SignIn
Kerala Kaumudi Online
Thursday, 25 April 2024 10.21 PM IST

രേഖ തേടി രേഖാ ശർമ്മ...!

rekha

ഡൽഹിയിലേക്ക് പൊലീസ് തപാലിൽ അയയ്ക്കുന്ന റിപ്പോർട്ടുകൾ വഴിമദ്ധ്യേ സ്ഥിരമായി അടിച്ചുമാറ്റാൻ ഏതെങ്കിലും വിരുതന്മാർ തുനിഞ്ഞിറങ്ങിയിരിക്കുകയാണോ. ? ദേശീയ വനിതാ കമ്മിഷനിലേക്ക് അയയ്ക്കുന്ന റിപ്പോർട്ടുകൾ അടിക്കടി കാണാതാവുന്നതാണ് ഇങ്ങനെയൊരു സംശയത്തിന് കാരണം. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഡൽഹിയിലേക്ക് സ്ഥിരമായി റിപ്പോർട്ട് അയയ്ക്കാറുണ്ടെന്നാണ് പൊലീസ് ഉന്നതർ പറയുന്നത്. എന്നാൽ ഒറ്റ റിപ്പോർട്ട് പോലും ഡൽഹിയിൽ കിട്ടാറുമില്ല. ഒടുവിൽ റിപ്പോർട്ടുകൾ എവിടെയാണെന്ന് അന്വേഷിച്ച് ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ രേഖാ ശർമ്മയ്ക്ക് ഡി.ജി.പി അനിൽകാന്തിനെ കാണാൻ പൊലീസ് ആസ്ഥാനത്ത് എത്തേണ്ടിവന്നു. ഒടുവിൽ ഈ പ്രശ്നത്തിന് രേഖാശർമ്മ തന്നെ പരിഹാരവും കണ്ടെത്തി, ഇനി മുതൽ റിപ്പോർട്ടുകൾ തപാലിൽ വേണ്ട. ഇ-മെയിലിൽ അയച്ചാൽ മതി. അതാവുമ്പോൾ ആരും വഴിമദ്ധ്യേ അടിച്ചുമാറ്റില്ലല്ലോ.

ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ച് പരാതി നൽകിയ നിയമ വിദ്യാർത്ഥിനി, മോഫിയ പർവീൺ (21) ജീവനൊടുക്കിയത് സംബന്ധിച്ച കേസിലടക്കം 289 കേസുകളിലാണ് ദേശീയ വനിതാ കമ്മിഷൻ പൊലീസ് മേധാവിയോട് വിശദീകരണം ചോദിച്ചിരുന്നത്. ഒരു റിപ്പോർട്ടു പോലും ഡൽഹിയിൽ കിട്ടിയില്ല. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്കിടെ സി.ഐ സുധീർ ഭർതൃവീട്ടുകാരുടെ മുന്നിൽവച്ച് പിതാവിനെ ഉൾപ്പെടെ അപമാനിച്ചെന്ന് കത്തെഴുതിവച്ചാണ് മോഫിയ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. കേസിൽ സി.ഐയെ രക്ഷിച്ചെടുക്കാൻ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയിലായിരുന്നു കമ്മിഷന്റെ ഇടപെടൽ. പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം നൽകിയ വിവരമറിയിച്ച് തപാലിൽ റിപ്പോർട്ട് അയച്ചെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ കമ്മിഷനിൽ അത് ലഭിച്ചില്ല. ഇനിമുതൽ കമ്മിഷനിലേക്കുള്ള റിപ്പോർട്ടുകൾ ഇ-മെയിലിൽ നൽകാൻ അവർ ഡി.ജി.പിയോട് നിർദ്ദേശിച്ചിരിക്കുകയാണ്.

ഗുരുതരമായ വിമർശനങ്ങളാണ് ദേശീയ വനിതാകമ്മിഷൻ അദ്ധ്യക്ഷ പൊലീസ് നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. ദേശീയ വനിതാ കമ്മിഷന് മുന്നിൽ വരുന്ന പരാതികളിൽ പൊലീസിനോട് ആവർത്തിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായി നൽകുന്നില്ല. റിപ്പോർട്ടുകൾ വൈകുന്നതിനാൽ കമ്മിഷന് പരാതികൾ അന്വേഷിക്കാനും തീർപ്പുണ്ടാക്കാനും സാധിക്കുന്നില്ല. നാലുവർഷം പഴക്കമുള്ള കേസുകളിൽ പോലും പൊലീസ് റിപ്പോർട്ട് വൈകുകയാണ്. പൊലീസ് റിപ്പോർട്ടുകൾ വൈകുന്നതിന്റെ കാരണം തേടി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപി വിജയ് സാക്കറെയെയും ജില്ലാ പൊലീസ് മേധാവിമാരെയും കമ്മിഷൻ അദ്ധ്യക്ഷ വിളിച്ചുവരുത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കേസുകളിൽ കുറ്റപത്രം വൈകുന്നതിലും കമ്മിഷൻ ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ സമയത്ത് നൽകാത്തതിലും രേഖാശർമ്മ പൊലീസ് ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ചു.

സ്ത്രീസുരക്ഷ മുഖമുദ്ര‌യാക്കിയ സർക്കാരും ഡസൻകണക്കിന് സ്ത്രീസുരക്ഷാ പദ്ധതികൾ നടപ്പാക്കുന്ന പൊലീസും എന്തിനാണ് കമ്മിഷൻ ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ നൽകുന്നതിൽ കാലതാമസം വരുത്തുന്നത് എന്തിനാണെന്ന് സ്വാഭാവികമായും സംശയം ഉയരും. റിപ്പോർട്ടുകൾ കമ്മിഷൻ പരസ്യപ്പെടുത്തുകയും വിമർശനം ഉന്നയിക്കുകയും ചെയ്താൽ പൊലീസ് നേതൃത്വത്തിന് ക്ഷീണമാവും. ഇതൊഴിവാക്കാനാണ് വൈകിപ്പിക്കൽ തന്ത്രം. ആലുവയിലെ കേസിൽ പ്രതികൾക്കെതിരെ കുറ്രപത്രം നൽകിയെന്നത് ശരിയാണെങ്കിലും കേസിൽ നിന്ന് ആലുവ സി.ഐയായിരുന്ന സി.എൽ സുധീറിനെ പൊലീസ് ബോധപൂർവം ഒഴിവാക്കിയെന്ന ആരോപണം പിതാവ് ദിൽഷാദ് ഉന്നയിച്ചു. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി പോരെന്നും മകളുടെ ആത്മഹത്യയ്ക്ക് സി.ഐയും കാരണക്കാരൻ ആണെന്നും സി.ഐയെ പ്രതി ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഉമ്മ റുഖിയ, പിതാവ് യൂസഫ് എന്നിവരാണ് പ്രതികൾ. ആത്മഹത്യ പ്രേരണകുറ്റം, കൊലപാതക ശ്രമം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഭർത്താവ് സുഹൈലിന്റെ വീട്ടിൽ അനുഭവിച്ച ക്രൂരപീഡനമാണ് ആത്മഹത്യക്ക് ഇടയാക്കിയെതെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ടെങ്കിലും പൊലീസ് സ്റ്റേഷനിൽ വച്ച് സി.ഐയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഗാർഹിക പീഡനത്തെകുറിച്ചുള്ള മോഫിയയുടെ പരാതിയിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ചുള്ള അന്വേഷണം ഇതുവരെ പൂർത്തിയായിട്ടുമില്ല.

സി.ഐയെ രക്ഷിക്കാൻ പെടാപ്പാട്

ആലുവയിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥിനിയുടെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയ സി.ഐ സുധീർ നേരത്തെയും നടപടിയും അന്വേഷണവും നേരിട്ടയാളാണ്. അഞ്ചൽ സി.ഐയായിരിക്കെ ഔദ്യോഗിക നടപടികളിൽ വീഴ്ചവരുത്തിയതിന്, സുധീറിന് ഇനി ക്രമസമാധാന ചുമതല നൽകരുതെന്ന് റൂറൽ എസ്.പിയായിരുന്ന എസ്.ഹരിശങ്കർ ശുപാർശ ചെയ്തിരുന്നു. ഇത് അവഗണിച്ചാണ് കൊച്ചിയിൽ ക്രമസമാധാന ചുമതല നൽകിയത്. കടയ്ക്കൽ, അഞ്ചൽ സ്റ്റേഷനുകളിൽ ജനങ്ങളോട് മോശമായി പെരുമാറിയതായി സുധീറിനെതിരെ പരാതികളുണ്ടായിരുന്നു.

അഞ്ചൽ ഉത്രവധക്കേസിന്റെ അന്വേഷണത്തിൽ വീഴ്ചവരുത്തിയതിന് സുധീറിനെതിരെ വകുപ്പുതല അന്വേഷണമുണ്ട്. അന്വേഷണ ഘട്ടത്തിൽ എസ്.ഐ, എ.എസ്.ഐ എന്നിവരുടെ റിപ്പോർട്ടുകൾ വിലക്കെടുക്കാതെയും വിവരശേഖരണം നടത്താതെയും അലംഭാവം കാട്ടി. എ.എസ്.ഐ ഉത്രയുടെ ഇൻക്വസ്​റ്റ് നടപടികൾ പൂർത്തിയാക്കുമ്പോൾ ബന്ധുക്കൾക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് പാമ്പിനെ കത്തിച്ചുകളയാതെ കുഴിച്ചിടുകയും ഉത്രയുടെ രക്തം രാസപരിശോധനയ്‌ക്ക് അയക്കുകയും ചെയ്തത്. ഇക്കാര്യങ്ങൾ അന്നത്തെ സി.ഐ ആയിരുന്ന സുധീറിനെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും അദ്ദേഹം മുഖവിലക്കെടുത്തില്ല. പിന്നീട് ക്രൈംബ്രാഞ്ച് സംഘം ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട്‌ പോവുകയും പ്രതിയെ അറസ്​റ്റ് ചെയ്യുകയുമായിരുന്നു.

അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും സി.ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി. മൃതദേഹം ഇൻക്വസ്​റ്റ് നടപടികൾ പൂർത്തിയാക്കി പോസ്​റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകാൻ സി.ഐയുടെ ഒപ്പ് ആവശ്യമാണ്. ഈ സമയത്ത് തന്റെ വീടുപണി നടക്കുന്ന സ്ഥലത്താണ് സി.ഐ സുധീർ ഉണ്ടായിരുന്നത്. ഇതിനായി മൃതദേഹം 17 കിലോമീ​റ്റർ അകലെയുള്ള വീട്ടിലേക്ക് കൊണ്ടുവരാൻ സി.ഐ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഹരിശങ്കർ സുധീറിനെതിരെ റിപ്പോർട്ട് നൽകിയത്. സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നും ക്രമസമാധാനചുമതല നൽകരുതെന്നുമായിരുന്നു ശുപാർശ. പിന്നീടാണ് സുധീറിനെ എറണാകുളം റൂറലിലേക്ക് സ്ഥലംമാറ്റിയത്. പരാതിയുമായെത്തിയ അന്യസംസ്ഥാന തൊഴിലാളിയെക്കൊണ്ട് സ്റ്റേഷൻ കഴുകിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തതിനും സുധീർ ആരോപണം നേരിട്ടിരുന്നു. ഇതിൽ സി.ഐയെ താക്കീത് ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REKHA SHARMA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.