ഭീഷ് മപർവ്വം സിനിമയിൽ ഡോ. ആലീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി തെലുങ്ക് താരം അനസൂയ ഭരദ്വാജ്.അനസൂയയുടെ ആദ്യ മലയാള സിനിമയാണ് ഭീഷ്മപർവ്വം. അല്ലു അർജുൻ ചിത്രം പുഷ്പയിൽ ദാക്ഷായണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അനസൂയ തന്നെ. ഭർത്താവ് സുശാങ്കുമായുള്ള ഒൻപതുവർഷത്തെ ഡേറ്റിംഗ് താൻ ഏറെ ആസ്വദിച്ചെന്ന് അനസൂയ പറഞ്ഞു.
''പതിനാറു വയസുമുതൽ എനിക്ക് സുശാങ്കിനെ അറിയാം. എൻ.സി.സി ക്യാമ്പിലാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. സുശാങ്ക് മികച്ച കേഡറ്റും ഞാൻ പരേഡ് കമാൻഡറും . റിപബ്ലിക് ഡേ പരേഡിലേക്ക് ഞങ്ങൾ രണ്ടുപേരെയും തിരഞ്ഞെടുത്തു. അവിടെവച്ചാണ്് കൂടുതൽ സംസാരിക്കുന്നതും അടുപ്പത്തിലാവുന്നതും.9 വർഷം ഡേറ്റിംഗ്. എന്റെ വീട്ടുകാരെ സമ്മതിപ്പിക്കാൻ അത്രയും വർഷമെടുത്തു. പിന്നീട് വിവാഹം. വിവാഹം കഴിഞ്ഞിട്ട് 11 വർഷം . എന്നാൽ 21 വർഷമായി ഞങ്ങൾ ഒന്നിച്ചാണ്. ഒന്നിച്ചു വളർന്നു എന്നുത്തന്നെ പറയാം. ബീഹാർ ആണ് സുശാങ്കിന്റെ നാട്. മാതാപിതാക്കൾ ഹൈദരാബാദിൽ സെറ്റിൽ ചെയ്തതാണ്. ഞാൻ ജനിച്ചതും വളർന്നതും ഹൈദരാബാദിൽ ആണ്. മൂത്തമകൻ ശൗര്യ ഭരദ്വാജിന് പത്തു വയസ്. ഇളയമകൻ അയാൻഷ് ഭരദ്വാജിന് എട്ട് വയസ്. എന്നെ പ്രോത്സാഹിപ്പിക്കുന്ന കുടുംബത്തെ ലഭിച്ചതിൽ സന്തോഷിക്കുന്നു.പരസ്പരം ആശ്രയിക്കാതെ ജീവിതം പങ്കിടുന്നതിലാണ് വിശ്വാസം.
അച്ഛന്റെ അമ്മയുടെ പേര് അനസൂയ എന്നാണ്. കുടുംബത്തിലെ ആദ്യത്തെ കുട്ടി എന്ന നിലയ്ക്ക് എനിക്ക് ആ പേരിട്ടു. അസൂയ ഇല്ലാത്തയാൾ എന്നാണ് പേരിന്റെ അർത്ഥം. അസൂയയുടെ വിപരീതമാണ് അനസൂയ. പുരാണത്തിൽ ഗൗതം മഹർഷിയുടെ ഭാര്യയുടെ പേരാണ് അനസൂയ.'' അനസൂയ പറഞ്ഞു. മലയാളത്തിലേക്ക് വീണ്ടും വരാനുള്ള ഒരുക്കത്തിലാണ് അനസൂയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |