SignIn
Kerala Kaumudi Online
Saturday, 24 August 2019 10.43 PM IST

ഇന്ത്യ-അമേരിക്ക ബന്ധത്തിലെ രാഷ്ട്രീയം

editors-pick

21-ാം നൂറ്റാണ്ടിലെ ഏറ്രവും തന്ത്രപരമായ ബന്‌ധമെന്നാണ് ഇന്ത്യാ - അമേരിക്ക സഹകരണത്തെ ഇരുരാജ്യങ്ങളും വിശേഷിപ്പിക്കുന്നത്. ജനാധിപത്യ രാജ്യങ്ങളായ ഇവർ സ്വാഭാവിക സുഹൃത്തുക്കളാണെന്നും തന്ത്രപരമായ ഒട്ടനവധി പൊതുതാത്പ‌ര്യങ്ങൾ സംരക്ഷിക്കപ്പെടാനുണ്ടെന്നുള്ളതും വളരെ പ്രസക്തമാണ്. പല മേഖലകളിലും പ്രത്യേകിച്ചും ആയുധ ഇടപാടിലും സംയുക്ത സൈനിക സഹകരണത്തിലും ബന്ധം വളരെ മുന്നോട്ടു പോയിട്ടുണ്ട്. ചൈനയെ പിടിച്ചുകെട്ടാൻ ഇരുരാജ്യങ്ങളും സഹകരിക്കുന്നു. പാക് തീവ്രവാദികൾക്കെതിരെ ശക്തമായ നടപടിയെടുത്ത് അമേരിക്ക ഇന്ത്യയെ പിന്തുണയ്‌ക്കുന്നു. ഈ സൗഹൃദത്തിനും സഹകരണത്തിനും വലിയ വില നൽകേണ്ടി വരുമെന്ന അഭിപ്രായങ്ങൾ ആദ്യം മുതൽക്കേ ഉയർന്നിരുന്നു. അമേരിക്ക ആർക്കും സൗജന്യമായി സേവനങ്ങൾ ചെയ്യാറില്ല. അതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായിട്ടുള്ളത് എച്ച് 1ബി വിസ നിയന്ത്രണങ്ങൾ,​ ഇറാൻ ഉപരോധം,​ ഇന്ത്യൻ കയറ്റുമതിക്ക് ഏർപ്പെടുത്തിയ ഉയർന്ന നികുതി തുടങ്ങിയ മേഖലകളിലാണ്.

വിസ എളുപ്പമല്ല

അമേരിക്കയിൽ വിദേശ പൗരന്മാർക്ക് താത്‌കാലികമായി ജോലി ചെയ്യാൻ നൽകുന്ന അനുമതിയെയാണ് എച്ച് 1ബി വിസ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൻപ്രകാരം അമേരിക്കയിലെ തൊഴിൽദാതാക്കൾക്ക് പ്രത്യേക നൈപുണ്യം ആവശ്യമുള്ള തൊഴിലുകൾക്ക് മറ്റ് രാജ്യക്കാരെ നിയോഗിക്കാം. സാധാരണ മൂന്ന് മുതൽ ആറ് വ‍ർഷം വരെയാണ് ഇത്തരം വിസയുടെ കാലാവധി. സാധാരണ ഒരു കമ്പനി ഒരാളെ റിക്രൂട്ട് ചെയ്‌താൽ ആ പ്രൊജക്‌ട് തീരുമ്പോൾ മറ്റൊരു പ്രൊജക്‌ടിലേക്ക് ആ കമ്പനി അയയ്‌ക്കുന്ന പ്രകാരം ജോലിയിൽ പ്രവേശിക്കാമായിരുന്നു. എന്നാൽ ഇനി മുതൽ അത് സാദ്ധ്യമല്ലാത്ത രീതിയിലുള്ള നിയന്ത്രണങ്ങൾ അമേരിക്ക പൗരത്വ കുടിയേറ്റ സേവന വകുപ്പ് ഏർപ്പെടുത്തുകയാണ്. ഇതിനുള്ള പ്രധാന കാരണമായി പറയുന്നത് തൊഴിൽ മാറ്റത്തിന് പ്രത്യേക നൈപുണ്യം ആവശ്യമുണ്ട് എന്ന വ്യവസ്ഥ പാലിക്കുന്നില്ല എന്നതാണ് . ഇതൊരു തടസവാദം മാത്രമാണ്. കാരണം ഒരു പ്രൊജക്‌ടിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ആ ജോലിക്ക് വേണ്ട നൈപുണ്യം ഉള്ളവർ തന്നെയാണ് . ഒരു ഐ.ടി കമ്പനി ഒരു ഇന്ത്യൻ പൗരനെ ജോലിക്കെടുത്താൽ ബന്‌ധപ്പെട്ട പ്രോജക്‌ട് തീരുമ്പോൾ അയാൾക്ക് ലഭിച്ചിട്ടുള്ള എച്ച് 1ബി വിസ ഉപയോഗിച്ചു തന്നെ അതേ സ്വഭാവമുള്ള മറ്റൊരു തൊഴിൽ ആ കമ്പനി തന്നെ തരപ്പെടുത്തി കൊടുത്തിരുന്നു. ഇനി മുതൽ ഇത് സാദ്ധ്യമല്ല. പ്രോജക്‌ട് മാറുന്നത് അനുസരിച്ച് എച്ച് 1ബി വിസയ്‌ക്ക് പുതുതായി അപേക്ഷിക്കേണ്ടി വരും. അതായത് ഒരു പ്രോജക്‌ട് കഴിഞ്ഞാൽ ജോലി നഷ്‌ടപ്പെടുന്ന അവസ്ഥ. ഇപ്രകാരം തൊഴിൽ നഷ്‌ടപ്പെട്ടാൽ പിന്നീട് മൂന്ന് മുതൽ പത്ത് വർഷത്തേക്ക് അമേരിക്കയിൽ തൊഴിലിനായി പ്രവേശിക്കാനാവില്ല. ഇത്തരം കേസുകളിൽ അമേരിക്കൻ കോടതികൾ ഇടപെടാൻ തയാറാകുന്നുമില്ല. സ്ഥിരജോലിക്ക് ആവശ്യമായ ഗ്രീൻകാർഡ് ലഭിക്കുന്നത് വരെ ഇത്തരത്തിലുള്ള തൊഴിൽ ഇന്ത്യക്കാർക്ക് വലിയ സഹായമായിരുന്നു.

പരിഗണനയിലിരിക്കുന്ന മറ്റൊരു പരിഷ്‌കാരമാണ് അമേരിക്കയിൽ നിന്ന് മാസ്‌റ്റർ ബിരുദം നേടിയവർക്ക് എച്ച് 1ബി വിസയിൽ മുൻഗണന നൽകാനുള്ള നിർദേശം. ഏകദേശം മൂന്നിലൊന്ന് എച്ച് 1ബി വിസകൾ ഇക്കൂട്ടർക്കായി മാറ്റിവയ്‌ക്കപെടും. ഇന്ത്യയിൽ നിന്ന് ബിരുദവും തൊഴിൽ നൈപുണ്യവുമുള്ളവർക്ക് ലഭിച്ചിരുന്ന അവസരങ്ങൾ ഈ നിബന്‌ധന മൂലം നഷ്‌ടപ്പെടും. ഇന്ത്യയിൽ നിന്നും കൂടുതൽ വിദ്യാർത്ഥികൾ അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നടത്താനുള്ള നടപടിയായിക്കൂടി ഈ നിബന്ധനയെ കാണാവുന്നതാണ്. ഇന്ത്യയിലെ സമ്പന്നരായ വിദ്യാർത്ഥികൾ അമേരിക്കയിൽ പോയി ഉപരിപഠനം നടത്താൻ ചെലവാക്കുന്ന പണം,​ അമേരിക്ക ഇന്ത്യയിൽ നടത്തുന്ന വിവിധ നിക്ഷേപങ്ങളേക്കാൾ കൂടുതലാണെന്ന് കണക്കുകൾ കാണിക്കുന്നു.

ഇന്ത്യയെ സംബന്‌ധിച്ചിടത്തോളം ഈ വിസ നിയന്ത്രണങ്ങൾ ഇരുട്ടടി തന്നെയാണ്. ഒരു വർഷം ഇഷ്യു ചെയ്യുന്ന എച്ച് 1 ബി വിസയുടെ അറുപത് ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിച്ചിരുന്നത്. ഇത്തരം കടുത്ത നിബന്‌ധനകൾ ഏർപ്പെടുത്തുക വഴി അത്യാവശ്യം നല്ലൊരു പണിയാണ് ഇന്ത്യയ്‌ക്ക് കിട്ടിയിരിക്കുന്നത്. എച്ച് 1 ബി വിസയുടെ ചെലവ് മാത്രമല്ല കൂടുതൽ ഇന്ത്യക്കാർ അമേരിക്കയിൽ ഉപരിപഠനം നടത്തേണ്ട സാഹചര്യവും ഈ നിബന്‌ധനകൾ കൊണ്ടുവരുന്നു.

