SignIn
Kerala Kaumudi Online
Friday, 19 April 2024 5.02 PM IST

വളത്തിൽ വ്യാജൻ, വിലക്കയറ്റം, കൃത്രിമക്ഷാമം, വേനൽമഴ... നട്ടംതിരിഞ്ഞ് കർഷകർ

para
പറപ്പൂക്കായൽ പാടശേഖര കർഷക കൂട്ടായ്മ പറ സമർപ്പണം

തൃശൂർ: കടുത്ത വേനലിലും അപ്രതീക്ഷിതമായ വേനൽമഴയിലും വിളവുകൾ നശിക്കുമ്പോൾ കൂനിൽക്കുരുവായി വ്യാജവളങ്ങൾ സൃഷ്ടിച്ച തിരിച്ചടിയിലും വിലവർദ്ധനയിലും പകച്ചുനിൽക്കുകയാണ് കർഷകർ. കൊവിഡിന് പിന്നാലെ റഷ്യ യുക്രെയിൻ യുദ്ധവും സാമ്പത്തികപ്രതിസന്ധികളും കാരണം വളത്തിന്റെ ഇറക്കുമതിയും നന്നേ കുറഞ്ഞിരുന്നു. ഇത് മുതലെടുത്താണ് കൃത്രിമക്ഷാമമുണ്ടാക്കിയും പ്രാദേശികമായി ഗുണമേന്മയില്ലാത്ത വളങ്ങൾ നിർമ്മിച്ച് വിറ്റും ചിലർ കർഷകരെ വെട്ടിലാക്കിയത്.

അമിതവില കൊടുത്ത് മണ്ണിന് ദോഷമുണ്ടാക്കുന്ന വളം പ്രയോഗിച്ചതിനാൽ കോൾമേഖലയിൽ വിളവ് കുറഞ്ഞതായി കർഷകർ പറയുന്നു. റഷ്യ, യുക്രെയിൻ, കാനഡ, അമേരിക്ക, ചൈന എന്നിവിടങ്ങളിൽ നിന്ന് വളം വരുന്നില്ല. യൂറിയ പോലുള്ളവ മാത്രമാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഗുണമേന്മയുള്ള കീടനാശിനികളും കിട്ടാനില്ല. കർഷകർക്കെന്ന പോലെ വളം കീടനാശിനി വിതരണക്കാരും പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ ഒഫ് ഫെർട്ടിലൈസേഴ്‌സ്, പെസ്റ്റിസൈഡ്‌സ് ആൻഡ് സീഡ്‌സ് ഡീലേഴ്‌സ് ഭാരവാഹികൾ പറഞ്ഞു.

കമ്പനികളുടെ സീൽ ചെയ്ത ബാഗുകളിൽ നിന്നും പരിശോധനയ്ക്ക് എടുക്കുന്ന വളങ്ങൾക്ക് ഗുണനിലവാരം കുറഞ്ഞാൽ വിൽപ്പനക്കാരനും കർശനമായ ശിക്ഷാനടപടികളാണ് നിർദ്ദേശിക്കുന്നത്. ഇതിനെതിരെ ഓൾ ഇന്ത്യ അസോസിയേഷനുമായി സഹകരിച്ച് കേന്ദ്രസർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിന്റെ ഭാഗമായി വളം വിൽപ്പനയിലെ ശിക്ഷാനടപടികൾ ലഘൂകരിക്കാമെന്ന് കേന്ദ്ര രാസവള മന്ത്രി ഉറപ്പ് നൽകിയിരുന്നു. നേരത്തെ വളങ്ങൾക്കും കീടനാശിനികൾക്കും നികുതി ഉണ്ടായിരുന്നില്ല. ജി.എസ്.ടി വന്നതോടെ നികുതിയും ഏർപ്പെടുത്തി. ഇതിനിടെയിലാണ് കൃത്രിമക്ഷാമം ഉണ്ടാക്കി കമ്പനികൾ വില ഉയർത്തിയത്.

  • നികുതി നിരക്ക്:
  • വളങ്ങൾക്ക് 5 %
  • കീടനാശിനികൾക്ക് 18 %

നികുതികൾ പിൻവലിച്ച് വളം, കീടനാശിനികൾ എന്നിവയുടെ വിലവർദ്ധനവിന് പരിഹാരം കാണണം. നിയന്ത്രണമില്ലാതെയാണ് വിലവർദ്ധന. കർഷകർ ആവശ്യപ്പെടുന്ന വളങ്ങൾ കൃത്യസമയത്ത് എത്തിക്കാൻ കഴിയണം. വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം.

- കെ.ആർ. സദാനന്ദൻ, സെക്രട്ടറി, അസോസിയേഷൻ ഒഫ് ഫെർട്ടിലൈസേഴ്‌സ് പെസ്റ്റിസൈഡ്‌സ് ആൻഡ് സീഡ് ഡീലേഴ്‌സ്‌

  • ദേവീപ്രീതിക്കായി 103 പറ സമർപ്പിച്ച്...

വറുതിയായാലും സമൃദ്ധിയായാലും കേച്ചേരി പറപ്പൂക്കാവ് പൂരത്തോടനുബന്ധിച്ച് പറപ്പൂക്കായൽ പാടശ്ശേഖര കർഷക കൂട്ടായ്മ പറ സമർപ്പിക്കാറുണ്ട്. കൊവിഡ് മൂലം മുടങ്ങിയ പറയെടുപ്പ് ഇക്കൊല്ലം മുൻകാലത്തേക്കാൾ പ്രൗഢിയോടെയാണ് നിർവഹിച്ചത്.
എല്ലാ മതസ്ഥരും പങ്കാളികളാകുന്ന ഈ ചടങ്ങ് മതേതരത്വത്തിന്റെ കണ്ണാടി കൂടിയാണ്. 101 നെൽപ്പറയും ഒരു മലർപ്പറയും ഒരു പൂപ്പറയും ചേർന്ന് 103 പറകളാണ് പൂരം കൊടിയേറ്റത്തിന്റെ ഭാഗമായി കർഷകർ ദേവീപ്രീതിക്കായി സമർപ്പിച്ചത്. കർഷക കൂട്ടായ്മ പ്രതിനിധികളായ പി.എം. കുമാരൻ, കെ.എ. കൃഷ്ണൻ , മനാഫ് കേച്ചേരി, കർഷക കൂട്ടായ്മ സംഘാടക സമിതി അംഗങ്ങളായ പി.ബി. സുരേന്ദ്രൻ , എൻ.എസ്. രാധാകൃഷ്ണൻ, കെ.എസ്. രാമകൃഷ്ണൻ, കെ.കെ.സിദ്ധാർത്ഥൻ, പറപ്പൂക്കാവ് ദേവസ്വം പ്രസിഡന്റ് പി.ജി. അജയൻ , പഞ്ചായത്ത് അംഗം എൻ.ഡി. സജിത്ത്, കർഷക സമിതി മുൻ സെക്രട്ടറി ജോൺസൺ കേച്ചേരി തുടങ്ങിയവർ പങ്കാളികളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.