ജോഷി - സുരേഷ് ഗോപി ചിത്രം പാപ്പൻ മേയ് 20ലേക്ക് നീട്ടി
മലയാള ചിത്രങ്ങളുടെ മേജർ റിലീസില്ലാതെ വിഷു കടന്നു പോകുമ്പോൾ മേയ് മാസത്തിൽ റിലീസിന് ഒരുങ്ങുന്നത് പത്തിലധികം സിനിമകൾ. നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് - കീർത്തി സുരേഷ് ചിത്രം വാശി ,ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം, വിനയ് ഫോർട്ട് ചിത്രം ബർമുഡ, സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ ചിത്രം ജിന്ന്, നവാഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ജോ ആൻഡ് ജോ എന്നീ ചിത്രങ്ങൾ മേയ് 6ന് തിയേറ്ററുകളിൽ എത്തുന്നതിന് ഒരുങ്ങുന്നു. വാശിയുടെ തിരക്കഥയും വിഷ്ണുവിന്റേതാണ്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാറാണ് വാശി നിർമ്മിക്കുന്നത്. അച്ഛൻ നിർമ്മിക്കുന്ന സിനിമയിൽ മകളായ കീർത്തി നായികയാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സൂരജ് സി.കെ, സിജു സി.കെ, ഷിനോയ് മാത്യു, ബാദുഷ എൻ.എം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബർമുഡയിൽ ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൽ സുദർശനൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ് , ഗൗരിനന്ദ എന്നിവരാണ് മറ്റു താരങ്ങൾ.
കൃഷ്ണദാസ് പങ്കി രചന നിർവഹിക്കുന്ന ചിത്രം ബാദുഷ സിനിമാസാണ് വിതരണം.സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്നിൽ ശാന്തി ബാലചന്ദ്രനാണ് നായിക. ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരാണ് മറ്റു താരങ്ങൾ. കലി എന്ന ചിത്രത്തിനുശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന സിനിമയാണ് ജിന്ന്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. മാത്യു ,നസ്ലെൻ, നിഖില വിമൽ എന്നിവരാണ് ജോ ആൻഡ് ജോയിലെ പ്രധാന താരങ്ങൾ. ജോണി ആന്റണി, സ്മിനു സിജോ എന്നിവരാണ് മറ്റു താരങ്ങൾ. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നിവയുടെ ബാനറിലാണ് നിർമ്മാണം. അരുൺ ഡി. ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്നാണ് രചന.
ജയസൂര്യ - മഞ്ജുവാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന മേരീ ആവാസ് സുനോ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്നീ ചിത്രങ്ങൾ 13ന് റിലീസ് ചെയ്യും. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന മേരീ ആവാസ് സുനോ വൻ താരനിരയിലാണ് അണിനിരക്കുന്നത്. ജോണി ആന്റണി, ശിവദ, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി. സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരോടൊപ്പം സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും താരനിരയിലുണ്ട്.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇമോഷണൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് പത്താം വളവ്. അദിതി രവിയും സ്വാസികയുമാണ് നായികമാർ. ഇടവേളയ്ക്കുശേഷം അജ്മൽ അമീർ മലയാളത്തിലേക്ക് മടങ്ങിവരികയാണ്. അനീഷ് ജി. മേനോൻ, സുധീർ കരമന, സോഹൻ സീനുലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, നിസ്താർ അഹമ്മദ് എന്നിവരാണ് മറ്റു താരങ്ങൾ.നടി മുക്തയുടെ മകൾ കൺമണി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പത്താം വളവ്. യു ജി എം പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് നിർമ്മാണം. അഭിലാഷ് പിള്ള രചന നിർവഹിക്കുന്നു. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ,കൃഷ്ണശങ്കർ, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡോ. ജിസ് തോമസ് സംവിധാനം ചെയ്യുന്ന ട്രോജൻ എന്നീ ചിത്രങ്ങൾ 20ന് തിയേറ്ററിൽ എത്തും. ജോഷി, സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാപ്പനിൽ വൻതാര നിരയാണ് അണിനിരക്കുന്നത്. സുരേഷ് ഗോപിയും ഗോകുൽ സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, സണ്ണി വയ്ൻ, ആശ ശരത്, നൈല ഉഷ, കനിഹ, നീതപിള്ള, ചന്ദുനാഥ് എന്നിവരാണ് പ്രധാന താരങ്ങൾ.സിജു വിത്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ 28ന് എത്തും.
ഹാസ്യത്തിനും കുടുംബ ബന്ധങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന വരയനിൽ ലിയോണ ലിഷോയ് ആണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റു താരങ്ങൾ. ഫാദർ ഡാനി കപ്പൂച്ചൻ തിരക്കഥ എഴുതുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം രജീഷ് രാമൻ.ഷറഫുദ്ദീൻ, നൈല ഉഷ, എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഓട്ടത്തിലാണ് മേയ് റിലീസായി പ്ളാൻ ചെയ്യുന്ന മറ്റൊരു ചിത്രം. അപർണ ദാസാണ് ചിത്രത്തിലെ മറ്റൊരു താരം. വൗവ് സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭയകുമാർ കെ. ,അനിൽ കുര്യൻ എന്നിവരുടേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |