ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കുത്തക അവസാനിപ്പിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം ചൂടി. ബ്ളൂംബെർഗിന്റെ റിപ്പോർട്ടുപ്രകാരം 10,000 കോടി ഡോളർ (7.59 ലക്ഷം കോടി രൂപ) സമ്പാദ്യത്തോടെയാണ് അംബാനിയെ അദാനി കടത്തിവെട്ടിയത്. 9,900 കോടി ഡോളറാണ് (7.52 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ ആസ്തി.
കഴിഞ്ഞവർഷം അദാനി സമ്പാദ്യത്തിൽ കൂട്ടിച്ചേർത്തത് 2,350 കോടി ഡോളറാണ് (1.78 ലക്ഷം കോടി രൂപ). മുകേഷിന്റെ ആസ്തിയിലുണ്ടായ വർദ്ധന 903 കോടി ഡോളർ (68,623 കോടി രൂപ). ബ്ളൂംബെർഗിന്റെ ആഗോള സമ്പന്നപട്ടികയിൽ ഗൗതം അദാനി 10-ാമതും മുകേഷ് അംബാനി 11-ാമതുമാണ്. സെന്റിബില്യണർ (100 ബില്യൺ ഡോളർ) ക്ളബ്ബിലും ഗൗതം അദാനി ഇടംപിടിച്ചിട്ടുണ്ട്; 10,000 കോടി ഡോളറിനുമേൽ ആസ്തിയുള്ളവരാണ് ക്ളബ്ബിലുള്ളത്.
27,300 കോടി ഡോളർ ആസ്തിയുമായി ടെസ്ല സി.ഇ.ഒ എലോൺ മസ്കാണ് ലോകത്തെ ഏറ്റവും സമ്പന്നൻ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (18,800 കോടി ഡോളർ) രണ്ടാമതും എൽ.വി.എം.എച്ച് ഉടമ ബെർണാഡ് അർണോ (14,800 കോടി ഡോളർ) മൂന്നാമതുമാണ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സാണ് നാലാമത്; ആസ്തി 13,300 കോടി ഡോളർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |