കോഴിക്കോട്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടെങ്കിലും ജില്ലയിലെ സ്കൂളുകൾക്കുള്ള എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തക വിതരണം പൂർത്തിയായി. 9, 10 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളും അടുത്ത ദിവസങ്ങളിൽ സ്കൂളുകളിലെത്തും.
ജില്ലയിലെ സ്കൂളുകളിലെ ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്ക് 32.6 ലക്ഷം പാഠപുസ്തകങ്ങളാണ് ആവശ്യമുള്ളത്. കഴിഞ്ഞ വർഷം സ്കൂളുകളിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ 5 ശതമാനം അധികമാണിത്. വടകര ഡിപ്പോയിലെത്തിച്ച പുസ്തകങ്ങൾ സ്കൂൾ സഹകരണ സൊസൈറ്റികൾക്ക് കൈമാറി. സൊസൈറ്റികൾ വഴി സ്കൂളുകളിലെത്തിയ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്തു തുടങ്ങി.
9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഈ വർഷം മുതൽ മാറുന്നുണ്ട്. പത്താം ക്ലാസിലെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി പാഠപുസ്തകങ്ങൾ ഒഴികെയുള്ളവ വിതരണത്തിനെത്തിയിട്ടുണ്ട്. ഒൻപതിലെ ഐ.ടി പാഠപുസ്തകമായ ഇ- വിദ്യയുടെ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ഒഴികെയുള്ളവയും വടകര ഡിപ്പോയിലെത്തി.
സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ മുഴുവൻ പാഠപുസ്തകങ്ങളും വിതരണത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള വി.പി മിനി പറഞ്ഞു.
# സൗജന്യ കൈത്തറി യൂണിഫോം
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണി വിതരണവും ആരംഭിച്ചിട്ടുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ 183 എൽ.പി, യു.പി സ്കൂളുകളിലാണ് തുണി വിതരണം ചെയ്യുക. സംസ്ഥാനത്ത് ആകെ 14.67 ലക്ഷം മീറ്റർ തുണിയാണ് ഇതുവരെ വിതരണം ചെയ്തത്. ഹൈസ്കൂളുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന എൽ.പി, യു.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും യൂണിഫോമിനുള്ള തുകയാണ് നൽകുക. ഒരു വിദ്യാർത്ഥിക്ക് 400 രൂപ വീതമാണ് നൽകുക.