര വാഹനം

1000 ആളുകൾക്ക് ഒരു ബസ് എന്നതാണ് രാജ്യത്ത് പൊതുവെ അംഗീകരിച്ചിട്ടുള്ള നയം. റെയിൽവേയെ ഒഴിച്ചു നിറുത്തിയാൽ കേരളത്തിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയുമാണ് പൊതുഗതാഗതം കൈകാര്യം ചെയ്യുന്ന പ്രധാന സംവിധാനങ്ങൾ. സ്വകാര്യമേഖലയ്ക്കു പൊതുഗതാഗതത്തിൽ മേധാവിത്വമുള്ള ഏതാനും സംസ്ഥാനങ്ങളിൽ ഒന്നാണു കേരളം.

സംസ്ഥാനത്തെ 3.5 കോടി ജനങ്ങൾക്കു കണക്കനുസരിച്ച് 35,000 ബസ് വേണം. കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ളത് 6000ൽ താഴെ ബസുകൾ മാത്രമാണ്. സ്വകാര്യ മേഖലയിൽ 12,000 ബസുകളാണുള്ളത്. ആകെ 18,000 ബസ്. കണക്കനുസരിച്ച് 17,000 ബസുകളുടെ കുറവുണ്ട്. ഒരു ബസ് റോഡിൽ നിന്നു മാറുമ്പോൾ ഇരുചക്ര വാഹനങ്ങളും കാറുകളും ഉൾപ്പെടെ 30 വാഹനങ്ങൾ പകരം ഇറങ്ങുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ലോക്ഡൗണിനു ശേഷം കെ.എസ്.ആർ.ടി.സിക്കു 3000 ബസുകൾ മാത്രമാണ് നിരത്തിലിറക്കാനായത്. സ്വകാര്യ ബസുകളിൽ മൂന്നിലൊന്ന് ഇപ്പോഴും കട്ടപ്പുറത്താണ്. ഇവ നിരത്തിൽനിന്നു മാറുമ്പോൾ നഷ്ടം സാധാരണക്കാർക്കാണ്. പ്രത്യേകിച്ചും ചെറിയ വരുമാനമുള്ള സ്ത്രീകൾക്ക്. ബസല്ലാതെ അവർക്കു മറ്റു യാത്രാമാർഗങ്ങളില്ല.

റിവേഴ്സ് ഗിയറിട്ട വ്യവസായം

രണ്ടായിരത്തിന്റെ തുടക്കത്തിൽ കേരളത്തിലുണ്ടായിരുന്ന 34000 ബസുകളാണ്. അന്ന് ഒരു ലിറ്റർ ഡീസലിന് 20 രൂപയ്ക്ക് അടുത്തായിരുന്നു വില. ഇപ്പോൾ ഡീസൽവില സെഞ്ച്വറിയടിച്ചിരിക്കുന്നു. സ്‌പെയർപാർട്ട്സ് വിലയും കുതിച്ചതോടെ സ്വകാര്യബസ് വ്യവസായം അക്ഷരാർത്ഥത്തിൽ റിവേഴ്സ് ഗിയറിലായി. എല്ലാ വീട്ടിലും സ്വന്തം വാഹനവും വന്നതോടെ പിന്നോട്ട് പോക്കിന് വേഗം കൂടി.

ലോക്ഡൗണിനെ തുടർന്ന് എല്ലാ ബസുകളും നിർത്തിയിടാൻ നിർബന്ധിതരായി. പല ഉടമകളും സ്വന്തം ബസിനെ റെസ്‌റ്ററന്റുകളും പച്ചക്കറി കടകളുമാക്കി മാറ്റി. നിരക്കു കൂട്ടാമെന്നു പറഞ്ഞിട്ടും എന്തിനാണ് സ്വകാര്യ ബസുടമകൾ സമരത്തിലേക്കു പോകുന്നതെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു ചോദിക്കുന്നത്. എന്നാൽ, നിരക്കുവർദ്ധന മാത്രമല്ല പ്രശ്നമെന്ന് ബസുടമകൾ ആവർത്തിച്ച് പറയുന്നു.
സ്വകാര്യബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ അടിയന്തര നടപടികൾ വേണമെന്ന് ഇതേപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മിഷൻ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനിമം ചാർജ് എട്ടുരൂപയായി നിശ്ചയിച്ചത്. അന്ന് ഡീസൽവില 62 രൂപയായിരുന്നു.

