SignIn
Kerala Kaumudi Online
Thursday, 25 April 2024 5.32 AM IST

കീവ് പിടിച്ചെടുക്കാനുള്ള പദ്ധതി റഷ്യ ഉപേക്ഷിച്ചിട്ടില്ല : യുക്രെയിൻ

ukraine

കീവ് : കിഴക്കൻ മേഖലയിലേക്ക് റഷ്യ ശ്രദ്ധകേന്ദ്രീകരിക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, തലസ്ഥാനമായ കീവിന് ചുറ്റും നിന്ന് റഷ്യൻ സേന പോയിട്ടില്ലെന്നും കീവ് കീഴടക്കാനുള്ള പദ്ധതി റഷ്യ ഉപേക്ഷിച്ചതായി തോന്നുന്നില്ലെന്നും യുക്രെയിൻ.

അതേ സമയം, റഷ്യയും യുക്രെയിനും തമ്മിലെ സമാധാന ചർച്ചകൾ ഇന്ന് തുർക്കിയിലെ ഇസ്താംബുളിൽ തുടങ്ങുമെന്ന് ക്രെംലിൻ അറിയിച്ചു. ഇന്നലെ തുടങ്ങുമെന്നായിരുന്നു യുക്രെയിൻ ആദ്യം അറിയിച്ചിരുന്നത്. അതേ സമയം, റഷ്യ മുന്നോട്ട് വച്ച ' നിഷ്പക്ഷ രാഷ്ട്ര " പദവിയെന്ന ആവശ്യം തന്റെ സർക്കാർ ശ്രദ്ധാപൂർവം പരിഗണിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.

സമാധാന ചർച്ചകൾ ഇന്ന് വീണ്ടും തുടരാനിരിക്കെയാണ് സെലെൻസ്കിയുടെ പ്രസ്താവന. പ്രശ്ന പരിഹാരത്തിന് യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ ഓസ്ട്രിയ, സ്വീഡൻ എന്നീ രാജ്യങ്ങളെ പോലെ നാറ്റോ സൈനിക സഖ്യത്തിന് പുറത്ത് സ്വന്തം സൈന്യമുള്ള നിഷ്പക്ഷ രാജ്യമാകാൻ യുക്രെയിൻ തയാറാകണമെന്ന് നേരത്തെ റഷ്യ ആവശ്യപ്പെട്ടിരുന്നു.


പടിഞ്ഞാറൻ നഗരമായ ലുറ്റ്സ്കിൽ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ റഷ്യൻ മിസൈലാക്രമണമുണ്ടായി. ഈ മിസൈലുകൾ അയൽരാജ്യമായ ബെലറൂസിൽ നിന്നാണ് പതിച്ചതെന്ന് ലുറ്റ്സ്കിലെ പ്രാദേശിക ഭരണകൂടം ആരോപിച്ചു. ആളപായമുണ്ടായതായി സൂചനയില്ല.

അതേ സമയം, ചെർണോബിൽ ആണവ പ്ലാന്റിന് സമീപം 10,111 ഹെക്ടർ പ്രദേശത്തായി 31 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പരിസരത്തെ അന്തരീക്ഷത്തിലെ റേഡിയോ ആക്ടീവ് സാന്നിദ്ധ്യം വർദ്ധിക്കാൻ ഇത് കാരണമാകുമെന്ന് യുക്രെയിൻ അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ ചെർണോബിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്.

ഖാർക്കീവിൽ റഷ്യയ്ക്കെതിരെ യുക്രെയിൻ സൈന്യം തിരിച്ചടി തുടരുകയാണ്. ചൊർണൊബൈവ്‌കയിലെ വിമാനത്താവളം പിടിച്ചെടുക്കാൻ 12 തവണ റഷ്യ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി യുക്രെയിൻ അറിയിച്ചു. ലുഹാൻസ്കിൽ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

കീവിനെ ലക്ഷ്യമാക്കി നീങ്ങിയ 40 മൈൽ നീളത്തിലെ റഷ്യൻ സൈനികവ്യൂഹത്തെ തകർത്തെന്ന് യുക്രെയിന്റെ പ്രത്യേക പ്രതിരോധ സേന അവകാശപ്പെട്ടു. ഏകദേശം 160,000 പേർ വൈദ്യുതിയില്ലാതെ മരിയുപോളിൽ കുടുങ്ങിയിരിക്കുകയാണ്.

