SignIn
Kerala Kaumudi Online
Friday, 29 March 2024 5.24 AM IST

കേരളസർക്കാരിനെ ദേശീയ മാതൃകയാക്കാൻ സി.പി.എം

brinda

കേരളത്തിലെ ഇടതുമുന്നണി സർക്കാർ നടപ്പാക്കിവരുന്ന വികസന, സാമൂഹ്യക്ഷേമ പരിപാടികളെ ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ സ്വത്വമാതൃകയായി ഉയർത്തിക്കാട്ടാൻ സി.പി.എം തയാറെടുക്കുന്നു. 23ാം പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ രണ്ട് ദിവസമായി നടന്ന ചർച്ചയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ കേരള സർക്കാരിന്റെ നയപരിപാടികളെ വാഴ്ത്തി സംസാരിച്ചു. രാഷ്ട്രീയപ്രമേയത്തിൽ പ്രത്യേകമായി കേരള മോഡലിനെ എടുത്തു കാട്ടിക്കൂടേയെന്നും ചിലർ ചോദിച്ചു.

കരട് രാഷ്ട്രീയപ്രമേയത്തിൽ രണ്ടാം അദ്ധ്യായത്തിൽ 150 മുതൽ 153 വരെ ഭാഗങ്ങൾ കേരളത്തെക്കുറിച്ചാണ്. " എൽ.ഡി.എഫ് സർക്കാരിന്റെ മാതൃകാപരമായ പ്രവർത്തനം ജനജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻ എൽ.ഡി.എഫ് സർക്കാർ സാമൂഹ്യസുരക്ഷാ പദ്ധതികൾ ശരിയായ രീതിയിൽ നടപ്പാക്കി. ഒരു സംസ്ഥാന സർക്കാരിന് ഫെഡറൽ സംവിധാനത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുതന്നെ എന്തൊക്കെ ചെയ്യാനാകുമെന്ന് ജനകീയമായ ബദൽ നയങ്ങൾ തെളിയിച്ചു. സമുദായമൈത്രിയുടെ അടിത്തറയിൽ എല്ലാ ജനവിഭാഗങ്ങൾക്കും സംരക്ഷണം നൽകി. പ്രധാനമായി ആർ.എസ്.എസ്, ബി.ജെ.പി ഉയർത്തുന്ന അപകടസാദ്ധ്യതയ്ക്കെതിരായ പോരാട്ടത്തിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ബി.ജെ.പിയുമായുള്ള നീക്കുപോക്കിനെ തുറന്നു കാട്ടുന്നതിലും ഊന്നിയുള്ള വ്യക്തമായ രാഷ്ട്രീയലൈൻ 2021ലെ അഭൂതപൂർവമായ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെ സഹായിച്ചു"- പ്രമേയം പറയുന്നു.

പ്രതിനിധി ചർച്ചയിൽ തമിഴ്നാട്, കർണാടകം, ഒഡിഷ, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കേരളസർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചത്. നവകേരള മിഷൻ കർമ്മപദ്ധതികളെപ്പറ്റിയും നദീസംരക്ഷണമടക്കമുള്ള പാരിസ്ഥിതിക ഇടപെടലുകളെപ്പറ്റിയും കേരളത്തെ പ്രതിനിധീകരിച്ച ടി.എൻ.സീമ പ്രസംഗിച്ചു. കേരളത്തിന്റെ വികസനപദ്ധതികളെ അട്ടിമറിക്കാൻ ബി.ജെ.പിയുമായി ചേർന്ന് കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് മന്ത്രി പി. രാജീവും ഒന്നാം പിണറായിസർക്കാർ സാമൂഹ്യക്ഷേമ, വികസന രംഗങ്ങളിലടക്കം നടത്തിയ ജനകീയ ഇടപെടലിനുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് കെ.കെ. രാഗേഷും പറഞ്ഞു. കേരള മോഡൽ പരിപാടികളെ ദേശീയതലത്തിൽ ഉയർത്തിക്കാട്ടണമെന്ന് നിർദ്ദേശിച്ചത് ഹിമാചലിൽ നിന്നുള്ള രാകേഷ് സിൻഹയാണ്.

അതേസമയം, കേരള മോഡലിനെപ്പറ്റി കരട് രാഷ്ട്രീയപ്രമേയത്തിൽ വിശദമായി ഉൾക്കൊള്ളിച്ചതിനാൽ ഇനിയും പ്രത്യേകമായി രാഷ്ട്രീയപ്രമേയത്തിൽ അതുൾപ്പെടുത്തേണ്ടതില്ലെന്ന് ഇന്നലെ മാദ്ധ്യമങ്ങളെ കണ്ട പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് വ്യക്തമാക്കി.

സിൽവർലൈനിലടക്കം

വേറിട്ട വികസനസമീപനം

രാജ്യത്ത് നരേന്ദ്രമോദി സർക്കാരും ബി.ജെ.പി നേതൃത്വത്തിലുള്ള വിവിധ സംസ്ഥാന സർക്കാരുകളും നടത്തുന്ന രീതിയല്ല സിൽവർലൈനിലടക്കം കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റേത് എന്നതാണ് സി.പി.എം നിലപാട്.

ഗുജറാത്തിലടക്കം പാരിസ്ഥിതികാഘാത പഠനത്തെ വികസനപദ്ധതികളിൽ നിന്ന് ഒഴിവാക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാരുകൾ കൈക്കൊള്ളുന്നത്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ കാര്യത്തിലും ആദിവാസികളുടെ ഭൂമിയടക്കം കൈയേറുകയാണ്.

പാരിസ്ഥിതികാഘാത പഠനത്തിലൂടെ കൃത്യമായി കാര്യങ്ങൾ വിലയിരുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം വികസനപദ്ധതികൾ നടപ്പാക്കാനെന്ന സി.പി.എമ്മിന്റെ അടിസ്ഥാന സമീപനം തന്നെയാകും സിൽവർലൈനിന്റെ കാര്യത്തിൽ കേരളത്തിലും ഉണ്ടാവുകയെന്ന് സി.പി.എം നേതൃത്വം വിശദീകരിക്കുന്നു. എന്നാൽ, കേരളത്തിൽ പദ്ധതിക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്തുള്ള ജാഗ്രതയുണ്ടാവണമെന്ന് പ്രതിനിധി ചർച്ചയിൽ ചിലർ ഉന്നയിച്ചു.

പ്രക്ഷോഭങ്ങൾ മാതൃക

വിവിധ സാമൂഹ്യപ്രസ്ഥാനങ്ങളും ബുദ്ധിജീവികളും കർഷകരും തൊഴിലാളികളുമടക്കം മുന്നിട്ടിറങ്ങി രാജ്യത്താകെ വളർന്നുവരുന്ന ആകസ്മിക പ്രക്ഷോഭങ്ങളിൽ പങ്കാളികളായി സമര ഐക്യം ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങാനും സി.പി.എം ലക്ഷ്യമിടുന്നു. ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനുള്ള പോരാട്ടം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനായി പാർട്ടിയുടെ സ്വതന്ത്രശക്തി വളർത്തിയെടുക്കാൻ സമരങ്ങളേറ്റെടുക്കൽ അനിവാര്യമാണെന്ന് പാർട്ടി കാണുന്നു. പാർട്ടി കോൺഗ്രസ് ഇതിനുള്ള ആഹ്വാനം കൂടിയാണ് നൽകുന്നത്. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കെതിരായ യുവാക്കളുടെ പ്രതിഷേധങ്ങളും ഏറ്റെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.