കൊവിഡിന്റെ തുടക്കത്തിൽ മിനിമം ചാർജ് അതേപടി നിലനിർത്തിക്കൊണ്ട് വീണ്ടും ചാർജ് വർദ്ധിപ്പിച്ചു. യാത്ര ചെയ്യാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററാക്കി ചുരുക്കി. മിനിമം ചാർജ് 10 രൂപയാക്കണമെന്ന് രാമചന്ദ്രൻ കമ്മിഷൻ ആവശ്യപ്പെട്ടപ്പോഴാണ് സർക്കാർ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായത്. വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്നും കമ്മിഷൻ അന്നുതന്നെ നിർദേശിച്ചിരുന്നു. പക്ഷേ രണ്ട് വർഷം മുമ്പ് ആവശ്യപ്പെട്ടത് ഒന്നും നടന്നില്ലെന്ന് കാണിച്ചാണ് ബസുടമകൾ സർവീസ് നിറുത്തിവച്ച് സമരത്തിനിറങ്ങിയത്.

ബസ് ഉടമകളുടെ ആവശ്യം

1)ഡീസൽ വിലവർദ്ധനവിന്റെ അടിസ്ഥാനത്തിൽ ബസിലെ മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ നിരക്ക് ഒരു രൂപ പത്തു പൈസയുമാക്കി നിശ്ചയിക്കുക. ബസ് രാവിലെ അന്നത്തെ ഓട്ടത്തിനായി തയാറെടുക്കുമ്പോൾ ചുരുങ്ങിയത് 1200 രൂപ വെറുതെ സർക്കാരിനായി ലഭിക്കുമെന്ന് അവർ പറയുന്നു. കാരണം ഒരു ബസിന് ശരാശരി 70 ലീറ്റർ ഡീസൽ വേണം. ഒരു ലിറ്ററിൽ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന നികുതി ഏതാണ്ട് 18 രൂപ. അങ്ങനെ ആകെ കിട്ടുന്നത് 1260 രൂപ. ഈ കണക്കിലൂന്നിയാണ് സ്വകാര്യ ബസ് വ്യവസായം നിലനിൽക്കേണ്ടത് സർക്കാരിന്റെ കൂടി ആവശ്യമാണെന്ന് ബസുടമകൾ വാദിക്കുന്നത്. സബ്സിഡിയാണ് മറ്റൊരു ആവശ്യം. ചാർജ് വർദ്ധിപ്പിക്കുന്നതിന് പരിധിയുണ്ട്. എത്ര വർദ്ധിപ്പിച്ചാലും നഷ്ടം നികത്താനാവില്ലെന്നതിന് കെ.എസ്.ആർ.ടി.സി തന്നെ ഉദാഹരണം. പൊതുഗതാഗത രംഗം സേവനമാണെന്ന് കണക്കിലെടുത്ത് നികുതി വെട്ടിക്കുറച്ച് ഡീസൽ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

2) വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ആറു രൂപയാക്കുക, പിന്നീട് യാത്രാ നിരക്കിന്റെ പാതിയായി നിജപ്പെടുത്തുക–രാമചന്ദ്രൻ കമ്മിഷൻ ഏറെ വർഷങ്ങൾക്ക് മുൻപ് നിർദേശിച്ചതാണെങ്കിലും വിദ്യാർത്ഥി സംഘടനകളുടെ പ്രക്ഷോഭം ഭയന്ന് സർക്കാർ പിൻവലിയുകയായിരുന്നു. മിനിമം ചാർജ് അഞ്ചു രൂപയെങ്കിലും വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ബസുടമകൾ.

3) കൊവിഡ് കാലത്തെ നികുതി ഒഴിവാക്കണം. പൂർണമായും ഒഴിവാക്കണമെന്ന ആവശ്യത്തിന് പിന്നിൽ നികുതി അടയ്ക്കാൻ വൈകുന്നതിലെ പിഴ ഒഴിവാക്കുക എന്ന ലക്ഷ്യമാണുള്ളത്. അല്ലാത്തപക്ഷം നല്ലൊരു പങ്ക് ബസുകളും മാർച്ച് 31ന് ശേഷം നിരത്തിലിറങ്ങില്ലെന്നും ബസുടമകൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIVATE BUS SECTOR CRISIS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.