SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.07 PM IST

എ.കെ.ജിയുടെ കണ്ണൂർ

akg
കണ്ണൂരിലെ എ.കെ. ജി പ്രതിമ

കണ്ണൂർ: ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ സ്മാരകങ്ങളുള്ള നേതാവ് എ.കെ.ജിയായിരിക്കും. അത് അദ്ദേഹത്തോടുള്ള ജനങ്ങളുടെ ആദരവിന്റെ അടയാളമാണ്. സി.പി.എം പ്രവർത്തകർ മാത്രമല്ല, രാഷ്ട്രീയമില്ലാത്തവർ പോലും നെഞ്ചിലേറ്റുന്ന പേരാണ് എ.കെ.ജിയുടേത്. ഇന്ത്യൻ കോഫി ഹൗസ് എന്ന ഹോട്ടൽ ശൃംഖല മാത്രം മതി, വിശക്കുന്ന ഒരു ജനതയെ അദ്ദേഹം എങ്ങനെ ചേർത്തുവച്ചുവെന്നറിയാൻ. ആയില്യത്ത് കുറ്റേരി ഗോപാലൻ എന്ന എ.കെ.ജി കണ്ണൂരിന്റെ ചരിത്രം കൂടിയാണ്.

പെരളശേരിയിൽ ജനിച്ച് കേരളം മുഴുവൻ നിറഞ്ഞ് ഇന്ത്യയിലാകെ വികാരമായി മാറിയ നേതാവാണ് എ.കെ.ജി. പാവങ്ങളുടെ പടത്തലവനായിരുന്ന എ.കെ. ഗോപാലൻ എന്ന എ.കെ.ജി ഓർമയായിട്ട് 45 വർഷം. ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാർത്ഥ രാഷ്ട്രീയസ്വാതന്ത്ര്യം നേടാനാകൂവെന്ന് വിശ്വസിച്ച നേതാവായിരുന്നു എ.കെ.ജി. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവന്നതാണ് എ.കെ. ഗോപാലന്റെ ഏറ്റവും വലിയ സംഭാവന.

തൊഴിലാളി സമരങ്ങൾക്കൊപ്പം അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടങ്ങളുടെയും മുന്നണിപ്പോരാളിയായിരുന്നു എ.കെ.ജി. സമരം തന്നെ ജീവിതമാക്കി മാറ്റി അദ്ദേഹം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് പൊതുരംഗത്ത് സജീവമായ എ.കെ.ജി നിയമലംഘന സമരം അടക്കമുള്ളവയുടെ മുൻനിരയിലുണ്ടായിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നും എ.കെ.ജി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും ചുവടുമാറ്റി.

ഫറോക്ക് ഓട്ടുതൊഴിലാളി സമരം, തലശ്ശേരിയിലെ ബീഡി തൊഴിലാളി സമരം, കണ്ണൂർ കോട്ടൺമില്ലിലെ സമരം, നെയ്ത്ത് തൊഴിലാളി സമരം, അമരാവതിയിലെ സമരം, കൊട്ടിയൂരിലെയും കീരിത്തോട്ടത്തിലെയും കുടിയിറക്കലിനെതിരെ നടന്ന സമരം തുടങ്ങി എവിടെയും ചൂഷിതർക്കൊപ്പം എ.കെ.ജിയുണ്ടായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ ജയിലിലായിരുന്ന എ.കെ.ജി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായി. തുടർച്ചയായി അഞ്ചുതവണ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.കെ.ജി 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പമായിരുന്നു.

ഇന്ത്യയിൽ കരുതൽ തടങ്കലിലായ ആദ്യ രാഷ്ട്രീയ നേതാവാണ് എ.കെ.ജി. രാജ്യത്തിനുതന്നെ മാതൃകയായ സഹകരണ പ്രസ്ഥാനങ്ങൾക്ക് അമരക്കാരനായതും എ.കെ.ജി തന്നെ. 1940ൽ ആരംഭിച്ച ഇന്ത്യൻകോഫി ഹൗസ് തൊഴിലാളി വർഗ്ഗത്തിന് എ.കെ.ജിയുടെ വിലമതിക്കാനാവാത്ത സംഭാവനയാണ്. സമരം തന്നെ ജീവിതമാക്കി മാറ്റുകയും ആ ജീവിതം തൊഴിലാളിവർഗ്ഗത്തിന് സമർപ്പിക്കുകയും ചെയ്ത എ.കെ. ഗോപാലൻ 1977 മാർച്ച് 22ന് ആണ് ഈ ലോകത്തോട് വിട പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CPM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.