SignIn
Kerala Kaumudi Online
Thursday, 25 April 2024 7.42 AM IST

മണ്ണൊരുക്കി മനസൊരുക്കി ജലം നിറയ്‌ക്കാം

photo

മനോഹാരിതകൊണ്ട് പ്രകൃതി കൈയൊപ്പിട്ട കേരളം മാറിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്കും ചില പ്രദേശങ്ങളിലെങ്കിലും രൂക്ഷമായ ജലക്ഷാമത്തിനും ഇരയാകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

മറന്നുപോയതോ കൈവിട്ടു കളഞ്ഞതോ ആയ ജലസംരക്ഷണ പാഠങ്ങൾ തിരികെയെടുക്കുക മാത്രമാണ് പോംവഴി. കാർഷിക പാരമ്പര്യമുള്ള കേരളം ജലസംരക്ഷണത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ഒരുകാലത്ത്. ബഹുവിള കൃഷിയിൽ നിന്നും ഏക, നാണ്യ, വാണിജ്യ വിളകളിലേയ്ക്കുളള മാറ്റം കേരളത്തിന്റെ ജലസംരക്ഷണത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വെള്ളം ബാഷ്പീകരിച്ചു കളയുന്ന തെങ്ങും ധാരാളം വെള്ളം ഊറ്റിയെടുക്കുന്ന റബറും വ്യാപകമായപ്പോൾ കേരളത്തിന് നഷ്ടപ്പെട്ടത് ജലസമ്പന്നതയാണ്.

എന്നാൽ കൃത്രിമ ജലസംരക്ഷണത്തിന്റെ കാര്യത്തിൽ കേരളത്തിൽ നല്ല മാതൃകകളുണ്ട്. ശാന്തിഗിരി ആശ്രമത്തിലെ കെട്ടിട സമുച്ചയത്തിൽ പെയ്തു വീഴുന്ന മഴയെ കിണറിലും ഉപേക്ഷിക്കപ്പെട്ട പാറമടയിലും ശേഖരിച്ച് ജലസംരക്ഷണ മാതൃക മുന്നിലുണ്ട്. ഗുരു നിത്യചൈതന്യ യതിയുടെ ഊട്ടിയിലെ ഫേൺഹിൽ ആശ്രമത്തിലും പോത്തൻകോട് ശാന്തിഗിരിയിലും മഴവെള്ളം സംഭരിച്ചത് ഈ വിഷയങ്ങളൊന്നും അത്രകണ്ട് ചിരചരിചിതമല്ലാതിരുന്ന കാലത്താണ്.

മഴക്കുഴികൾ കരുതും

പവൻമാറ്റുള്ള ജലം

കേരളത്തിലെ തീരപ്രദേശങ്ങൾ മുതൽ മലനാട് വരെയുളള മേഖലകളിൽ ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ തരം, ഘടന, സ്വഭാവം, ആഴം, ഭൂമിയുടെ ചരിവ്, കാർഷിക രീതികൾ, പാറയുടെ സ്വഭാവം, ആഴം എന്നിവയൊക്കെ കണക്കിലെടുത്തുളള മാർഗങ്ങളാണ് അവലംബിക്കേണ്ടത്.

രണ്ടടിനീളത്തിലും വീതിയിലും ആഴത്തിലുമുളള മഴക്കുഴികൾ ഇടനാട് പ്രദേശങ്ങളിൽ കൂടുതലായി തയ്യാറാക്കാം. കളിമണ്ണ് കുറവുള്ള,​ മഴവെള്ളം പെട്ടെന്ന് ഊർന്നിറങ്ങുന്ന മണ്ണ് മഴക്കുഴികൾക്ക് അനുയോജ്യമാണ്. മൂന്നുദിവസം തുടർച്ചയായി വെള്ളം കെട്ടി നിൽക്കാതിരിക്കുന്ന സ്ഥലങ്ങളിലാവണം മഴക്കുഴികൾ തീർക്കേണ്ടത്. ഓരോ പറമ്പിലും ഒരു കുഴി വീതം എടുത്ത ശേഷം ജലം താഴേക്ക് പോകുന്നത് മനസിലാക്കി കൂടുതൽ കുഴികൾ നിർമ്മിക്കാൻ കഴിയും.

പാറമടകളിലേക്ക് ശേഖരിക്കാം

ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് കരിങ്കൽ, ലാറ്ററൈറ്റ് പാറമടകൾ നമ്മുടെ നാട്ടിലുണ്ട്. ഇവയൊക്കെ നല്ല മഴവെള്ള സംഭരണികളാക്കി മാറ്റാം. ഡിൽ പോളിൻ, പടുത എന്നിവ ഉപയോഗിച്ച് കൃത്രിമ കുളങ്ങൾ തയ്യാറാക്കി കോടികണക്കിനു ലിറ്റർ മഴവെളളം ശേഖരിച്ച് ഉപയോഗിക്കാം.

സംസ്ഥാനത്ത് എഴുപത്തെട്ട് ലക്ഷം കുടുംബങ്ങൾക്കായി എൺപതു ലക്ഷത്തോളം കിണറുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വറ്റി പോകാറുണ്ട്. പുരപ്പുരങ്ങളിൽ വീഴുന്ന മഴവെള്ളം മെറ്റൽ, മണൽ, ചിരട്ടക്കരി എന്നിവ ഉപയോഗിച്ച് ശുദ്ധീകരിച്ച് കിണറുകളിലേയ്ക്ക് നിറയ്‌ക്കുന്നതും നല്ലതാണ്. തുലാവർഷ മഴക്കാലമായ ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെയും വേനൽ മഴയെയും ഇങ്ങനെ കടത്തി വിടുന്നതിലൂടെ കിണറുകളുടെ ജലശേഷിയും ജലശുദ്ധിയും വർദ്ധിക്കും.

ആയിരംചതുരശ്ര അടി വിസ്തീർണ്ണമുളള കേരളത്തിലെ ഒരു മേൽക്കൂരയിൽ മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം ലിറ്റർ വരെ മഴയാണ് വർഷം തോറും പെയ്തു വീഴുന്നത്. പുരപ്പുറങ്ങളിലെ മഴവെളളത്തെ ചെലവു കുറഞ്ഞ ഫെറോ സിമന്റ് ടാങ്കുകൾ, മറ്റ് സംഭരണികൾ എന്നിവയിൽ സംഭരിച്ച് ഉപയോഗിക്കുന്ന നിരവധി മാതൃകകൾ കേരളത്തിലാകെയുണ്ട്. വീഴുന്നിടത്ത് താഴട്ടെ മഴ എന്നതാവണം രീതി.

തെങ്ങിൻതടങ്ങളും കയ്യാലകളും

വിവിധ പ്രദേശങ്ങളിൽ മൺകയ്യാലകൾ, കല്ലു കയ്യാലകൾ, കോൺ ടൂർ ട്രഞ്ചുകൾ, വരമ്പുകൾ എന്നിവ ചരിവിന്റെ പ്രത്യേകതകൾ കൂടി കണക്കാക്കി നിർമ്മിക്കാം. ചരിവിനു കുറുകെ കൃഷി ചെയ്യുന്നതും തെങ്ങിനുൾപ്പെടെ തടമെടുക്കുന്നതും നല്ലൊരു ജലസംരക്ഷണ രീതിയാണ്. തോടുകളിൽ സ്ഥിരമായുളളതും താത്‌ക്കാലികമായതുമായ തടയണങ്ങൾ നിർമ്മിച്ച് നീരൊഴുക്ക് ക്രമീകരിക്കാം. പാഴ്‌ത്തടികൾ, കല്ലുകൾ, ചെടികൾ, മുളകൾ എന്നിവ ഉപയോഗിച്ചുളള താല്കാലിക തടയണകൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാണ്. ഭൂമിക്കടിയിലും ഉപോപരിതലത്തിലും സജ്ജമാക്കുന്ന അടിയണകളും മികച്ച ജലസംരക്ഷണ മാർഗമാണ്.

രാമച്ചം, ചെമ്പരത്തി, സുബാബുൾ തുടങ്ങിയവ ഉപയോഗിച്ച് ജൈവ വേലികളും പറമ്പുകളിൽ ജൈവതിട്ടകളും തയ്യാറാക്കുന്നത് ജലത്തെ കൂടുതൽ ആഗിരണം ചെയ്യുവാൻ സഹായിക്കും. മാത്രമല്ല വേനൽക്കാലത്തെ പ്രതിരോധിക്കുവാനുളള പുതയിടലിനായി ഇത്തരം സസ്യങ്ങളുടെ ഇലകളും ചില്ലകളും ഉപയോഗിക്കാം. മഴക്കാലത്ത് ജലം സംഭരിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ലഭ്യമായ വെള്ളത്തെ വേനൽകാലത്ത് സംരക്ഷിക്കുക എന്നതും.

