SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.31 PM IST

ഐ.എൻ.ടി.യു.സി പ്രകടനവും ചില്ലറ വിവാദങ്ങളും

vivadavela

കോൺഗ്രസിൽ എന്തും പരസ്പരം കുത്താനുള്ള ആയുധമാണ്. ഏത് വൈക്കോൽതുരുമ്പിൽ നിന്നും മൂർച്ചയേറിയ അസ്ത്രമുണ്ടാക്കി തനിക്ക് എതിരാളിയെന്ന് തോന്നുന്നയാളെ അസ്തപ്രജ്ഞനാക്കാൻ മിടുക്കുള്ളവരാണ് പല കോൺഗ്രസ് നേതാക്കളും. അപൂർവം നിഷ്കളങ്കരും സത്യസന്ധരും ആത്മാർത്ഥത കൈമുതലാക്കിയവരും ഇല്ലെന്നല്ല. മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെയുള്ളവർ. നിലപാടുകളിൽ ദൃഢതയും ആർജവവും പുലർത്തുന്ന മറ്റ് ചിലരുമുണ്ട്. ഏത് കാര്യവും പഠിച്ചിട്ടേ അവർ പറയൂ. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ നമുക്ക് അക്കൂട്ടത്തിൽ പെടുത്താം.

ഇപ്പോൾ കേരളത്തിലെ കോൺഗ്രസിനകത്ത് നിഴൽയുദ്ധം നടക്കുന്നത് വി.ഡി. സതീശനെ ലാക്കാക്കിയാണ്. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന് പിറ്റേദിവസം അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പ്രതികരണത്തെ ചൊല്ലിയാണ് കോലാഹലം. അദ്ദേഹം പറഞ്ഞത് ഐ.എൻ.ടി.യു.സി എന്ന ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസിനെക്കുറിച്ചാണ്. കോൺഗ്രസ് നേതൃത്വത്തിന് കീഴിലെ തൊഴിലാളിസംഘടനയാണ് ഐ.എൻ.ടി.യു.സി.

ഇന്ത്യ സ്വതന്ത്രയാവുന്നതിന് തൊട്ടുമുമ്പാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിസംഘടനയുടെ ഉത്ഭവം. 1947 മേയ് മൂന്നിന് ന്യൂഡൽഹിയിൽ രൂപീകരിച്ചു. അന്ന് എ.ഐ.സി.സി അദ്ധ്യക്ഷനായിരുന്ന ആചാര്യ കൃപലാനിയാണ് ഉദ്ഘാടകൻ. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ജഗ്ജീവൻ റാമും അരുണ ആസഫലിയും ഡോ. രാം മനോഹർ ലോഹ്യയും അടക്കമുള്ള മഹാരഥന്മാർ യോഗത്തെ സാന്നിദ്ധ്യം കൊണ്ട് അലങ്കരിച്ചു. ഗുൽസാരിലാൽ നന്ദയെ പോലുള്ളവർക്കാണ് ഐ.എൻ.ടി.യു.സിയുടെ പ്രാരംഭകാലത്ത് സുപ്രധാനമായ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചുകൊടുത്തത്. അന്ന് തൊട്ട് എ.ഐ.സി.സിയുടെ പ്രവർത്തകസമിതിയിൽ ഐ.എൻ.ടി.യു.സിയുടെ ദേശീയ അദ്ധ്യക്ഷൻ എപ്പോഴും ക്ഷണിതാവാണ്.

പോഷക സംഘടനയാണോ ഐ.എൻ.ടി.യു.സി

പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പ്രതികരിച്ചത് ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയല്ല സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നാണ്. ആ നിലപാടിൽ നിന്ന് അണുവിട പിന്മാറാൻ അദ്ദേഹം തയാറല്ല. കാരണം അദ്ദേഹം പഠിച്ച് കാര്യങ്ങൾ പറയുന്നയാളാണ്. കോൺഗ്രസുകാരനാണ്. ഐ.എൻ.ടി.യു.സിയുടെ പല തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിത്വവും കൈയാളുന്നുണ്ട്. പക്ഷേ അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചത് വാസ്തവമാണ്. ഐ.എൻ.ടി.യു.സിക്ക് സ്വതന്ത്രമായ അസ്തിത്വം നിലനിറുത്തേണ്ടതുണ്ട്. ആത്യന്തികമായി അതൊരു തൊഴിലാളി സംഘടനയാണ്. തൊഴിലാളിസംഘടനകളുടെ വർഗപരമായ ഐക്യത്തിൽ കണ്ണിയാവാൻ അതിന് സ്വതന്ത്ര അസ്തിത്വം നിലനിറുത്തിയേ പറ്റൂ. അഖിലേന്ത്യാ തലത്തിൽ ഇടതുപക്ഷ ട്രേഡ് യൂണിയനുകൾക്കൊപ്പം തോളോടുതോൾ ചേർന്ന് സമരരംഗത്തിറങ്ങാൻ കേരളത്തിലുൾപ്പെടെ അതിന് സാധിച്ചതും അതുകൊണ്ടാണ്. കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും ആണല്ലോ ബദ്ധശത്രുക്കൾ.

കോൺഗ്രസിന്റെ ഭരണഘടനയിൽ ഒരിടത്തും പോഷകസംഘടനകളെക്കുറിച്ച് പറയുന്നില്ല. ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയാണെന്ന് പാർട്ടി ഭരണഘടന അഭിപ്രായപ്പെടുന്നേയില്ല. കോൺഗ്രസ് ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഘടകസംഘടനകളെപ്പറ്റി പ്രതിപാദിക്കുന്നത്. അതിലൊരിടത്തും ഐ.എൻ.ടി.യു.സിയെന്നോ പോഷകസംഘടനയെന്നോ ഉള്ള പരാമർശമേയില്ല. അപ്പോൾ പ്രതിപക്ഷനേതാവ് പറഞ്ഞതിൽ എന്താണൊരു അപാകത. മേൽ വിവരിച്ച ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ വച്ചുനോക്കുമ്പോൾ അഖിലേന്ത്യാ പണിമുടക്കിൽ സി.ഐ.ടി.യുവു മായും എ.ഐ.ടി.യു.സിയുവുമായും ചേർന്ന് നിലകൊള്ളാൻ ഐ.എൻ.ടി.യു.സിക്ക് സാധിച്ചത് തികച്ചും അഭിമാനാർഹമാണ്. ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന് പ്രതിപക്ഷനേതാവ് വാദിക്കുമ്പോൾ ഐ.എൻ.ടി.യു.സി തൊഴിലാളികളാകെ അഭിമാനിക്കുകയാണ് വേണ്ടത്.

അഖിലേന്ത്യാ പണിമുടക്കിന്റെ കാലികപ്രസക്തി

ദേശീയതലത്തിൽ മാർച്ച് 28നും 29നുമായി നടന്ന പണിമുടക്കിന് കാലികപ്രസക്തിയുണ്ട്. രാജ്യത്തെ ലക്ഷോപലക്ഷം തൊഴിലാളിസമൂഹം പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്. തൊഴിൽ നിയമഭേദഗതിയിലൂടെ ആർക്കും എപ്പോഴും തൊഴിലാളികളെ പിരിച്ചുവിടാമെന്ന നിലപോലുമുണ്ട്. കൊവിഡ് വരുത്തിവച്ച തീരാപ്രതിസന്ധി വേറെ. മഹാമാരിയുടെ ആദ്യതരംഗ കാലത്ത് മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗൺ ഓർക്കുന്നത് നന്നായിരിക്കും. അന്ന് ഉത്തരേന്ത്യയിൽ കണ്ട തൊഴിലാളികളുടെ കൂട്ടപ്പലായനം സകലരുടെയും കണ്ണ് നനയിച്ചു. അന്യസംസ്ഥാനങ്ങളിൽ പോയി പണിയെടുത്ത് കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന പാവങ്ങളുടെ ദുരിതപൂർണമായ പലായനം മഹാമാരി കാരണമാണ് ലോകമറിഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും ശക്തമായ ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധ ചെയ്തികൾക്കെതിരെ അതിശക്തമായ തലക്കെട്ടുകളിലൂടെ വിമർശനം ചൊരിയുന്ന ടെലഗ്രാഫിന്റെ പത്രാധിപരും മലയാളിയുമായ രാജഗോപാൽ രാമചന്ദ്രൻ ഒരഭിമുഖത്തിൽ പറഞ്ഞത് ഈ ലേഖകനെയടക്കം ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു -

