SignIn
Kerala Kaumudi Online
Thursday, 25 April 2024 7.22 AM IST

ശ്രീലങ്ക നൽകുന്ന പാഠങ്ങൾ

-srilanka-

കൊവിഡ് വന്നില്ലായിരുന്നുവെങ്കിൽ ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പുറത്തുവരാൻ കുറച്ച് വർഷങ്ങൾ കൂടി എടുക്കുമായിരുന്നു. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിഴ് പുലികൾ അഴിഞ്ഞാടുന്ന സമയത്തും കൊളംബോ ശാന്തമായിരുന്നു. അവിടേക്ക് ടൂറിസ്റ്റുകൾ വന്നുകൊണ്ടിരുന്നു. എൽ.ടി.ടി.ഇയ്ക്ക് മേധാവിത്വമുണ്ടായിരുന്ന ജാഫ്‌നയും സമീപപ്രദേശങ്ങളും മാത്രമായിരുന്നു പ്രശ്നബാധിതമായി തുടർന്നിരുന്നത്. ചൈനയുടെയും മറ്റ് വിദേശ ശക്തികളുടെയും സഹായത്തോടെ തമിഴ് പുലികളെ നശിപ്പിച്ചപ്പോൾ ശ്രീലങ്കയിലേക്ക് വിദേശസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുമെന്ന് കണക്ക് കൂട്ടിയെങ്കിലും അതുണ്ടായില്ല. അതു മുൻകൂട്ടിക്കണ്ടാണ് ചൈനയുടെ സഹായത്തോടെ കൂറ്റൻ വിമാനത്താവളം നിർമ്മിച്ചത്. ചൈന പലിശയ്ക്കാണ് പണം നൽകിയത്. വിമാനത്താവളവും തുറമുഖവും ക്രിക്കറ്റ് സ്റ്റേഡിയവുമൊക്കെ തീർന്നപ്പോഴേക്കും കൊവിഡ് വന്നു. കഴിഞ്ഞ രണ്ടുവർഷമായി ടൂറിസ്റ്റുകൾ വരുന്നില്ല. ടൂറിസത്തിലൂടെ വരവിൽ കവിഞ്ഞ ചെലവിനെ നേരിടാനാകുമെന്ന് വിശ്വസിക്കുകയും അതനുസരിച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്ത ശ്രീലങ്കയ്ക്ക് ചൈനയിൽ തന്നെ ഉദ്‌ഭവിച്ച കൊവിഡ് വില്ലനായി മാറി. മുതലും പലിശയും അടയ്ക്കാൻ കഴിയാതെ ലോകത്തിന് മുന്നിൽ ഭിക്ഷാപാത്രവുമായി നിൽക്കുകയാണ് ഇന്ന് ശ്രീലങ്ക.

കൊവിഡ് വന്നില്ലായിരുന്നെങ്കിൽ പോലും ശ്രീലങ്ക സാമ്പത്തികമായി തകരാതിരിക്കാൻ വഴിയില്ല. കാരണം അത്രമാത്രം കടമാണ് വരുത്തിവച്ചിരിക്കുന്നത്. കഴിഞ്ഞവർഷം സർക്കാരിന്റെ വരുമാനത്തിൽ 71 ശതമാനവും പലിശ നൽകാൻ മാത്രമാണ് ഉപയോഗിച്ചത്. 2015 - 19 കാലത്ത് സിരിസേന പ്രസിഡന്റായിരിക്കെ കടബാദ്ധ്യത 42.8 ശതമാനം വർദ്ധിച്ചതായാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയത്. ഈ അധിക ബാദ്ധ്യതയുടെ സിംഹഭാഗവും അതിന് മുൻപ് പ്രസിഡന്റായിരുന്ന മഹീന്ദ്ര രാജപക്‌സേയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച വായ്‌പകളുടെ പലിശയാണ്. രാജപക്‌സെയുടെ കുടുംബ ഭരണവും ഏകാധിപത്യശൈലിയും അഴിമതിയുമാണ് യഥാർത്ഥത്തിൽ ശ്രീലങ്കയെ ഈ പരിതാപകരമായ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്.