അറകളിലേക്ക് താഴട്ടെ

വീടുകളുടെയും ഫ്ളാറ്റുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും ചുറ്റും പൂർണമായും സിമന്റിട്ട് മഴവെള്ളത്തെ ഒഴുക്കി കളയരുത്. തമിഴ്നാട് മാതൃകയിൽ ചെറിയ അറകൾ സജ്ജമാക്കി മഴവെള്ളത്തെ മണ്ണിലേയ്ക്ക് താഴ്ത്തുന്നത് ഭൂജലശേഷി വർദ്ധിപ്പിക്കാനും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവ ഒഴിവാക്കുവാനും വളരെയേറെ സഹായകമാണ്.

റോഡുകളുടെ വശങ്ങളിൽ നിശ്ചിത അകലത്തിൽ തയ്യാറാക്കുന്ന അറകളിലൂടെ മഴവെളളം താഴ്ത്തിയാൽ വെള്ളപ്പൊക്കം ഒഴിവാക്കാനും റോഡുകളുടെ പെട്ടെന്നുളള നാശം ഇല്ലാതാക്കാനും കഴിയും.

വേണം ജലസൗഹൃദ കെട്ടിടങ്ങൾ

ഓരോ വീടുകളിലും ക്യാംപസുകളിലും ജലസംരക്ഷണ പരിപാടികൾ നടപ്പിലാക്കണം. ജലസൗഹൃദ കെട്ടിടങ്ങളാണ് നമുക്ക് ഇനി വേണ്ടത്. ശുദ്ധജലത്തിന്റെ ദുർവിനിയോഗവും വലിയൊരു പ്രശ്നമാണ്. ശുദ്ധജലത്തിന്റെ യുക്തിപൂർണവും അച്ചടക്കത്തോടെയുമുള്ള ഉപയോഗവും ഒരർത്ഥത്തിൽ ജലസംരക്ഷണം തന്നെയാണ്. പ്രകൃതിദത്ത ജലസംഭരണികളായ കാടുകൾ, കാവുകൾ, കുളങ്ങൾ, നദികൾ, തോടുകൾ, തണ്ണീർത്തടങ്ങൾ, വയലുകൾ എന്നിവ പരമാവധി നിലനിറുത്തിയാൽ മാത്രമേ ലഭിക്കുന്ന മഴയെ സംഭരിച്ച് കരുതാനാവൂ.

ലഭിക്കുന്ന മഴയെ കരുതിയും സംഭരിച്ചും ജലസ്രോതസുകൾ ശുദ്ധമായി നിലനിറുത്തിയും മാത്രമെ സമ്പൂർണ ജലസംരക്ഷണം ഉറപ്പാക്കാനാവൂ. നിലവിലുളളവ സംരക്ഷിക്കുന്നതോടൊപ്പം സമഗ്രവും ശാസ്ത്രീയവുമായ മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങളാണ് നാം ഏറ്റെടുക്കേണ്ടത്.

മണ്ണൊരുക്കാൻ മനസൊരുക്കണം

മണ്ണാണ് ഏറ്റവും വലിയ ജലസംഭരണി, ജലം കരുതുവാൻ മണ്ണൊരുക്കണം. മണ്ണൊരുക്കുവാൻ മനസ്സൊരുങ്ങേണ്ടതുണ്ട്. മനസിലാണ് ആദ്യം മഴ പെയ്യേണ്ടത്. പെയ്‌തൊഴിയുന്ന ഓരോ തുള്ളിയും മൺമറയുന്ന ഓരോ ജലസ്രോതസും നമ്മുടെ കുടിവെളളമാണ് ഇല്ലാതാക്കുന്നത്. എന്ന തിരിച്ചറിവ് ഓരോ ജനതയ്‌ക്കും ഉണ്ടാവണം. ചെറുതും വലുതുമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ മാത്രമേ ലക്ഷ്യം നേടാനാവുകയുള്ളൂ. കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണത്..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER RESOURCE MANAGEMENT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.