SignIn
Kerala Kaumudi Online
Thursday, 28 March 2024 9.17 PM IST

സിംഗൂരിന്റെ പാഠങ്ങൾ

budhadeb-bhattacharya

ജ്യോതിബസു പശ്ചിമ ബംഗാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത് 2000 ഒക്ടോബർ 28 നാണ് . ബുദ്ധദേവ് ഭട്ടാചാര്യയായിരുന്നു പിൻഗാമി. അതിനും രണ്ടുവർഷം മുമ്പു തന്നെ ബസു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു; 1999 ജനുവരി 12 ന് ബുദ്ധദേവ് ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥി - യുവജനരംഗത്തുകൂടി രാഷ്ട്രീയത്തിൽ പ്രവേശിച്ചയാളാണ് ഭട്ടാചാര്യ. 1977 മുതൽ നിയമസഭാംഗമായിരുന്നു; ദീർഘകാലം മന്ത്രിയുമായിരുന്നു. അഴിമതിയില്ല, ധൂർത്തില്ല. കറപുരളാത്ത സംശുദ്ധമായ പൊതുജീവിതം. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഇടതുപക്ഷം ചരിത്രവിജയം കൈവരിച്ചു. പശ്ചിമ ബംഗാളിലെ 42 മണ്ഡലങ്ങളിൽ 35 എണ്ണവും ഇടതുമുന്നണി നേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറുസീറ്റുകൾ നേടിയപ്പോൾ തൃണമൂൽ കോൺഗ്രസിന് ഒരേയൊരു സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു - കൽക്കട്ട സൗത്തിൽ മമതാ ബാനർജി മാത്രം ജയിച്ചു. 2006 ഏപ്രിൽ - മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി വിജയം ആവർത്തിച്ചു. 294 അംഗ ബംഗാൾ നിയമസഭയിൽ 196 സ്ഥാനങ്ങൾ ഇടതുമുന്നണിക്ക് ലഭിച്ചു. മാർക്സിസ്റ്റ് പാർട്ടിക്കു മാത്രം 143 അംഗങ്ങളെ വിജയിപ്പിക്കാനായി. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 33 പേരുടെ വർദ്ധന. തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടായി. അവർക്ക് 30 സീറ്റുകൾ നഷ്ടപ്പെട്ടു.

സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തണമെന്ന് ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും സഹപ്രവർത്തകർക്കും പാർട്ടി നേതാക്കൾക്കും തോന്നിയ ഇടത്താണ് പ്രശ്നങ്ങളുടെ തുടക്കം. നാനോ കാർ ഫാക്ടറി ആരംഭിക്കാൻ രത്തൻടാറ്റ സ്ഥലം അന്വേഷിച്ചെത്തിയത് പശ്ചിമബംഗാളിലാണ്. കണ്ടെത്തിയ വസ്തു ഹുഗ്ളി ജില്ലയിലെ സിംഗൂരിൽ ആയിരുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും ഫലപുഷ്ടിയുള്ള പ്രദേശമാണ് സിംഗൂർ. അവിടെ കാർ ഫാക്ടറിക്ക് 997 ഏക്കർ സ്ഥലമാണ് സർക്കാർ അക്വയർ ചെയ്തത്. 1894 ലെ ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം വസ്തു ഏറ്റെടുക്കാൻ തുനിഞ്ഞപ്പോൾ കർഷകർ പ്രതിഷേധിച്ചു. സർക്കാർ വലിയ നഷ്ടപരിഹാരം വാഗ്‌ദാനം ചെയ്തെങ്കിലും അവർ വഴങ്ങിയില്ല. തൃണമൂൽ കോൺഗ്രസും എസ്.യു.സി.ഐയും പോലുള്ള രാഷ്ട്രീയപാർട്ടികളും വിവിധ മാവോയിസ്റ്റ് ഗ്രൂപ്പുകളും കർഷകരുടെ ധർമ്മസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കൃഷിക്കാർ അധികവും സി.