ഇറാൻ എണ്ണ ഇനി കിട്ടില്ല

ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ഇന്ത്യയ്‌ക്ക് ഇനി ഇറാനിൽ നിന്ന് എണ്ണ വാങ്ങാനാവില്ല. ഈ അമേരിക്കൻ നിബന്‌ധനയോട് ഇന്ത്യ വിധേയപ്പെട്ടു കഴിഞ്ഞു. ഇന്ത്യയ്‌ക്ക് വലിയ സാമ്പത്തികലാഭം ലഭിക്കുന്ന ഇടപാടായിരുന്നു ഇറാനുമായി ഉള്ളത്. വിലക്കുറവ് മാത്രമല്ല,​ ഇന്ത്യൻ രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പുതിയ നിബന്ധന മൂലം ഇരട്ട നഷ്‌ടമാണ് ഇന്ത്യയ്‌ക്ക്. എന്നാൽ അമേരിക്കൻ നിർദേശത്തെ ചൈനയും ടർക്കിയും തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്‌ധമാണ് സ്വതന്ത്രമായ തീരുമാനമെടുക്കാൻ തടസമായി നിൽക്കുന്നത്. ഇതിന് പകരമായി സൗദി അറേബ്യ,​ യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് എണ്ണ ലഭിക്കുമെന്നാണ് അമേരിക്കൻ വാദം. എന്നാൽ ഒപെക് രാജ്യങ്ങളുടെ നിയന്ത്രണത്തിന് വിധേയമായി മാത്രമേ ഇവർക്ക് എണ്ണ നൽകാൻ കഴിയൂ. അതായത് അമേരിക്കൻ നിർബന്‌ധത്തിന് വഴങ്ങി ഇന്ത്യ കൂടിയ വില നൽകി എണ്ണ വാങ്ങേണ്ടി വരും.

ഇനി നികുതി ആനുകൂല്യമില്ല

ഒരു അവികസിത രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ നിന്നുള്ള പല കയറ്റുമതി സാധനങ്ങൾക്കും അമേരിക്ക ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ഇനി മുതൽ അവ നൽകാൻ കഴിയില്ലെന്ന് ട്രംപ് അറിയിച്ചു കഴിഞ്ഞു. മാത്രമല്ല,​ ചില അമേരിക്കൻ ഇറക്കുമതികൾക്ക് ( ഉദാ : ഹാർഡ്‌ലി ഡേവിഡ്‌സൺ ബൈക്കുകൾ)​ ഇന്ത്യ ഏ‍ർപ്പെടുത്തിയിട്ടുള്ള ഉയർന്ന നികുതി പിൻവലിക്കാനും നമ്മൾ നിർബന്‌ധിതരായിട്ടുണ്ട്. ഈ നടപടികളെല്ലാം ഇന്ത്യയ്‌ക്ക് നല്ല സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നതാണ്.

തന്ത്രപരമായ ബന്ധം പാരയോ ?​

ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയിട്ടുള്ള തന്ത്രപരമായ ബന്ധത്തിന് നൽകുന്ന വിലയായിട്ട് വേണം മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ നമുക്ക് ഉണ്ടാകുന്ന നഷ്‌ടം. ഇന്ത്യയ്‌ക്ക് എതിരെയുള്ള ചൈന - പാക് അച്ചുതണ്ടിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്‌ക്ക് മറ്റ് മാർഗങ്ങൾ വളരെ കുറവാണ്. അമേരിക്കയുടെ സൈനികവും തന്ത്രപരവുമായ സഹകരണം ഇന്ത്യയ്‌ക്ക് അനിവാര്യമാണ്. വിദേശകാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുള്ള പരമ്പരാഗത സ്വാതന്ത്ര്യമാണ് ഇതു മൂലം നഷ്‌ടപ്പെടുന്നത്. ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്.

കൃത്യമായ ഒരു സന്ദേശം ഇവിടെ വായിച്ചെടുക്കാം. അമേരിക്കയുടെ താത്‌പര്യം സംരക്ഷിക്കുകയാണ് അവരുടെ വിദേശനയത്തിന്റെ ലക്ഷ്യം. അമേരിക്ക ഇന്ത്യൻ താത്‌പര്യങ്ങൾ സംരക്ഷിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. അമേരിക്ക എടുത്തിട്ടുള്ള നടപടികളെല്ലാം തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതാണ്. യഥാർത്ഥത്തിൽ ഇന്ത്യ ഒരു സാമ്പത്തിക വൻശക്തിയാകാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. ചൈനയെ നേരിടാൻ വേണ്ടി മാത്രമാണ് ഈ ചങ്ങാത്തം. മസൂദ് അസറിനെ കരിമ്പട്ടികയിൽ പെടുത്താൻ അമേരിക്ക മുന്നിട്ടിറങ്ങിയത് ഇന്ത്യയെയും ചൈനയെയും തമ്മിൽ തെറ്റിക്കാനാണെന്ന വിലയിരുത്തലുകളുണ്ട്. ചുരുക്കത്തിൽ ഇന്ത്യാ - അമേരിക്ക ബന്ധം ധൃതരാഷ്‌ട്രാലിംഗനമാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.

( ലേഖകൻ കേരള സർവകലാശാലയിൽ പൊളിറ്റ്‌ക്സ് അദ്ധ്യാപകനാണ്. )​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.