SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.31 PM IST

കുടുംബ കോടതികളിൽ ന്യൂട്രൽ അമ്പയർമാരുണ്ടോ?

photo

വിവാഹ, കുടുംബ തർക്കങ്ങൾ പരിഗണിക്കുന്ന കുടുംബക്കോടതി ന്യായാധിപർ ന്യൂട്രൽ അമ്പയർമാർ ആവുകയാണോ എന്ന സംശയം ഇടയ്‌ക്കിടെ ഉയരാറുണ്ട്. ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായത്. കുടുംബക്കോടതികളിലെത്തുന്ന തർക്കങ്ങൾ പരിഹരിക്കാൻ കോടതികൾക്ക് അന്വേഷണ നടപടികളും നടത്താമെന്ന സുപ്രധാന നിരീക്ഷണമാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കുടുംബകേസുകൾ പരിഗണിക്കുമ്പോൾ ശക്തമായ നിയമസാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയും അതുവഴിയുള്ള അന്വേഷണവും ഇക്കാലത്ത് അത്യന്താപേക്ഷിതമാണ്. ആ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്നാണ് ഹൈക്കോടതി നിർദ്ദേശത്തിന്റെ പൊരുൾ.

കസ്‌റ്റഡി, ജീവനാംശം എന്നീ കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാൻ സത്യം അറിയണം. കോടതികളിൽ കക്ഷികളും അഭിഭാഷകരും മാത്രം പറയുന്ന കാര്യങ്ങൾ പരിഗണിച്ച് തീർപ്പ് കൽപ്പിക്കുന്നത് അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. സത്യം അറിയണമെങ്കിൽ പഴുതില്ലാത്ത അന്വേഷണം വേണം. അതിന് കുടുംബക്കോടതികൾക്ക് അധികാരമുണ്ടെന്ന ഒാർമ്മപ്പെടുത്തൽ സമൂഹവും തിരിച്ചറിയണം.

സ്വത്തും സ്വർണവും തിരികെ ലഭിക്കാൻ ഭർത്താവിനെ ഉൾപ്പെടെ എതിർകക്ഷികളാക്കി യുവതി നൽകിയ പരാതിയിൽ പത്തനംതിട്ട കുടുംബക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത് ചോദ്യം ചെയ്‌തുള്ള ഹർജി തള്ളിക്കൊണ്ടായിരുന്നു ജസ്‌റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്‌റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. സ്വത്ത് തട്ടിയെടുക്കാൻ ദമ്പതികൾ ഒത്തുകളിക്കുകയാണെന്ന് ബന്ധുക്കൾ സംശയം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു കുടുംബ കോടതിയുടെ ഉത്തരവ്.

സമാനമായ കേസുകൾ സംസ്ഥാനത്തെ മിക്ക കോടതികളിലും എത്തുന്നുണ്ട്. പലതിലും ന്യായാധിപൻമാരുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുന്നില്ലെന്നാണ് ഹൈക്കോടതി പറഞ്ഞുവയ്‌ക്കുന്നത്. അവർക്കുള്ള നിയമപരമായ അധികാരങ്ങൾ എന്തൊക്കെയാണെന്ന് ഓർമ്മപ്പെടുത്തുന്നതു കൂടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കുടുംബ കോടതികൾ സാധാരണ സിവിൽ കോടതികളുടെ പ്രതിരൂപമായി ഒരിക്കലും മാറരുത്. ഒത്തുതീർപ്പിന് മുൻകൈയെടുക്കാനും സത്യം കണ്ടെത്തുന്നതിനുമായി വസ്‌തുതകൾ പരിശോധിക്കാൻ സവിശേഷ അധികാരങ്ങൾ കുടുംബക്കോടതികൾക്കുണ്ട്. ഇക്കാര്യം മറന്നുകൊണ്ട് ന്യായാധിപന്മാർ തീരുമാനമെടുക്കരുത്. പലപ്പോഴും സത്യം മൂടിവയ്‌ക്കപ്പെടുകയാണ് . അത് മറനീക്കി പുറത്തുവരണമെങ്കിൽ ചിലപ്പോൾ ശക്തമായ അധികാരങ്ങൾ പുറത്തെടുക്കുക തന്നെ വേണം. സിവിൽ കോടതികളിലേതു പാേലെ അനന്തമായി നടപടികൾ നീളാതെ വേഗത്തിൽ തീരുമാനം കൈകൊള്ളുകയും വേണം. തർക്കത്തിനല്ല മറിച്ച് കക്ഷികളുടെ ക്ഷേമത്തിനും താത്പര്യത്തിനുമാണ് മുൻഗണന നൽകേണ്ടത്. സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ, തെളിവ് നിയമം എന്നിവയിലേതു പോലെ കർശന നടപടികളല്ല കുടുംബക്കോടതികളിൽ നിന്നുണ്ടാകേണ്ടത്.

കുടുംബകോടതി ജഡ്ജി നിഷ്‌പക്ഷനായ അമ്പയർ മാത്രമായി മാറരുത്. സത്യം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിടുക തന്നെ വേണം. അഭിഭാഷകർ കാര്യങ്ങൾ നിയന്ത്രിക്കുന്ന സാഹചര്യം ഒഴിവാക്കണം. ചട്ടങ്ങളും നടപടിക്രമങ്ങളും നോക്കി മാത്രം ജഡ്ജിമാർ തീരുമാനമെടുക്കരുത്. ഈ ദുരവസ്ഥ ഹൈക്കോടതികളിലെത്തുന്ന അപ്പീലുകളിൽ പ്രകടമാണ്. കുടുംബതർക്കങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ മന:ശാസത്രജ്ഞർ അടക്കമുള്ളവരുടെ സഹായം തേടാനും നിയമം അനുവദിക്കുന്നുണ്ട്. കോടതിക്ക് ആരോഗ്യ വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കാൻ കഴിഞ്ഞാൽ കക്ഷികൾക്ക് പ്രശ്‌നങ്ങൾ തീർക്കാൻ കഴിയും. എന്നാൽ, അത്തരമൊരു നടപടി കുടുംബ കോടതികളുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.

കക്ഷികളെ മറന്ന് അവരുടെ അവകാശങ്ങൾക്കും ബാദ്ധ്യതകൾക്കും മുൻതൂക്കം നൽകുന്ന ഇടക്കാല വിധികൾ അടുത്തകാലത്ത് കുടുംബകോടതികളിൽ നിന്ന് ഏറെയുണ്ടായിട്ടുണ്ട്.

വ്യക്തിത്വ വൈകല്യവും പെരുമാറ്റ പ്രശ്‌നങ്ങളും ഹോർമോൺ അസന്തുലിതാവസ്ഥയും പലപ്പോഴും വിവാഹ, കുടുംബ തർക്കങ്ങൾക്ക് ഇടയാക്കും. ഈ സന്ദർഭങ്ങളിൽ മെഡിക്കൽ വിദഗ്ദ്ധരുടെ സഹായമില്ലാതെ കക്ഷികൾക്ക് കാര്യങ്ങൾ മനസിലാകണമെന്നില്ല. മെഡിക്കൽ വിദഗ്ദ്ധരുടെ സേവനം ആവശ്യപ്പെടാൻ കുടുംബകോടതി ന്യായാധിപന്മാർക്കുള്ള അധികാരം ഉപയോഗപ്പെടുത്തണം. അത്തരം ശ്രമത്തിലൂടെ നിരവധി കുടുംബങ്ങളുടെ പ്രശ്‌നങ്ങൾക്കും പരിഹാരമാകും. ചട്ടത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമാത സഹായ സംവിധാനങ്ങൾ കുടുംബ കോടതികളിലുണ്ടോയെന്ന് അന്വേഷിച്ച റിപ്പോർട്ട് നൽകാൻ ജില്ലാ ജ്യുഡിഷറി രജിസ്‌ട്രാറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ മാസം ആറിന് റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.