പി.എം പ്രവർത്തകരും അനുഭാവികളുമായിരുന്നു. എങ്കിലും സർക്കാർ ഒട്ടും സഹായകരമായ നിലപാടല്ല സ്വീകരിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടിയുമായി അവർ മുന്നോട്ടു പോയി. 2006 ഡിസംബർ ഒന്നിന് സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് വേലികെട്ടാൻ തുടങ്ങി. സിംഗൂർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മമതാ ബാനർജി ഡിസംബർ നാലിന് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. നാളുകൾ നീങ്ങും തോറും അവരുടെ ആരോഗ്യനില വഷളായി. സമരത്തിന് ആവേശം വർദ്ധിച്ചു. ഡിസംബർ 27 ആകുമ്പോഴേക്കും മമത മരണവക്‌ത്രത്തിലെത്തി. അവർ ഏതുനിമിഷവും മരിക്കുമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ആ ഘട്ടത്തിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗും രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമും ഇടപെട്ടു. രാഷ്ട്രപതിയുടെ അഭ്യർത്ഥന മാനിച്ച് ഗവർണർ ഗോപാലകൃഷ്‌ണ ഗാന്ധി ഇടപെട്ടു. ഡിസംബർ 29 ന് അർദ്ധരാത്രി മമത ബാനർജി നിരാഹാരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ട ഐതിഹാസികമായ ഉപവാസം പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയജാതകം തിരുത്തിക്കുറിച്ചു. ഇടതു മുന്നണിയുടെ പ്രതിഛായ മങ്ങി; മമതയുടെ താരമൂല്യം വർദ്ധിച്ചു. 2007 ജനുവരി 21ന് സിംഗൂരിൽ കാർഫാക്ടറിയുടെ നിർമ്മാണം ഔപചാരികമായി ആരംഭിച്ചെങ്കിലും ടാറ്റക്ക് അധികം മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. 2008 ഒക്ടോബർ മൂന്നിന് തങ്ങൾ പദ്ധതിയിൽ നിന്ന് പിൻമാറുകയാണെന്ന് രത്തൻടാറ്റ പ്രഖ്യാപിച്ചു. മമത ബാനർജിയുടെ നിഷേധാത്മക സമീപനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പശ്ചിമബംഗാൾ കൈയൊഴിഞ്ഞ നാനോ ഫാക്ടറിയെ ഗുജറാത്ത് സർക്കാർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അങ്ങനെ ആ അദ്ധ്യായം അവസാനിച്ചു.
സിംഗൂരിനെക്കാൾ വലിയ പ്രതിസന്ധിയാണ് ഇടതുമുന്നണി സർക്കാരിന് നന്ദിഗ്രാമിൽ നേരിടേണ്ടി വന്നത്. അവിടെ പ്രത്യേക സാമ്പത്തിക മേഖല സൃഷ്ടിക്കാനും ഇൻഡോനേഷ്യയിലെ സലിം ഗ്രൂപ്പിന് കെമിക്കൽ ഫാക്ടറി ആരംഭിക്കാനും വേണ്ടി 10,000 ഏക്കർ വസ്തുവാണ് വേണ്ടിയിരുന്നത്. നന്ദിഗ്രാമിലെ കർഷകർ അതിശക്തമായി പ്രതിഷേധിച്ചു. 2007 മാർച്ച് 14 ന് പൊലീസ് വെടിവയ്പിൽ 14 പേർ മരിച്ചു. 70 പേർക്ക് പരിക്കേറ്റു. പൊലീസിനെ സഹായിക്കാൻ സി.പി.എം പ്രവർത്തകരും രംഗത്തിറങ്ങി. നന്ദിഗ്രാമിൽ നിന്ന് കർഷകർ മറ്റിടങ്ങളിലേക്ക് ജീവനും കൊണ്ട് ഓടി. തൃണമൂൽ കോൺഗ്രസിന്റെയും എസ്.യു.സി.