' നമ്മൾ തൊഴിലാളികളുടെ പക്ഷം ചേരണമായിരുന്നെന്ന് ചിന്തിക്കാൻ കഴിയുന്ന പ്രതിബദ്ധമായ മാദ്ധ്യമപ്രവർത്തനത്തിലേക്ക് മാറണമായിരുന്നു'

ആ പണിമുടക്കിൽ കണ്ണി ചേർന്നതിലൂടെ ഐ.എൻ.ടി.യു.സി ഉയർത്തിപ്പിടിച്ചത് പാൻ ഇന്ത്യൻ സമൂഹത്തെ പ്രതീകവത്കരിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുടെ അടയാളമായി കാണാനാവണം. പണിമുടക്കിന്റെ പേരിൽ വഴിയാത്രക്കാരെ തടയുന്നതും ആക്രമിക്കുന്നതും സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്നതും അംഗീകരിക്കാനാവാത്തതാണ്. പക്ഷേ, കൊവിഡ് കാലത്ത് പണിമുടക്കിനേക്കാളും തീവ്രതയോടെ അടച്ചിരിക്കാൻ വഴിപ്പെട്ട ഒരു മദ്ധ്യവർത്തി സമൂഹത്തിന് എന്തുകൊണ്ട് പാവപ്പെട്ട തൊഴിലാളികളുടെ ദുരിതത്തിന് രണ്ട് ദിവസം ഐക്യദാ‌ർഢ്യം പ്രകടിപ്പിച്ചുകൂടാ എന്ന ചോദ്യം പ്രസക്തമാണ്.

പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് നടത്തിയ പ്രതികരണമാണല്ലോ വിവാദ ബിന്ദു. അദ്ദേഹം പണിമുടക്കിനെ ചെറുതായെങ്കിലും തള്ളിപ്പറഞ്ഞതിനോട് യോജിക്കുന്നില്ല. പക്ഷേ, അക്രമ സമരമുറകൾ പാടില്ലായിരുന്നു എന്ന വാദഗതി അംഗീകരിക്കണം. എന്നാൽ ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയല്ല എന്ന് അദ്ദേഹം പറഞ്ഞതിൽ എന്താണൊരു തെറ്റ്? പ്രതിബദ്ധതയുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് അതൊരു അംഗീകാരമല്ലേ, ?

പ്രതിപക്ഷനേതാവിന്റെ വിശദീകരണം

തിരുവനന്തപുരത്തെ പ്രതിപക്ഷനേതാവിന്റെ പ്രതികരണത്തിനെതിരെ രണ്ട് ദിവസത്തിന് ശേഷം ചങ്ങനാശ്ശേരിയിൽ അരങ്ങേറിയ പ്രതിഷേധപ്രകടനമാണ് ഏവരെയും അമ്പരപ്പിച്ചത്. പ്രതിപക്ഷനേതാവും ഒരുവേള ഞെട്ടിപ്പോയിട്ടുണ്ടാകും. അതിനടുത്ത ദിവസം അദ്ദേഹം അതേ ചങ്ങനാശ്ശേരി ഉൾപ്പെടുന്ന കോട്ടയത്ത് യു.ഡി.എഫിന്റെ ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. അദ്ദേഹം അടുത്ത ദിവസം എത്തുമെന്ന് കണക്കാക്കിയായിരുന്നു തലേദിവസത്തെ ചങ്ങനാശ്ശേരിയിലെ പ്രതിഷേധമെന്ന് പ്രത്യേകിച്ചാരും പറയേണ്ടതില്ല.

