SignIn
Kerala Kaumudi Online
Friday, 29 March 2024 6.46 PM IST

കമ്യൂണിസ്റ്റുകാരന്റെ പ്രചരണത്തിനെത്തിയ കോൺഗ്രസുകാരൻ

thalekkunnil-basheer

ഞാനും തലേക്കുന്നിൽ ബഷീറും ഒരേ പഞ്ചായത്തുകാരാണ്. ഞങ്ങളിരുവരും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കാവിയാട് ദിവാകരപ്പണിക്കരും ഒരേ കാലത്ത് ഒരേസ്കൂളിൽ പഠിച്ചു. ബഷീർ എന്റെ തൊട്ടുതാഴത്തെ ക്ലാസിലായിരുന്നു. 1956 ഒക്ടോബർ 31നാണ് ഞാനും ബഷീറും പരിചയപ്പെടുന്നത്. ഐക്യകേരളപ്പിറവിയോടനുബന്ധിച്ച് വെമ്പായത്ത് വച്ച് പ്രസംഗം, ചെറുകഥ, ഉപന്യാസം എന്നിവയിൽ മത്സരം നടന്നപ്പോഴാണത്. പ്രസംഗ മത്സരത്തിൽ എനിക്കും ചെറുകഥയ്ക്ക് അദ്ദേഹത്തിനും ഒന്നാം സമ്മാനം കിട്ടി.

പഞ്ചായത്തിൽ ഞാൻ നാലാം വാർഡിലും ബഷീർ എട്ടാം വാർഡിലുമായിരുന്നു. 1979ൽ ഞാൻ പഞ്ചായത്ത് പ്രസിഡന്റാകുമ്പോൾ ബഷീർ കഴക്കൂട്ടത്ത് എം.എൽ.എ ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്കായി അദ്ദേഹം എം.എൽ.എ സ്ഥാനമൊഴിഞ്ഞു. അങ്ങനെ രാജ്യസഭയിലേക്ക് പോയി.

സ്റ്റാലിൻ മെമ്മോറിയൽ ക്ലബ്ബിന്റെ പേരിൽ നവജീവൻ എന്ന പേരിൽ ഞാനൊരു കൈയെഴുത്ത് മാസിക നടത്തിയപ്പോൾ അതിൽ സ്ഥിരമായി ചെറുകഥ എഴുതിയിരുന്ന കോൺഗ്രസുകാരനാണ് ബഷീർ. രാഷ്ട്രീയത്തിനതീതമായ വ്യക്തിസൗഹൃദവും സാഹിത്യവുമായുള്ള ബന്ധവും ഞങ്ങളെ അടുപ്പിച്ചു. ഞാൻ കവിയായും അദ്ദേഹം കഥാകൃത്തായുമാണ് സ്കൂളിൽ അറിയപ്പെട്ടിരുന്നത്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഞങ്ങളോട് വലിയ താത്‌പര്യമുണ്ടായി.

1996 ൽ ഞാൻ എം.എൽ.എയായപ്പോൾ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കോൺഗ്രസുകാരായിട്ടും ബഷീറും കാവിയാടും കൂടെയുണ്ടായി. ഞങ്ങളുടെ പാർട്ടിക്കാർക്ക് കുറച്ച് എതിർപ്പുമുണ്ടായി. ഞാൻ കോൺഗ്രസുകാരെയും കൊണ്ട് നടക്കുന്നുവെന്നായിരുന്നു പരിഭവം. ഞാൻ ഏത് യോഗം വിളിച്ചാലും ബഷീറും പണിക്കരും പങ്കെടുക്കുമായിരുന്നു.

രണ്ട് കിലോമീറ്റർ വ്യത്യാസത്തിൽ പ്രവർത്തിച്ചിരുന്ന വിവേകാനന്ദ ട്യൂട്ടോറിയൽ കോളേജിന്റെ പ്രധാന പ്രവർത്തകനായി ഞാനും ന്യൂ ട്യൂട്ടോറിയലിന്റെ പ്രധാന പ്രവർത്തകനായി തലേക്കുന്നിൽ ബഷീറും. ഞങ്ങൾ ഒരേകാലത്ത് രാഷ്ട്രീയത്തിലെത്തി.

ബഷീറിന്റെ വിവാഹം കനകക്കുന്ന് കൊട്ടാരത്തിൽ വച്ചായിരുന്നു. അദ്ദേഹം സ്വന്തം കൈപ്പടയിലെഴുതിയ കത്താണെനിക്ക് തന്നത്. ബഷീറിന്റെയും അദ്ദേഹത്തിന്റെ മകന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ എനിക്കായി. 1980ൽ വയലാർരവി പാർലമെന്റ് സ്ഥാനാർത്ഥിയായപ്പോൾ സി.പി.എമ്മിൽ നിന്ന് (അന്ന് ഞങ്ങൾ ഒരേ മുന്നണി) അദ്ദേഹത്തിന് ഒരു സെക്രട്ടറി വേണമായിരുന്നു. ബഷീറിന്റെ നിർബന്ധപ്രകാരം ഞാൻ തിരഞ്ഞെടുപ്പ് സെക്രട്ടറിയായി.

സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന കാട്ടായിക്കോണം ശ്രീധർ അന്തരിച്ചപ്പോൾ അദ്ദേഹത്തിനൊരു സ്മാരകം (ഇപ്പോഴത്തെ ജില്ലാകമ്മിറ്റി ആസ്ഥാനമന്ദിരം) നിർമ്മിക്കാൻ പാർട്ടി തീരുമാനിച്ചു. പഴയ പാർട്ടി ഓഫീസ് പൊളിച്ച് വേണമായിരുന്നു സ്മാരകമന്ദിരം വയ്ക്കാൻ. തിരുവനന്തപുരം സിറ്റിയിൽ അപ്പോൾ പാർട്ടിക്ക് താത്‌ക്കാലിക ഓഫീസിന് സ്ഥലം വേണ്ടിവന്നു. തലേക്കുന്നിൽ ബഷീർ ട്രിഡ ചെയർമാനായിരുന്നു. ട്രിഡയുടെ പൊളിക്കാത്ത കെട്ടിടം പാളയത്തുണ്ടായിരുന്നു. ഞാൻ ബഷീറിനോട് താക്കോൽ ചോദിച്ചുവാങ്ങി ഓഫീസ് തുടങ്ങി. കമ്യൂണിസ്റ്റുകാർക്ക് കൊടുത്താൽ ഒഴിയില്ലെന്നൊക്കെ കോൺഗ്രസിനകത്ത് നിന്ന് ബഷീറിന് മുന്നറിയിപ്പും എതിർപ്പുമുണ്ടായി. മുരളിക്ക് ഞാനാണ് താക്കോൽ കൊടുത്തതെങ്കിൽ ഞാനത് ഒഴിപ്പിച്ചോളാമെന്ന് ബഷീർ പറഞ്ഞു. നയാപൈസ വാടകയില്ലാതെ ഞങ്ങൾക്ക് സിറ്റിയിൽ താത്ക്കാലിക ഓഫീസ് കിട്ടി. ഒന്നര വർഷത്തിനകം ഞങ്ങൾ പുതിയ ഓഫീസ് പണിത് മാറി.

കാവിയാടും ബഷീറും ഞാനുമാണ് ഒരേസ്കൂളിൽ നിന്നെത്തിയ രാഷ്ട്രീയക്കാർ. അതിലിനി ഞാൻ മാത്രമാണ് ബാക്കി .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THALEKKUNNIL BASHEER, PIRAPPANKODU MURALI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.