ഐ യുടെയും മാവോയിസ്റ്റു ഗ്രൂപ്പുകളുടെയും പിന്തുണയോടെ ഭൂമി ഉച്‌ഛട് പ്രതിരോധ് കമ്മിറ്റി അക്രമത്തെ ചെറുത്തു. മേധാപട്‌കർ, അനുരാധാ തൽവാർ, അരുന്ധതി റോയ്, മഹാശ്വേതാദേവി, അപർണ സെൻ, സുനിൽ ഗംഗോപാദ്ധ്യായ എന്നിങ്ങനെ സാഹിത്യകാരന്മാരും സിനിമാ പ്രവർത്തകരും നന്ദിഗ്രാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. മുൻ ധനകാര്യമന്ത്രി അശോക് മിത്രയും നൊബേൽ സമ്മാനജേതാവ് അമർത്യാസെന്നും കർഷകരിൽ നിന്ന് ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കുന്നതിനെ വിമർശിച്ചു. നന്ദിഗ്രാമിൽ പൊലീസ് നടത്തിയ വെടിവയ്പിനെ ഘടകക്ഷികളായ സി.പി.ഐ, ആർ.എസ്.പി, ഫോർവേർഡ് ബ്ളോക്ക് എന്നിവയും വിമർശിച്ചു. നന്ദിഗ്രാമിലെ പൊലീസ് നടപടി നിർഭാഗ്യകരമായെന്ന് ജ്യോതിബസുപോലും കുറ്റപ്പെടുത്തി. അതേത്തുടർന്ന് ഭൂമി ഏറ്റെടുക്കൽ തത്കാലം നിറുത്തിവച്ചു. കർഷകർ നന്ദിഗ്രാമിലേക്ക് തിരിച്ചുവന്നു. പക്ഷേ 2007 നവംബറിലും 2008 മേയിലും തുടരെത്തുടരെ ഏറ്റുമുട്ടലുകളുണ്ടായി. സി.പി.എം പ്രവർത്തകർ കർഷകരുമായി ഏറ്റുമുട്ടി. കത്തിക്കുത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ബുദ്ധദേവ് സർക്കാരിന്റെ പ്രതിഛായ പാടേ മങ്ങി. 2008 മേയിൽ കിഴക്കൻ മിഡ്‌നാപ്പൂർ ജില്ലാ പരിഷത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

2009 ഏപ്രിൽ - മേയ് മാസങ്ങളിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി വലിയ തിരിച്ചടി നേരിട്ടു. തൃണമൂൽ കോൺഗ്രസ് 19 ഉം സഖ്യകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറും സ്ഥാനങ്ങൾ ജയിച്ചപ്പോൾ ഇടതുമുന്നണിക്ക് വെറും 15 സീറ്റേ കിട്ടിയുള്ളൂ. ഒരിടത്ത് ബി.ജെ.പിയും മറ്റൊരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. ഇടതുമുന്നണി ജയിച്ച സീറ്റുകൾ പശ്ചിമബംഗാളിന്റെ പടിഞ്ഞാറേ പകുതിയിലായിരുന്നു. മുസ്ളിം വോട്ടർമാർക്ക് പ്രാമുഖ്യമുള്ള, ബംഗ്ളാദേശിനോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങൾ മൊത്തം തൃണമൂൽ - കോൺഗ്രസ് സഖ്യമാണ് നേടിയത്. അതു സംസ്ഥാനത്തെ സാമുദായിക ധ്രുവീകരണവും വ്യക്തമാക്കി. അന്നോളം ഇടതുമുന്നണിയെ പിന്തുണച്ച മുസ്ളിം വോട്ടർമാർ നന്ദിഗ്രാം സംഭവങ്ങൾക്കു ശേഷം മാറി ചിന്തിക്കുന്നുവെന്ന് വ്യക്തമായി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇടതുമുന്നണിയുടെ വാട്ടർ ലൂ ആയി. തൃണമൂൽ കോൺഗ്രസ് 184 സീറ്റുകൾ വിജയിച്ചു. സഖ്യകക്ഷിയായ കോൺഗ്രസ് 42 സീറ്റും നേടി. ഇടതു മുന്നണി വെറും 62 സീറ്റിൽ ഒതുങ്ങി. സി.പി.എം - 40, ഫോർവേർഡ് ബ്ളോക്ക് - 11, ആർ.എസ്.പി - ഏഴ്, സി.പി.ഐ - രണ്ട്. . മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ 1987 മുതൽ 24 കൊല്ലം തുടർച്ചയായി പ്രതിനിധീകരിച്ച ജാദവ്പൂർ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മനീഷ് ഗുപ്തയോടു 16,648 വോട്ടിനു തോറ്റു. അതോടെ അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതവും അവസാനിച്ചു. 