പ്രകടനാനന്തരമുണ്ടായ വിവാദങ്ങൾക്ക് കോട്ടയത്ത് വച്ച് പ്രതിപക്ഷനേതാവ് വിശദീകരണം നൽകി. ഐ.എൻ.ടി.യു.സിക്ക് നിർദ്ദേശം കൊടുക്കാൻ കോൺഗ്രസിനാകില്ല എന്നദ്ദേഹം പറഞ്ഞു. "കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണെങ്കിലും സ്വതന്ത്ര നിലനില്പുള്ള ഐ.എൻ.ടി.യു.സിക്ക് പ്രത്യേക തിരഞ്ഞെടുപ്പ് പോലുമുണ്ട്. അതാണ് താൻ പറഞ്ഞത്. അത് മാറ്റിപ്പറയേണ്ട സാഹചര്യമില്ല. ഐ.എൻ.ടി.യു.സി സംസ്ഥാന, ദേശീയ പ്രസിഡന്റുമാർ ഇതിനെ കോൺഗ്രസിന്റെ പോഷകസംഘടനയാണെന്ന് പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ അവിഭാജ്യഘടകമാണ് ഐ.എൻ.ടി.യു.സി എന്നാണ് ചന്ദ്രശേഖരൻ (സംസ്ഥാന പ്രസിഡന്റ്) പറഞ്ഞത്. അക്കാര്യത്തിൽ ഒരു തർക്കവുമില്ല. ഐ.എൻ.ടി.യു.സിയുടെ ഏറ്റവും കൂടുതൽ ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കുന്നയാളാണ് ഞാനും. അക്രമസംഭവങ്ങളെ അപലപിക്കുന്നതായി ഐ.എൻ.ടി.യു.സി പ്രസിഡന്റും പറഞ്ഞിട്ടുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷനോട് ആലോചിച്ചാണ് പണിമുടക്കിലെ അക്രമം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്."

ഇത്രയും പറഞ്ഞതിന് ശേഷം പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു: "എന്തെങ്കിലും വീണുകിട്ടിയാൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഒരു കുത്തിത്തിരിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ട്. ആ സംഘം ചങ്ങനാശ്ശേരിയിൽ നടന്ന സംഭവത്തിന് പിന്നിലുമുണ്ട്. ഒന്നും കിട്ടിയില്ലെങ്കിൽ അവർ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും വാർത്തയുണ്ടാക്കും. അതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പാർട്ടിക്ക് ദോഷകരമായ രീതിയിലേക്ക് കുത്തിത്തിരിപ്പ് സംഘം കടക്കുമ്പോൾ എവിടെ നിറുത്തണമോ അവിടെ നിറുത്താനറിയാവുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളത്."

പ്രതിപക്ഷനേതാവ് ഈ പറഞ്ഞതിലാണ് അതിന്റെ രാഷ്ട്രീയമാനം മാറുന്നത്. കുത്തിത്തിരിപ്പ് സംഘം ചങ്ങനാശ്ശേരി പ്രകടനത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ച അദ്ദേഹം ഉന്നമിടുന്നത് ആരെയായിരിക്കും?

രമേശ് ചെന്നിത്തലയുടെ

ചങ്ങനാശ്ശേരി യാത്ര

ഐ.എൻ.ടി.യു.സി പ്രകടനം നടന്നതിന് തലേദിവസം രമേശ് ചെന്നിത്തല ചങ്ങനാശ്ശേരിയിൽ പാർട്ടി പരിപാടികളുമായി ഉണ്ടായിരുന്നു. അദ്ദേഹത്തെ കാണാൻ പ്രവർത്തകർ പലരുമെത്തിയിരുന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് തോമസ് അദ്ദേഹത്തിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. അവിടെ കൂടിയ ഐ.എൻ.ടി.യു.സി നേതാക്കളും മറ്റും ചേർന്നുണ്ടാക്കിയ തിരക്കഥയുടെ പ്രായോഗികരൂപമാണ് പിറ്റേദിവസം ചങ്ങനാശ്ശേരിയിൽ കണ്ടതെന്ന് ചങ്ങനാശ്ശേരി മേഖലയിലെ ചില കോൺഗ്രസുകാർ വല്ലാതെ സംശയിക്കുന്നുണ്ട്. ആ സംശയിക്കുന്നവരിൽ ചില നിഷ്പക്ഷരുണ്ട്. പുതിയ നേതൃത്വത്തെ അതായത് കെ. സുധാകരൻ- വി.ഡി. സതീശൻ നേതൃത്വത്തെ അനുകൂലിക്കുന്നവരുണ്ട്.

കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ട് യു.ഡി.എഫിനും കോൺഗ്രസിനും തിരിച്ചടിയാണുണ്ടായത്. ഇടതുമുന്നണിക്ക് തുടർഭരണം സാദ്ധ്യമായി. നേതൃത്വത്തിനെതിരെ കലാപമുയർന്നു. താഴെത്തട്ടിൽ സംഘടനാസംവിധാനം കാര്യമായി ചലിക്കാതിരുന്നതൊക്കെ വിനയായി എന്നായിരുന്നു പരാജയത്തിന് ശേഷമുണ്ടായ പഴിചാരലുകൾ. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് സ്ഥാനത്തിരുന്ന് പല അഴിമതിയാരോപണങ്ങളും സർക്കാരിനെതിരെ ഉയർത്തിയിട്ടുണ്ട്. ചിലതൊക്കെ വലിയ കോളിളക്കവുമുണ്ടാക്കി. പക്ഷേ, ക്ഷേമാനുകൂല്യ വിതരണവും കൊവിഡ്കാലത്തെ കിറ്റ് വിതരണവും ഒക്കെ ഇടതുമുന്നണിക്ക് തുടർവിജയം സമ്മാനിച്ചെന്ന് വേണം കരുതാൻ. മാത്രവുമല്ല, അഞ്ച് വർഷവും ഭരണത്തിന്റെ ആലസ്യത്തിൽ മയങ്ങിയിരിക്കാതെ താഴെത്തട്ടിൽ സി.പി.എം പ്രവർത്തകർ ഉത്സാഹഭരിതരായി നിലകൊണ്ടിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അവർ 2021ലെ കേരളഭരണം പിടിക്കാൻ കർമോത്സുകരായി നിലകൊണ്ടെന്ന് പറയുന്നതാകും ശരി. 2019ലെ വിജയം 21ലും ആവർത്തിച്ചുകൊള്ളുമെന്ന ആലസ്യത്തിൽ മയങ്ങിപ്പോയത് കോൺഗ്രസുകാർ മാത്രമായിരിക്കണം.

തിര‌ഞ്ഞെടുപ്പാനന്തരം നേതൃമാറ്റ മുറവിളി കോൺഗ്രസിൽ ശക്തമായി. രമേശ് ചെന്നിത്തല അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ സർക്കാരിനെതിരെ ആരോപണങ്ങളുയർത്തിക്കൊണ്ടുവന്ന് ഒറ്റയാൻ പോരാട്ടം നടത്തിയിട്ടും സംഘടന ചലിക്കാത്തതിനാൽ രക്തസാക്ഷിയാവേണ്ടി വന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ ക്യാമ്പ് ശ്രമിച്ചതാണ്. പക്ഷേ, ശത്രുക്കൾ പാളയത്തിൽ തന്നെയുണ്ടായിരുന്നു. അരങ്ങേറിയത് കൊട്ടാരവിപ്ലവമാണ്. രമേശ് ചെന്നിത്തലയുടെ അനുയായികളിൽ മുഖ്യനായിരുന്ന വി.ഡി. സതീശനാണ് പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത്. അത് രമേശ് ചെന്നിത്തലയ്ക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ലെന്ന് പല സന്ദർഭങ്ങളിലെ അദ്ദേഹത്തിന്റെ ശരീരഭാഷ പ്രകടമാക്കുകയുണ്ടായി. ഇപ്പോഴും അതുണ്ട്.

അതിന്റെ തുടർച്ച ചങ്ങനാശ്ശേരിയിലുമുണ്ടായി എന്നാരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, അതിനും അപ്പുറത്തേക്ക് ഐ.എൻ.ടി.യു.സിക്കകത്ത് സ്വത്വവികാരം ആളിക്കത്തിക്കാൻ ചങ്ങനാശ്ശേരി പ്രകടനത്തിന് സാധിച്ചുവെന്ന് വേണം മനസ്സിലാക്കാൻ. അതാണല്ലോ മറ്റ് പലേടത്തും പ്രകടനങ്ങൾ ആവർത്തിക്കുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നു:

പുതിയ വിവാദത്തിൽ, അങ്ങേയറ്റം സത്യസന്ധമായി ഈ ലേഖകൻ കാണുന്നത്

മുതിർന്ന നേതാവും മുൻ കെ.പി.സി.സി അദ്ധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണമാണ്. ഈ ലേഖകനോട് അദ്ദേഹം പറയുന്നു:

" 1947 മേയ് മൂന്നിനാണ് ഐ.എൻ.ടി.യു.സിയുടെ ആരംഭം. ആചാര്യ കൃപലാനി ഉദ്ഘാടകൻ. പണ്ഡിറ്റ് നെഹ്റുവും ജഗ്ജീവൻ റാമും അരുണ ആസഫലിയുമൊക്കെ പങ്കെടുത്ത മഹായോഗത്തിൽ പ്രഖ്യാപനമുണ്ടായി. അന്നുതൊട്ടിന്നോളം കോൺഗ്രസുമായുള്ള ജൈവബന്ധം ഐ.എൻ.ടി.യു.സി നിലനിറുത്തിപ്പോരുന്നു. അതുകൊണ്ട് പ്രായോഗികാർത്ഥത്തിൽ ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയാണെന്നതിൽ സംശയമില്ല. എന്നാൽ, കേരളത്തിലെ ഐ.എൻ.ടി.യു.സിയുടെ ഇപ്പോഴത്തെ നേതൃത്വത്തിൽ നിന്ന് പല ഘട്ടങ്ങളിലും കോൺഗ്രസിന് വിഷമമുണ്ടാക്കുന്ന പ്രവർത്തനങ്ങളാണുണ്ടായിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ഒളിച്ചുകളി നടത്തുന്നുവെന്ന ആക്ഷേപം പല കോൺഗ്രസുകാർക്കുണ്ട്. കഴിഞ്ഞ അഞ്ച് വർഷക്കാലം ഒരു സമരമുഖത്തും കേരളത്തിൽ ഐ.എൻ.ടി.യു.സിയെ കണ്ടിട്ടില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. അഖിലേന്ത്യാ പണിമുടക്കിൽ നിന്ന് ഇപ്പോൾ വിട്ടുനിൽക്കാനാവാത്തത് കൊണ്ട് അവർ പങ്കെടുത്തുവെന്നേയുള്ളൂ. സി.എം. സ്റ്റീഫൻ, കെ. കരുണാകരൻ, വി.പി. മരയ്ക്കാർ എന്ന് തുടങ്ങി കോൺഗ്രസിന്റെ വലിയ നേതാക്കളെല്ലാം ഐ.എൻ.ടി.യു.സിയുടെ ആദ്യകാല നേതാക്കളാണെന്നോർക്കണം. അതിനർത്ഥം ഇപ്പോഴത്തെ നേതൃത്വത്തെ അതുപോലെ അംഗീകരിക്കുന്നുവെന്നല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഐ.എൻ.ടി.യു.സി എന്ന പ്രസ്ഥാനത്തിന്റെ ലേബലിൽ ഒരിടത്തും പ്രചാരണരംഗത്ത് ആളുകളുണ്ടായിട്ടില്ല. കോൺഗ്രസുകാരായി തൊഴിലാളികളും വന്നിട്ടുണ്ട്. പിന്നെ, പ്രതിപക്ഷനേതാവിനെതിരെ പരസ്യമായി പ്രകടനം നടത്തുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണ്. അതൊരു തരത്തിലും അംഗീകരിക്കാനാവില്ല. "

ഇതിലദ്ദേഹം പറയുന്ന ഒരു ഭാഗം ഐ.എൻ.ടി.യു.സിയുടെ പുതിയ നേതൃത്വം, പ്രത്യേകിച്ച് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കേരളത്തിലെ ഇടതുസർക്കാരുമായി പല ഘട്ടങ്ങളിലും ഒളിച്ചുകളി നടത്തുന്നുവെന്നാണ്. ഗുരുതരമായ ആക്ഷേപം കോൺഗ്രസുകാർ പലരും ഈ വിവാദമുണ്ടായ കഴിഞ്ഞ ദിവസങ്ങളിൽ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്.

അതുകൊണ്ട് പ്രതിപക്ഷനേതാവിനെതിരെ നടന്ന ഇപ്പോഴത്തെ പരസ്യ പ്രതിഷേധ പ്രകടനങ്ങൾ എത്രകണ്ട് നിഷ്കളങ്കമാണ് എന്നത് ഒരു മില്യൻ ഡോളർ ചോദ്യമാകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.