SignIn
Kerala Kaumudi Online
Friday, 19 April 2024 10.54 AM IST

ആദ്യ മന്ത്രിസഭയുടെ ഓർമ്മയ്‌ക്ക്

photo

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേരളത്തിലാണ് കമ്മ്യൂണിസ്റ്റുകാർ ബാലറ്റിലൂടെ അധികാരത്തിലെത്തിയത് . 1957 ഏപ്രിൽ അഞ്ചിന് . സഖാവ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആ സർക്കാർ തുടക്കമിട്ട നയസമീപനങ്ങളാണ് പിന്നീട് കേരളം ലോകത്തിന് മുന്നിൽ മാതൃകയായതിന്റെ അടിസ്ഥാനം. എല്ലാവിഭാഗം ജനങ്ങൾക്കും സാമൂഹ്യനീതി പ്രാപ്യമാക്കുക എന്നത് ഇ.എം.എസ്. സർക്കാരിന്റെ ലക്ഷ്യമായിരുന്നു. ഭൂപരിഷ്‌കരണം, കുടികിടപ്പവകാശം, വിദ്യാഭ്യാസ പരിഷ്‌കരണ നിയമം, വ്യവസായ ശാലകളുടെ പടുത്തുയർത്തൽ, തൊഴിൽ സംരക്ഷണം തുടങ്ങി ഒട്ടനവധി മാറ്റങ്ങൾക്കാണ് ഇ.എം.എസ്. സർക്കാർ തുടക്കം കുറിച്ചത്.
ചരിത്രപരമായ കാരണങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് പണിയെടുത്താൽ കൂലി ചോദിക്കാനും വഴിനടക്കാനും നല്ല ഭക്ഷണം കഴിക്കാനും നല്ല വസ്ത്രം ധരിക്കാനും അക്ഷരം പഠിക്കാനും അറിവ് നേടാനും സാഹചര്യമൊരുക്കിയത് നവോത്ഥാന നായകരും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേർന്ന് നടത്തിയ ഇടപെടലുകളാണ്.
പൊതുസമൂഹത്തിൽനിന്നും ആട്ടിയോടിക്കപ്പെട്ടിരുന്ന ദളിത്-പിന്നാക്ക-ആദിവാസി ജനതയ്ക്ക് ഇ.എം.എസ്. സർക്കാരിന്റെ വരവോടെ സംരക്ഷണമായി. സർക്കാർ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ചതിലൂടെ ആത്മാഭിമാനവും അന്തസ്സുമുള്ള ജനതയായി മാറാൻ ഈ സമൂഹങ്ങൾക്കായി. ആ സർക്കാരിനെ കുപ്രസിദ്ധമായ വിമോചനസമരത്തിലൂടെ അട്ടിമറിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലുമേറെ പുരോഗമിക്കുമായിരുന്നു. ജാതി- മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെയാണ് ഇ.എം.എസ്. സർക്കാർ കണ്ടത്. അവരുടെ ജീവിതപ്രയാസങ്ങൾക്ക് പരിഹാരം കാണുക എന്ന കാഴ്ചപ്പാടിനെ പ്രായോഗികവത്കരിക്കുകയായിരുന്നു ആ സർക്കാർ. ജന്മി-ജാതി-നാടുവാഴിത്ത വ്യവസ്ഥിതിയിൽ നിന്നും കേരളത്തെ മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഗതിവേഗം പകർന്നത് ആ സർക്കാരായിരുന്നു.


2016ന് മുമ്പ് അധികാരത്തിൽവന്ന ഇടതുപക്ഷ സർക്കാരുകൾ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്‌തെങ്കിലും ആ സർക്കാരുകൾക്കൊന്നും തുടർച്ച ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ പൊതുസമൂഹത്തിനായി ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതികൾ തകർക്കാൻ വലതുപക്ഷ സർക്കാരുകൾ ശ്രമിച്ചിരുന്നു. 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാരിനെ അട്ടിമറിക്കാൻ എല്ലാ ശക്തികളും ഒത്തുചേർന്ന് ശ്രമിച്ചിട്ടും കുപ്രചാരണങ്ങളെ തള്ളി കേരള ജനത എൽ.ഡി.എഫിന്റെ കൈകളിൽ തന്നെ ഭരണത്തിന്റെ കടിഞ്ഞാൺ ഏൽപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ ഒരു എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം കിട്ടുന്നത്.
നവകേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് ബദൽ നയങ്ങളുയർത്തി എൽ.ഡി.എഫ്. സർക്കാർ പ്രവർത്തിക്കുമ്പോൾ ജനങ്ങളെല്ലാം ഒപ്പം അണിചേരുകയാണ്.

പല കാരണങ്ങളാലും പിന്നാക്കം നിന്ന വിഭാഗങ്ങളെയടക്കം പൊതുധാരയിലേക്ക് കൈപിടിച്ച് നയിക്കുന്നു. വീടുകൾ, ഭൂമി, മെച്ചപ്പെട്ട വിദ്യാഭ്യാസം, കൂടുതൽ തൊഴിൽ, വരുമാനം, സാമൂഹ്യനീതി, പൊതുഗതാഗത മേഖലയിലടക്കം അടിസ്ഥാനസൗകര്യ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കി സർക്കാർ മുന്നേറുകയാണ്.
പട്ടികവിഭാഗങ്ങളടക്കം പിന്നാക്ക ജനതയ്ക്ക് 'വിദ്യാഭ്യാസത്തിലൂടെ പുരോഗതി' നൽകാനാണ് എൽ.ഡി.എഫ്. സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി പ്രീപ്രൈമറി ക്ലാസുകൾ മുതൽ പിഎച്ച്.ഡി.വരെ പഠിക്കാൻ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം മുൻകൈ നേടിയപ്പോൾ പട്ടികവിഭാഗങ്ങൾക്കിടയിൽ ഡിജിറ്റൽ വിടവ് ഉണ്ടാകാതിരിക്കാൻ പ്രത്യേകം ഇടപെട്ടു. പൊതുസമൂഹം വളരുന്നതിനൊപ്പം പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത നിലവാരവും ഉയർത്തുന്നതിനുള്ള ബദൽ നയങ്ങളാണ് സർക്കാർ നടപ്പാക്കിവരുന്നത്.
ഇനിയും കേരളത്തെ പുതുക്കിപ്പണിയാൻ, നവകേരളം പടുത്തുയർത്താൻ രണ്ടാം പിണറായി സർക്കാർ ശ്രമിക്കുമ്പോൾ അവിടെയും ഇടങ്കോലിടുകയാണ് കോൺഗ്രസ്സും, ബിജെപിയും വിവിധ സംഘടനകളും. കേന്ദ്രമന്ത്രിപോലും വികസനം തടയാൻ വഴിയിലിറങ്ങുന്നു. എന്നാൽ സർക്കാരിന്റെ ഇച്ഛാശക്തികൊണ്ട് പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നത് സഹിക്കാൻ കഴിയാത്തവരാണ് പ്രക്ഷോഭവുമായി ഇറങ്ങിയിട്ടുള്ളത്.
മിത സമൃദ്ധ സമൂഹ സൃഷ്ടിയിൽ കേരളത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഈ മുന്നേറ്റങ്ങളിൽ പാവപ്പെട്ടവരും ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക കരുതലും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആധുനിക കേരളത്തിന് ശിലയിട്ട ഇ.എം.എസ്. സർക്കാരിന്റെ സ്മരണകൾ നവകേരളം കെട്ടിപ്പടുക്കാനുള്ള പുതിയ ദൗത്യത്തിൽ ഏറെ പ്രചോദനമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRST COMMUNIST GOVERNMENT IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.