2016 ആകുമ്പോഴേക്കും ഇടതുമുന്നണി വെറും 32 സീറ്റിൽ ഒതുങ്ങി. സി.പി.എമ്മിന് മുഖ്യപ്രതിപക്ഷമെന്ന സ്ഥാനവും നഷ്ടപ്പെട്ടു. 44 സീറ്റു നേടിയ കോൺഗ്രസ് പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറി. 2021 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചെയ്തിട്ടുപോലും ഇടതുമുന്നണിക്ക് ഒരു സീറ്റെങ്കിലും നേടാൻ കഴിഞ്ഞില്ല. നാലുമണ്ഡലങ്ങളിൽ മാത്രമാണ് സി.പി.എം സ്ഥാനാർത്ഥികൾ രണ്ടാംസ്ഥാനത്തെങ്കിലും എത്തിയത്. ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികൾക്കും ജാമ്യസംഖ്യ നഷ്ടമായി. അങ്ങനെ പശ്ചിമ ബംഗാളിന്റെ മണ്ണിൽ നിന്ന് ഇടതുപക്ഷ പാർട്ടികൾ മിക്കവാറും തൂത്തു മാറ്റപ്പെട്ടു. 2011 ൽ മുഖ്യമന്ത്രിയായ മമത ബാനർജി ടാറ്റയുമായുള്ള കരാർ റദ്ദാക്കി. അക്വയർ ചെയ്ത ഭൂമി തിരിച്ചുപിടിക്കാൻ തീരുമാനിച്ചു. കൽക്കട്ട ഹൈക്കോടതി വിധി എതിരായെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു വിജയിച്ചു. കർഷകർക്ക് കൃഷി ഭൂമി തിരിച്ചു കൊടുത്തു.

കാസർകോടു മുതൽ തിരുവനന്തപുരം വരെ ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അതിവേഗ റെയിൽപാത ഉണ്ടാക്കാൻ ശ്രമിക്കുന്ന കേരള മുഖ്യമന്ത്രിയും ഉപദേഷ്ടാക്കളും സിംഗൂരിന്റെ പാഠങ്ങൾ ഓർമ്മിക്കുന്നത് നല്ലതാണ്. നിത്യച്ചെലവിനു പോലും പണമില്ലാത്ത, ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് കടമെടുക്കുന്ന സർക്കാർ ഇതുപോലെയൊരു പദ്ധതി നടപ്പാക്കുന്നതിന്റെ ചേതോവികാരം അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് വളരെപ്പെട്ടെന്ന് മനസിലാകും. ഭരണാധികാരികൾ കരുതുന്നതിനെക്കാൾ ബുദ്ധിയുള്ളവരാണ് കേരളത്തിലെ വോട്ടർമാർ. ബംഗാളിലെപ്പോലെ സ്ഥിരമായി ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നവരല്ല, ഇരുമുന്നണികളെയും മാറിമാറി പരീക്ഷിക്കുന്നവരായിരുന്നു മലയാളികൾ. അതുകൊണ്ടാണ് കേരളം ബംഗാളാകാതിരുന്നത്. തുടർഭരണം നൽകിയ അമിത ആത്മവിശ്വാസം ജനങ്ങളുടെ മേൽ കുതിരകയറാനുള്ള ലൈസൻസായി ദുരുപയോഗം ചെയ്യരുത്. ജനഹിതത്തിനെതിരെ എന്തു നടപടി സ്വീകരിച്ചാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും. ശബരിമല കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ എന്ന ശാഠ്യവും പ്രക്ഷോഭത്തോടു സർക്കാർ സ്വീകരിച്ച നിലപാടും ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ പ്രത്യാഘാതവുമൊക്കെ നമ്മെ ഓർമ്മിപ്പിക്കുന്നതും ഇതേ സംഗതിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SINGUR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.