കോഴിക്കോട്: ആതുരസേവന രംഗത്ത് മാതൃക തീർത്ത സി.എച്ച് സെന്റർ മുസ്ലിം ലീഗിന് ഏറെ അഭിമാനിക്കാവുന്ന പ്രസ്ഥാനമായി മാറിയതായി പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
കോഴിക്കോട് സി.എച്ച് സെന്റർ സംഘടിപ്പിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ് ജീവകാരുണ്യ സേവനങ്ങൾ. സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഹൈദരലി തങ്ങൾ വലിയ പ്രാമുഖ്യം കല്പിച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി.കോയ അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത പി.ആർ.ഒ ഫാദർ ഡോ. ജോസഫ് കളരിക്കൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ, വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിന്സിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ, ഡോ.എം.ആർ.രാജഗോപാൽ, എം.സി.മായിൻഹാജി, അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ, ഉമ്മർ പാണ്ടികശാല, ഖലീൽ ഹുദവി, യു.സി.രാമൻ, പാറക്കൽ അബ്ദുള്ള, എൻ.സി.അബൂബക്കർ, ഹനീഫ മുന്നിയൂർ, എം.വി.സിദ്ദിഖ്, ഇബ്രാഹിം എളേറ്റിൽ, ടി.പി.എം ജിഷാൻ, അഹമ്മദ് സാജു, ആമിന തുടങ്ങിയവർ സംസാരിച്ചു.
സൗദി അറേബ്യ കെ.എം.സി.സി വാദി അൽ ദവാസി കമസീൻ ഏരിയാ കമ്മിറ്റിയുടെ ഫണ്ട് പി.കെ.അബ്ദുള്ള കൈമാറി. സി.എച്ച് സെന്ററിനായി നൽകിയ പുല്ലാളൂരിലെ വസ്തുവിന്റെ രേഖ യു.പി ഉസൈൻകുട്ടി ഏല്പിച്ചു. സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി എം.എ.റസാഖ് സ്വാഗതവും ട്രഷറർ ടി.പി.മുഹമ്മദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |