SignIn
Kerala Kaumudi Online
Thursday, 25 April 2024 4.14 PM IST

പുരയ്ക്ക് മീതെ ചാഞ്ഞാൽ...

photo

പൊന്ന് കായ്‌ക്കുന്ന മരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാൽ വെട്ടണമെന്നാണ് പഴമക്കാർ പറയുന്നത്. കാരണം മരം വീണ് പുരയും വീട്ടുകാരും നശിച്ചാൽ പൊന്ന് ആർക്ക് വേണം. ഇതിന് സമാനമാണ് കെ.എസ്.ഇ.ബിയിലെ ഇപ്പോഴത്തെ അവസ്ഥ. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനാണ് സ്വന്തം സ്ഥാപനത്തിന്റെ മീതെ ചാഞ്ഞ് നിൽക്കുന്നത്. കൃത്യമായി പറഞ്ഞാൽ മന്ത്രിയുടെയും ചെയർമാന്റെയും പുറത്തേക്ക് വീഴാനുള്ള ചരിവാണിത്. ഇത്രയും ആയപ്പോഴാണ് ബോർഡ് ചെയർമാൻ ബി. അശോകിന്റെ 'ഷോക്ക്" ചികിത്സ സി.പി.എം അനുകൂല സംഘടനാ നേതാവിന് സസ്‌പെൻഷൻ രൂപത്തിൽ ലഭിച്ചിരിക്കുന്നത്.

അകത്തളത്തിലെ കാര്യങ്ങൾ അറിയാവുന്നവർക്ക് സസ്‌പെൻഷൻ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് മനസിലാക്കാനാവും. അധികാരത്തിന്റെയും പണത്തിന്റെയും ജാതിവെറിയുടെയും ഹുങ്ക് തലയ്ക്ക് പിടിച്ചതിനെത്തുടർന്നുള്ള വിളയാട്ടങ്ങളായിരുന്നു സംഘടനാ നേതാവ് നടത്തിവന്നിരുന്നതെന്ന് കെ.എസ്.ഇ.ബി ആസ്ഥാനത്തെ ഓരോ തൂണിനും അറിയാം. അതിന് ഇപ്പോഴെങ്കിലും ചികിത്സ ലഭിച്ചതിന്റെ ഗുണം വരുംനാളുകളിൽ ബോർഡിൽ കാണാനാകും.

പതിനഞ്ച് വർഷത്തിന് ശേഷം വൈദ്യുതി ബോർഡിന് 600 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായ വർഷമാണിത്. ഇതിന്റെ ക്രെഡിറ്റ് ആദ്യം നൽകേണ്ടത് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്കാണ്. മന്ത്രിയുടെ പിന്തുണയില്ലാതെ ഒരു ചെയർമാനും ബോർഡിനെ ലാഭത്തിലേക്ക് നയിക്കാനാവില്ല. ബോർഡ് യോഗത്തിലേക്ക് ഇരച്ചുകയറി വായിൽ തോന്നിയതൊക്കെ വിളിച്ചുപറയുന്ന നേതാവിനെയും വച്ചുകൊണ്ട് ഒരു കമ്പനിക്കും ലാഭത്തിലേക്ക് പോകാനാകില്ല. കമ്പനി രക്ഷപ്പെടാൻ തുടങ്ങുന്ന സന്ദർഭത്തിൽ മൂക്ക് മുറിച്ച് ശകുനം മുടക്കാൻ വരുന്ന ഇത്തരക്കാരെ മൂലയ്ക്കിരുത്തുക തന്നെയാണ് വേണ്ടത്.

അസോസിയേഷൻ നേതാവായ വനിത അവധിയെടുക്കാതെ വിനോദസഞ്ചാരത്തിന് പോയി തിരിച്ചുവന്നപ്പോൾ ചെയർമാൻ നടപടിയെടുത്തു. ഇതിനെതിരെയാണ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിന്റെ നേതൃത്വത്തിൽ സമരം നടന്നതും ബോർഡ് യോഗത്തിലേക്ക് ഇരച്ചുകയറിയതും.

പല മുൻ വൈദ്യുതി മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിൽ മന്ത്രിയേക്കാൾ പവറോടെ പ്രവർത്തിച്ചിരുന്ന ഈ നേതാവിന്റെ മീതെ ഒരു പരുന്തും പറക്കില്ലെന്നായിരുന്നുവിശ്വാസം. പരുന്ത് പറക്കുക മാത്രമല്ല നേതാവിനെ റാഞ്ചുകയും ചെയ്തു. പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറും ചുമതലയേറ്റതു മുതൽ ഈ നേതാവ് മന്ത്രിയെയും മാനേജ്‌മെന്റിനെയും അവഹേളിക്കുകയും ഭരണപരമായ നടപടികൾക്ക് തടസം സൃഷ്ടിക്കുകയും ചെയ്തതായി ഡയറക്ടർ ബോർഡിന്റെ കുറിപ്പിൽ തന്നെ പറയുന്നുണ്ട്. ദേശീയ പണിമുടക്കിന് ഡയസ്‌നോൺ ഉത്തരവിറക്കിയ ചീഫ് സെക്രട്ടറിയെയും ഉത്തരവിറക്കാൻ നിർദ്ദേശിച്ച ഹൈക്കോടതിയെയും ടിവി ചാനലുകളിൽ പരസ്യമായി അധിക്ഷേപിച്ച് സർവീസ് ചട്ടം ലംഘിച്ച വ്യക്തി കൂടിയാണ് ഈ നേതാവ്. പണത്തിന്റെ വിഹിതം പലയിടത്തും എത്തുന്നുണ്ടാവണം. അല്ലെങ്കിൽ ഇത്രയും ധിക്കാരം കാണിക്കാൻ ആർക്കും ധൈര്യം വരില്ല. ഇത്തരം നേതാക്കളുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചാണ് ആദ്യം അന്വേഷണം നടത്തേണ്ടത്. ശമ്പളത്തിൽ കവിഞ്ഞ വരുമാനത്തിലൂടെ നഗരത്തിൽ നാലും അഞ്ചും മണിമാളികകൾ ഇവർ തീർത്തിട്ടുണ്ടെങ്കിൽ അത് കണ്ടുകെട്ടാനും നടപടിയുണ്ടാകണം. നിരക്ക് വർദ്ധനവിലൂടെ പല പൊതുമേഖലാ സ്ഥാപനങ്ങളും ജനങ്ങളുടെ പേടിസ്വപ്നമായി മാറിയിട്ടുണ്ട്. ജനങ്ങളുടെ നികുതി പണം നൽകിയല്ല ഇവരുടെ നഷ്ടം നികത്തേണ്ടത്. കമ്പനി ലാഭത്തിൽ നടത്താൻ ഏതു മാനേജ്‌മെന്റിനും പ്രാഥമികമായി ചില അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടിവരും. ആ ലാഭം ആത്യന്തികമായി നിരക്ക് കുറയ്ക്കുന്നതിലൂടെ ജനങ്ങളിലെത്തണം. ഈ മന്ത്രിയുടെയും ചെയർമാന്റെയും കാലത്ത് തന്നെ അത് നടക്കട്ടെ എന്ന് ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTION AGAINST KSEB UNION LEADER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.