ഒരു വ്യക്തിയുടേതായാലും രാജ്യത്തിന്റേതായാലും മുന്നോട്ടുള്ള പ്രയാണം സുഗമവും ക്ളേശരഹിതവുമാകണമെങ്കിൽ കടവും പലിശയും വരവിനകത്ത് ഒതുങ്ങുന്നതായിരിക്കണം. കേരളത്തിന്റെ കടവും ഒരു പരിധി കഴിഞ്ഞ് കൂടിക്കൊണ്ടിരിക്കുന്നത് ഒട്ടും ആശ്വാസകരമല്ലെന്ന പാഠം ശ്രീലങ്കയിൽ നിന്ന് നമ്മളും പഠിക്കേണ്ടതാണ്. മുൻവർഷങ്ങളിൽ പൊതുവെ ചെലവ് കുറഞ്ഞ ഒരു രാജ്യമായിരുന്നു ശ്രീലങ്ക. അതാണ് അവിടേക്ക് കൂടുതൽ ടൂറിസ്റ്റുകൾ എത്തിച്ചേരാൻ ഇടയാക്കിയിരുന്നതും. ഇന്നാകട്ടെ ഒരു നേരത്തെ ഭക്ഷണത്തിന് ആയിരം ശ്രീലങ്കൻ രൂപയിലേറെ ചെലവാക്കേണ്ടി വരുന്നു. ഡീസലും പെട്രോളും ഉയർന്ന വില നൽകിയാലും കിട്ടാനില്ല. ഇത് വാങ്ങാനുള്ള ക്യൂവിൽ നിന്ന എഴുപതു കഴിഞ്ഞ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചതും കടലാസ് ഇറക്കുമതി ചെയ്യാൻ പണമില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ പരീക്ഷ മാറ്റിവച്ചതും ഉൾപ്പെടെയുള്ള വാർത്തകൾ പുറത്തുവരുന്നത് ശ്രീലങ്കയുടെ പ്രതിച്ഛായ ഇടിച്ച് താഴ്‌ത്തിയിരിക്കുകയാണ്.

ഇന്ത്യ ഈ പ്രതിസന്ധി ഘട്ടത്തിൽ 100 കോടി ഡോളർ ധനസഹായം നൽകിയത് വലിയൊരു മാനുഷിക പരിഗണനയുടെ പുറത്താണ്. ശ്രീലങ്കയിലെ സ്ഥിതി ഇനിയും രൂക്ഷമാകുമ്പോൾ തമിഴ്‌നാട്ടിലേക്ക് വൻതോതിലുള്ള അഭയാർത്ഥി പ്രവാഹം ഉണ്ടാകാം. പണം നൽകിയാലും സാധനങ്ങൾ കിട്ടാനില്ലെന്ന സ്ഥിതി വരുമ്പോൾ ജനങ്ങൾ രാജ്യം വിട്ടുപോകാൻ ശ്രമിക്കുക സ്വാഭാവികമാണ്. പ്രധാനമായും കൃഷിയെ ആശ്രയിക്കുന്ന രാജ്യത്ത് ഒറ്റയടിക്ക് രാസവളങ്ങൾ നിരോധിക്കുകയും പൂർണമായും ജൈവവളം ഉപയോഗിക്കണമെന്ന് നിഷ്‌കർഷിക്കുകയും മറ്റും ചെയ്ത് തുഗ്ളക്ക് പരിഷ്കാരങ്ങൾക്കൊപ്പം ചൈനയുടെ ഋതരാഷ്ട്രാലിംഗനത്തിൽ അമർന്നതും ശ്രീലങ്കയുടെ പതനത്തിനിടയാക്കി. ചൈനയുടെ ധനസഹായത്തിനായി ഉറ്റുനോക്കിയിരിക്കുന്ന ചെറുരാജ്യങ്ങൾക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ശ്രീലങ്ക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SRI LANKA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.