രാജ്യത്തെ വിവാഹമോചന കേസുകളിൽ കൂടുതലും കേരളത്തിലാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ കുടുംബകോടതികളിൽ കേസുകൾ തീർപ്പാൻ കാലതാമസം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ 28 കുടുംബകോടതികളിലായി ഒന്നരലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നതായാണ് കണക്ക്. കേസുകൾ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാൻ ചില കോടതികൾ ദിവസേന 200 ലധികം കേസുകൾ പരിഗണിക്കുന്നു. മിക്ക കോടതികളിലും അഞ്ചു വർഷത്തിലധികം പഴക്കമുള്ള കേസുകളുണ്ട്. കേസുകൾ തീർപ്പാക്കാൻ വൈകുന്നത് മൂലം കക്ഷികൾ ഉപഹർജികളും സമർപ്പിക്കുന്നു. ഇതോടെ കേസുകളും എണ്ണവും വർദ്ധിക്കുന്നു. കേസുകൾ തീർപ്പ് കൽപ്പിക്കുന്നത് വൈകുന്നത് മറികടക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ കഴിയുന്നവർ അവിടെ എടുത്തതോടെ അർഹതപ്പെട്ട പലരും പിന്നിലായിപ്പോകുന്നത് നീതി നിർവഹണത്തിൽ ഒട്ടും യോജിച്ച കാര്യമല്ല. ഇക്കാര്യങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിക്കാൻ കുടുംബകോടതി ജഡ്ജിമാരുടെ യോഗം വിളിച്ച് ഹൈക്കോടതി ചില മാർഗനിർദ്ദേശങ്ങൾ നൽകിയെങ്കിലും കേസുകൾ തീർപ്പാക്കുന്നതിൽ ഇപ്പോഴും വേഗതയില്ല.

ജീവിതം ഒരു പരീക്ഷയാണ്. അവിടെ പങ്കാളികൾക്ക് സ്വന്തമായി ചോദ്യകടലാസുണ്ടാകും. ഉത്തരങ്ങൾ മറ്റൊരാളിന്റെ ജീവിതത്തിൽ നിന്നും പകർത്താനാകില്ല. സ്വന്തം ജീവിതത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കു സ്വയം ഉത്തരം നൽകാൻ കഴിഞ്ഞില്ലെങ്കിൽ പരാജയമാണെന്ന് ഉറപ്പിക്കാം. പ്രശ്‌നങ്ങൾക്കു മുമ്പിൽ പകച്ചു നിൽക്കുന്നതിന് പകരം അവയെ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും നേരിടുന്നവരാണ് യഥാർത്ഥ വിജയികൾ. ഈ പ്രശ്‌നം കൈകാര്യം ചെയ്യാൻ എനിക്കറിയാം എന്ന ദൃഢനിശ്ചയമാണ് ഒാരോരുത്തർക്കും ഉണ്ടാകേണ്ടത്. ഇത്തരത്തിലുള്ള ദൃഢനിശ്ചയത്തിന്റെ അഭാവത്തിലും അപക്വമായ തീരുമാനങ്ങളുടെ പേരിലും മനോഹരമായ ജീവിതം നയിച്ചിരുന്ന പലകുടുംബങ്ങളും തകർച്ചയിലകപ്പെട്ടത് കൗൺസിലിംഗ് ക്ലാസുകൾ നയിക്കുന്നവരിൽ നിന്ന് മനസിലാക്കാം. വിവാഹാനന്തരമുണ്ടാകുന്ന പ്രശ്‌നങ്ങളെ സമചിത്തതയോടെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും ഉത്തമ വൈവാഹിക ജീവിതം സാദ്ധ്യമാകുന്നതിനും വിവാഹപൂർവ കൗൺസിലിംഗ് ഒരു പരിധി വരെ സഹായിക്കും. വിവാഹപൂർവ്വ കൗൺസിലിംഗ് നിർബന്ധമാണെന്ന് വനിതാ കമ്മിഷൻ നിർദ്ദേശിച്ചതും ഇക്കാര്യങ്ങളിൽ ബോദ്ധ്യമുള്ളതിനാലാണ്. പണ്ട് വിവാഹമോചനം തടയാൻ മാതാപിതാക്കൾ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് അവരുടെ പിന്തുണയോടെയുള്ള വേർപിരിയിലാണ് നടക്കുന്നത്. വിവാഹമോചനത്തിന് പെൺകുട്ടികളുടെ മാതാപിതാക്കൾ മുൻകൈയെടുക്കുന്ന പ്രവണത വർദ്ധിക്കുകയാണ്. അഭിഭാഷകർ കോടതികളിൽ ഇതേ നിലപാട് സ്വീകരിക്കുമ്പോഴാണ് ന്യായാധിപൻമാർ ന്യൂട്രൽ അമ്പയർമാരാകരുതെന്ന നിരീക്ഷണത്തിന്റെ പ്രസക്‌തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAMILY COURT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.