SignIn
Kerala Kaumudi Online
Thursday, 18 April 2024 2.55 PM IST

പുതിയ ധനമന്ത്രിയും ഡെ. സ്പീക്കറും രാജിവച്ചു, 41 എം.പിമാർ മുന്നണി വിട്ടു കേവല ഭൂരിപക്ഷം നഷ്ടമായി, ഭരണം വിടില്ലെന്ന് ഗോതബയ

lanka
പുതിയ ധനമന്ത്രിയും ഡെ. സ്പീക്കറും രാജിവച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ജനകീയ പ്രക്ഷോഭം നേതാക്കളുടെ വസതികൾക്ക് മുന്നിൽ ശക്തിയാർജ്ജിക്കവെ, പ്രസിഡന്റ് ഗോതബയ രജപക്സയ്ക്ക് വൻ പ്രഹരമേൽപിച്ച് 41 എം.പിമാർ ഭരണമുന്നണി വിട്ടു. സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതായി എം.പിമാർ പ്രഖ്യാപിച്ചു. ഇതോടെ രജപക്സ സർക്കാരിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി. ഭരണമുന്നണിയായ പീപ്പിൾസ് ഫ്രീഡം അലയൻസിന്റെ അംഗബലം 105 ആയി കുറഞ്ഞു. 225 അംഗ പാർലമെന്റിൽ കേവലഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണ വേണം. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയിലെ 14 അംഗങ്ങളും രാജിവച്ചവരിൽ ഉൾപ്പെടുന്നു. സിലോൺ വർക്കേഴ്സ് കോൺഗ്രസും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

അതേസമയം, തിങ്കളാഴ്ച അധികാരമേറ്റ ഇടക്കാല സർക്കാരിലെ നാല് മന്ത്രിമാരിലെ അലി സബ്രി 24 മണിക്കൂർ തികയും മുമ്പ് രാജിവച്ചു. ബേസിൽ രജപക്സയെ പുറത്താക്കിയാണ് അലിയെ ധനമന്ത്രിയാക്കിയത്.

ഡെപ്യൂട്ടി സ്പീക്കർ രഞ്ജിത് സിയാംബലപിതിയയും ഇന്നലെ രാജിവച്ചു.

ഇതോടെ പ്രസിഡന്റ് ഗോതബയ രജപക്സയും സഹോദരനും

പ്രധാനമന്ത്രിയുമായ മഹിന്ദ രജപക്സയും വൻസമ്മർദ്ദത്തിലായി.

സർവകക്ഷി സർക്കാരിൽ ചേരാനുള്ള പ്രസിഡന്റിന്റെ ക്ഷണം തള്ളിക്കളഞ്ഞ പ്രതിപക്ഷം, രജപക്സമാരുടെ രാജിയിൽ കുറഞ്ഞ ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ്.

എന്നാൽ രാജിവയ്ക്കില്ലെന്നും പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുന്ന ആർക്കും അധികാരം കൈമാറാമെന്നും പ്രസിഡന്റ് ഗോതബയ പ്രഖ്യാപിച്ചു.
മുൻ മന്ത്രിസഭയിൽ നിന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സ ഒഴികെ 26 മന്ത്രിമാർ രാജിവച്ചതിന് പിന്നാലെ അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധിയാണ് ശ്രീലങ്കയിൽ ഉടലെടുത്തിരിക്കുന്നത്.

എംബസികൾ അടച്ചു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകവെ നോർവേ, ഇറാക്ക്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ എംബസികൾ ശ്രീലങ്ക താത്ക്കാലികമായി അടച്ചു.

 പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് ഭരണസംവിധാനം നിറുത്തലാക്കണമെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ആവശ്യപ്പെട്ടു.

ഇന്ധനം, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് പുറമെ മരുന്നുകൾക്കും ഗുരുതര ക്ഷാമം നേരിടുന്നതിനാൽ ഇന്നലെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അടിച്ചമർത്തുമെന്ന് സൈന്യം

അടിയന്തരാവസ്ഥ ലംഘിച്ച് വിദ്യാർത്ഥികളും സ്ത്രീകളും മുതിർന്നവരുമടക്കം രജപക്സമാരുടെ രാജി ആവശ്യപ്പെട്ട് തെരുവിലെ പ്രക്ഷോഭം അക്രമാസക്തമായി.

മുൻ മന്ത്രിമാരുടെ വസതികൾക്ക് മുന്നിൽ സംഘടിച്ചവർ വസ്തുവകൾക്ക് തീയിട്ടു. നിരവധി നേതാക്കളുടെ സ്വത്തുവകകൾ നശിപ്പിച്ചു. അക്രമാസക്തമായാൽ അടിച്ചമർത്തുമെന്ന് ലങ്കൻ സൈന്യം മുന്നറിയിപ്പ് നൽകി. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജനറൽ (റിട്ട) കമൽ ഗുണരത്‌നെ പറഞ്ഞു. പൊതുജനങ്ങൾ അക്രമത്തിൽ നിന്ന് പിൻതിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREELANKA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.