ഇർപിൻ നഗരത്തിൽ നിയന്ത്രണം യുക്രെയിൻ സേന തിരിച്ചുപിടിച്ചെന്ന് മേയർ പറഞ്ഞു. യു.എസ്, യു.കെ, 27 യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് റഷ്യ പറഞ്ഞു.

അതേ സമയം, പുട്ടിന് റഷ്യയിൽ അധികാരത്തിൽ തുടരാനാകില്ലെന്ന തന്റെ പരാമർശത്തിൽ വിശദീകരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ രംഗത്തെത്തി. റഷ്യയിൽ ഭരണമാറ്റമല്ല താൻ ആഹ്വാനം ചെയ്തതെന്ന് ബൈഡൻ വ്യക്തമാക്കി. പുട്ടിനെ അധികാരത്തിൽ നിന്ന് നീക്കാൻ നാറ്റോയും ലക്ഷ്യമിടുന്നില്ലെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും പറഞ്ഞു.

ബെലറൂസ് യുദ്ധത്തിന്റെ ഭാഗമാകാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്നും യുക്രെയിൻ വ്യക്തമാക്കി. യുക്രെയിനിൽ നിന്ന് ഇതുവരെ പാലായനം ചെയ്തവരുടെ എണ്ണം 38 ലക്ഷം കടന്നു. അതേ സമയം, ചൈനയുമായുള്ള റഷ്യയുടെ ബന്ധം ഇതുവരെയുള്ളതിനേക്കാൾ ശക്തമായ നിലയിലാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു.

 യുക്രെയിന് പിന്തുണയുമായി ഓസ്കാർ വേദി

റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയിൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓസ്കാർ വേദി. യുക്രെയിൻ ജനതയ്ക്ക് സാമ്പത്തിക സഹായങ്ങൾ നൽകാൻ ലോകത്തോട് വേദി ആഹ്വാനം ചെയ്തു. യുക്രെയിൻ ജനതയ്ക്ക് പിന്തുണയറിയിച്ച് ഓസ്കാർ വേദിയിൽ ഒരു നിമിഷം നിശബ്ദമായി.

യുക്രെയിനോടുള്ള പിന്തുണ അറിയിക്കാൻ നിരവധി സെലിബ്രിറ്റികൾ നീല റിബണുകളും ധരിച്ചാണ് റെഡ് കാർപ്പറ്റിലെത്തിയത്. ഗാന രചയിതാവ് ഡയാൻ വാറൻ, നടി യൂൻ യാജുംഗ്, ജാമി ലീ കർട്ടിസ് തുടങ്ങിയവർ ഇതിൽപ്പെടുന്നു. നടന്മാരായ ബെനഡിക്റ്റ് കംബർബാച്ച്, ജേസൺ മൊമോവ എന്നിവർ യുക്രെയിൻ പതാകയുടെ നിറത്തിലെ ബട്ടണും പോക്കറ്റ് സ്ക്വയറും ധരിച്ചിരുന്നു.

 പ്രവർത്തനം നിറുത്തി സ്വതന്ത്ര മാദ്ധ്യമം

യുക്രെയിനിലെ റഷ്യൻ അധിനിവേശം അവസാനിക്കുന്നത് വരെ ഓൺലൈൻ,​ പ്രിന്റ് സേവനങ്ങൾ നിറുത്തുന്നതായി റഷ്യയിലെ സ്വതന്ത്ര മാദ്ധ്യമമായ നൊവായ ഗസറ്റ. റഷ്യയുടെ പുതിയ മാദ്ധ്യമ നിയമ പ്രകാരം നൊവായ ഗസറ്റയുടെ വെബ്സൈറ്റിൽ നിന്ന് സൈനിക നടപടി സംബന്ധിച്ച വാർത്തകൾ നീക്കം ചെയ്യുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സമാധാന നോബൽ സമ്മാന ജേതാവായ റഷ്യൻ മാദ്ധ്യമപ്രവർത്തകൻ ഡിമിട്രി മുററ്റോവ് നൊവായ ഗസറ്റയുടെ എഡിറ്റർ ഇൻ ചീഫാണ്. തനിക്ക് ലഭിച്ച നോബൽ സമ്മാന മെഡൽ ലേലത്തിന് വയ്ക്കുമെന്നും അതിലൂടെ ലഭിക്കുന്ന തുക യുക്രെയിൻ അഭയാർത്ഥികളുടെ ക്ഷേമത്തിനായി നൽകുമെന്നും അദ്ദേഹം കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.