ലോസ്ആഞ്ചലസ് : അമേരിക്കൻ റോക്ക് ബാൻഡായ ' ഫൂ ഫൈറ്റേഴ്സി"ലെ ഡ്രമ്മറായ ടെയ്ലർ ഹോക്കിൻസ് ( 50 ) അന്തരിച്ചു. ഹോക്കിൻസിന്റെ മരണവിവരം ബാൻഡ് തന്നെയാണ് പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. കൊളംബിയയിലെ ബൊഗോട്ടയിലെ കാസ മെഡിനയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരുന്നുകളുടെ അമിതോപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഫൂ ഫൈറ്റേഴ്സിന്റെ ഭാഗമാണ് ഹോക്കിൻസ്. പ്രശസ്ത അമേരിക്കൻ റോക്ക് ബാൻഡായിരുന്ന നിർവാണയിലെ അംഗമായിരുന്ന ഡേവ് ഗ്രോൽ 1994ലാണ് ഫൂ ഫൈറ്റേഴ്സ് രൂപീകരിച്ചത്. പ്രധാന ഗായകനായ കർട്ട് കൊബൈന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് നിർവാണ ബാൻഡ് പിരിച്ചുവിട്ടത്. ബൊഗോട്ടയിൽ വെള്ളിയാഴ്ച രാത്രി ഫൂ ഫൈറ്റേഴ്സ് ബാൻഡിന്റെ സംഗീത പരിപാടി നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയായിരുന്നു ഹോക്കിൻസിന്റെ മരണം. ആലിസൺ ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |