SignIn
Kerala Kaumudi Online
Saturday, 20 April 2024 5.49 AM IST

ആത്മാന്വേഷണ വഴിയിൽ അല്ലലറിയാതെ ...

vijayanmater
വിജയൻ മാസ്റ്റർ

വടകര: അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി, ആത്മാന്വേഷണ വഴിയിൽ നിലയ്ക്കാത്ത സഞ്ചാരത്തിലാണ് എഴുപതിലേക്ക് കടക്കുമ്പോഴും ഈ ആചാര്യൻ; മണിയൂർ മുടപ്പിലാവിൽ കരുവോത്ത് വിജയൻ. വിദ്യകളോരോന്നു വഴങ്ങിയപ്പോഴും അടുത്തതെന്തെന്ന ചിന്തയിൽ യാത്ര അറ്റം കാണാതെന്നോണം നീളുന്നു.

യോഗയിലും കളരി മുറകളിലുമെന്നല്ല, ഏതാണ്ടു അന്യം നിന്നുപോയ പല ഉപാസനാ സമ്പ്രദായങ്ങളിലും അസാധാരണ പ്രാവീണ്യമുണ്ട് ഇദ്ദേഹത്തിന്. രാജ്യത്തും പുറത്തുമായി നൂറു കണക്കിന് ശിഷ്യരുണ്ടെന്നതു തന്നെ ഏറ്റവും വലിയ സമ്പത്ത്. വിജയൻ മാസ്റ്ററെ കുറിച്ച് പറഞ്ഞാൽ തീരില്ല ഇവർക്ക്. അടുത്തറിയുമ്പോൾ കടലോളമാണ് ജ്ഞാനമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ശിഷ്യവൃന്ദത്തിലെ പ്രമുഖരൊക്കെയും.

അപൂർവ ക്രിയാ യോഗ ഇന്ത്യയിൽ തന്നെ പൊതുവെ അഞ്ചെണ്ണത്തിൽ ഒതുങ്ങുമ്പോൾ 200 ക്രിയകൾ വശമുണ്ട് ഇദ്ദേഹത്തിന്. പ്രാണായാമങ്ങളിലെ 128 വകഭേദങ്ങളും ആയുധമില്ലാതെ തന്നെ ശത്രുവിനെ തറ പറ്റിക്കാനാവുന്ന വ്യാനകുംഭകം പോലുള്ള ആയോധന വിദ്യകളും വിജയന് വഴങ്ങും.

വൈദിക ഉപാസനാ സമ്പ്രദായങ്ങളിലും കളരിയുടെ ലോകത്ത് അറിയപ്പെടാതെ കിടക്കുന്ന നിരവധി അഭ്യാസമുറകളിലും പലർക്കും പരിചിതമല്ലാത്ത നിരവധി പ്രാണായാമങ്ങളിലുമെല്ലാം അദ്വിതീയൻ. പക്ഷേ, ഒരിക്കലും കീർത്തിയ്ക്ക് പിറകെ പോകാറില്ല.

മുടപ്പിലാവിൽ 1952 ഏപ്രിൽ 3 ന് ശങ്കരൻ അടിയോടി - ലക്ഷ്മിക്കുട്ടി അമ്മ ദമ്പതികളുടെ മകനായി ജനനം. 13-ാം വയസ്സിൽ അച്ഛന്റെ ഉറ്റസുഹൃത്തും സിദ്ധാശ്രമ സ്ഥാപകൻ ശിവാനന്ദ പരമഹംസരുടെ പ്രഥമ ശിഷ്യന്മാരിൽ ഒരാളുമായിരുന്ന നടക്കൽ ഗോവിന്ദ സ്വാമിയിൽ നിന്ന് സിദ്ധവിദ്യയിൽ ഉപദേശങ്ങൾ ഏറ്റുവാങ്ങിയാണ് ആദ്ധ്യാത്മിക സാധനാ സപര്യയ്ക്ക് തുടക്കമിട്ടത്. പിന്നീട് മഹാസിദ്ധൻ ചെരണ്ടത്തൂർ കൃഷ്ണസ്വാമിയിൽ നിന്നു മന്ത്രദീക്ഷ സ്വീകരിച്ചു.

ഇതിനിടയിൽ കോളേജ് വിദ്യാഭ്യാസകാലത്ത് നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. വിദ്യാർത്ഥിയായിരിക്കെ ചാമുണ്ഡേശ്വരി ഉപാസകനായിരുന്ന വിജയൻ നക്സൽ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതാവ് കനു സന്യാൽ വഴി കാളി ഉപാസനയും സ്വായത്തമാക്കിയിരുന്നു. ആദ്ധ്യാത്മിക സാധനയും നക്സൽ പ്രവർത്തനവും ഒരുമിച്ചുകൊണ്ടു പോകുന്നതിൽ വൈരുദ്ധ്യത്തിന്റെ വിലങ്ങുതടിയുണ്ടായില്ല. എന്നാൽ, ചൈനയിലെ സാംസ്കാരിക വിപ്ലവത്തിനിടെയുണ്ടായ കൂട്ടക്കൊല വിജയനെ രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും അകറ്റി.

പ്രീ യൂണിവേഴ്സിറ്റി പഠനകാലത്ത് കടത്തനാട് കളരി സംഘത്തിലെ മാടോള്ളതിൽ ദാമു ഗുരുക്കളിൽ നിന്നാണ് കളരി പഠിക്കാൻ തുടങ്ങിയത്. കളരിമുറയിൽ മിഴിവും തെളിവും കണ്ടറിഞ്ഞ ഗുരുക്കൾ വിജയന് ഹനുമാൻ ഉപാസനയിൽ ദീക്ഷ നൽകി.

ബി.എഡ് പരിശീലനം കഴിഞ്ഞ് വിജയൻ 1975 മേയിൽ ആറങ്ങോട്ട് മാപ്പിള എൽ.പി.സ്കൂളിൽ അദ്ധ്യാപകനായെത്തി. ഇക്കാലത്ത് തന്നെ ശ്രീവിദ്യാ സമ്പ്രദായത്തിൽ ദീക്ഷ ലഭിച്ചു.

കളരി വെറും ആയോധനകല മാത്രമല്ലെന്നും ഈശ്വര സാക്ഷാത്കാരത്തിനുതകുന്ന ഉപാസനാ മാർഗം കൂടിയാ ണെന്നുമാണ് വിജയന്റെ പക്ഷം. ഇത് സാധൂകരിക്കാൻ ഒരോ കളരിമുറകൾക്കുമുള്ള പ്രാണായാമങ്ങളെയും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

സാമൂഹികാന്തരീക്ഷത്തെ കുറിച്ച് പറയുമ്പോൾ, ശ്രീനാരായണ ഗുരുവിനു ശേഷം ഒരു ആചാര്യൻ ഉണ്ടായില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ഇദ്ദേഹം. ഗുരുദേവ ദർശനം ജീവിതരീതിയാക്കാൻ അധികമാരും ശ്രമിക്കുന്നില്ല. കുണ്ഡലിനി തന്നെ സർമാന തന്ത്രങ്ങളുടെയും ആകെത്തുകയാണ്. ഗുരുദേവ ആത്മാനുഭവങ്ങൾ പൂർണമായും വൈദികമാണുതാനും. ഇവ രണ്ടും സമന്വയിക്കുന്നുവെന്നതാണ് ഗുരുദേവ ദർശനങ്ങളുടെ മഹത്വമെന്നും വിജയൻ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, KN0WLEDGE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.