SignIn
Kerala Kaumudi Online
Friday, 19 April 2024 7.15 PM IST

ലക്ഷ്യം കാണാതെ ഔഷധോദ്യാനം: പച്ച പിടിച്ചില്ല സഞ്ജീവനി വനം

sanjeevanam
കാടുമൂടിക്കിടക്കുന്ന സജ്ജീവനി വനം

ഇരിട്ടി : ഔഷധോദ്യാനമാക്കാനുള്ള ലക്ഷ്യത്തോടെ ഇരിട്ടി വള്ള്യാട്ട് ആരംഭിച്ച സഞ്ജീവനി വനപദ്ധതി എങ്ങുമെത്താതെ കാടുകയറി നശിക്കുന്നു. അധികൃതരുടെ തലതിരിഞ്ഞ പരിഷ്കരണ പരിപാടികളും ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരവും ഈ വനവത്കരണ പദ്ധതിയെ ഇല്ലാതാക്കുമ്പോൾ ഒരു തലമുറയുടെ ഹരിതസ്വപ്നമാണ് ക്ഷയിക്കുന്നത്. ഈ നഗരവനത്തെ ഉപയോഗപ്പെടുത്തി ഇരിട്ടിക്കായി ഒരു ഇക്കോ ടൂറിസം പാർക്ക് നിർമ്മിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.

ഒന്നരപതിറ്റാണ്ട് മുമ്പാണ് ഇത്തരമൊരു ആശയം ഉയർന്നു വന്നത്. ആദ്യഘട്ടത്തിൽ ഏറെ മുന്നോട്ടുപോയെങ്കിലും രണ്ടു വർഷം കഴിയുമ്പോഴേക്കും പ്രവർത്തനം മന്ദഗതിയിലാകുകയായിരുന്നു.ഓരോ ചെടിയുടെ മുന്നിലും അതിന്റെ ശാസ്ത്രനാമവും നാട്ടുപേരുകളും പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആർക്കും കണ്ട് പരിചയപ്പെടാനും പഠിക്കാനും ഉതകുന്നതരത്തിലുള്ള മനോഹരമായ ഒരു ഔഷധോദ്യാനം തന്നെ ആയിരുന്നു ഇത്. എന്നാൽ, പൊടുന്നനെ ഇതിന്റെ പ്രവൃത്തി നിലക്കുന്നതാണ് പിന്നീട് കാണാനായത്. ആരും തിരിഞ്ഞു നോക്കാനില്ലാതെ ഉദ്യാനം കാട് കയറുകയും കന്നുകാലികളുടെ മേച്ചിൽ സ്ഥലമായി ഇവിടം മാറുകയും ചെയ്തു. സാമൂഹ്യ ദ്രോഹികൾ ഇവിടെ നിന്ന് വിവിധ തരത്തിലുള്ള ഔഷധങ്ങൾ കടത്തുകയും കൂടിയായതോടെ പ്രദേശം ഒരു നഗരവനമായി മാറി.

10 ഹെക്ടർ സ്ഥലം

 30 വർഷം പാട്ടത്തിന്

നയനമനോഹരം

ഇരിട്ടി -എടക്കാനം റോഡിൽ പഴശ്ശി പദ്ധതിയുടെ അധീനതയിലാണ് ഭൂമി. രണ്ടര ഹെക്ടർ സ്ഥലത്താണ് സാമൂഹികവനവത്കരണ വിഭാഗം നിരവധി തരത്തിലുള്ള ഔഷധ ചെടികളും വൃക്ഷങ്ങളും വച്ചു പിടിപ്പിച്ചത്.

മൂന്നുവശവും പഴശ്ശിജലാശയത്താൽ ചുറ്റപ്പെട്ടുകിടക്കുന്നതാണ് ഈ ഭൂമി. ഇരിട്ടി പട്ടണത്തിൽ നിന്നും തലശ്ശേരി വളവുപാറ റോഡിലെ കീഴൂർ കവലയിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ മാത്രം അകലം. ലക്ഷങ്ങളോ കോടികളോ മുടക്കാതെ തന്നെ പ്രകൃതിക്ക് കോട്ടം വരുത്താതെ ഇരിട്ടി മേഖലയിലെ ജനങ്ങൾക്കുതകുന്ന വിധം ഈ വനത്തെ പ്രയോജനപ്പെടുത്തി മനോഹരമായ ഒരു ഇക്കോ പാർക്ക് നിർമ്മിക്കാനാവും.

ഇനി വേണ്ടത്

അടിക്കാടുകൾ വെട്ടിത്തെളിക്കുന്നതോടൊപ്പം ഇരിപ്പിടങ്ങളും മറ്റു വിനോദോപാധികളും ഒരുക്കണം. ഒരു ഭാഗം ബാവലിപ്പുഴ അതിരിടുന്നതുകൊണ്ടു തന്നെ ഈ ഭാഗത്തെ പ്രയോജനപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകണം. ഇപ്പോൾ ഉപയോഗപ്പെടുത്തിയിരിക്കുന്ന രണ്ടര ഹെക്ടറിന് പുറമേ ബാക്കിയുള്ള ഏഴര ഹെക്ടറോളം സ്ഥലം കൂടി ഉപയോഗപ്പെടുത്തണം. ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്ന അകംതുരുത്തി ദ്വീപും പെരുമ്പറമ്പിലെ പഴയ മഹാത്മാഗാന്ധി പാർക്കും ഇതിന്റെ മറുകരകളിലാണ്. മൂന്നുഭാഗവും ചുറ്റപ്പെട്ടുകിടക്കുന്ന പഴശ്ശി ജലാശയത്തേയും വേണ്ടവിധം ഉപയോഗപ്പെടുത്താനും കഴിയണം.

പാളിപ്പോയതിൽ ആദ്യത്തേതല്ല

2005ന്റെ അവസാനത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ ഇരിട്ടി പാലത്തിനടുത്ത് അഞ്ച് കോടി രൂപ ബഡ്ജറ്റിൽ കൂർഗ് വാലി റിവർ വ്യൂ പാർക്ക്‌ എന്ന പേരിൽ മറ്റൊരു പദ്ധതിക്ക് രൂപ രേഖ തയ്യാറാക്കിയെങ്കിലും അതും പ്രാരംഭ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി. ഇരിട്ടിയിൽ നിന്നും പഴശ്ശി പദ്ധതിയിലേക്ക് നീളുന്ന റോഡിന്റെ അരികു ചേർന്ന് കിടക്കുന്നു എന്നതുകൊണ്ടുതന്നെ വിനോദ സഞ്ചാരികൾക്കും ഏതു കൊടും വേനലിലും നട്ടുച്ച നേരത്തും തണലൊരുക്കുന്ന ഈ പച്ചത്തുരുത്ത് ഒരു അനുഭവമായി മാറും. അൽപ്പം പരിശ്രമമുണ്ടെങ്കിൽ ഈ നഗരവനത്തെ ഇരിട്ടിയുടെ ഹൃദയവനമാക്കി മാറ്റാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.