SignIn
Kerala Kaumudi Online
Saturday, 20 April 2024 5.49 AM IST

ചിറകുയർത്തി പറക്കണം കരിപ്പൂരിന്

karippur

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസി യാത്രക്കാർ ആശ്രയിക്കുന്ന വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ നിന്നുള്ളവരാണ് കരിപ്പൂരിലെ യാത്രക്കാരിൽ നല്ലൊരു പങ്കും. ഗൾഫ് യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിലും മുന്നിൽ കരിപ്പൂർ തന്നെയായിരുന്നു.

യാത്രക്കാരുടെയും വിമാന സർവീസുകളുടെയും ബാഹുല്യം മൂലം കരിപ്പൂർ വിമാനത്താവളം രാജ്യത്തെ തന്നെ മികച്ച വരുമാനമുള്ള പത്ത് വിമാനത്താവളങ്ങളിൽ ഒന്നായി. ഗൾഫിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയും ഇതിനൊപ്പം വളർന്നു. ഓരോ വർഷവും ലാഭകണക്കുകൾ ഉയർന്നുകൊണ്ടേയിരുന്നു. വലിയ വിമാനങ്ങളുടെ സർവീസായിരുന്നു ഇതിൽ പ്രധാന പങ്കുവഹിച്ചിരുന്നത്.

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ ചില ഭാഗങ്ങൾ പൊട്ടിപൊളിയുന്നതും വിമാനം തെന്നിനീങ്ങുന്നതുമെല്ലാം ആവർത്തിച്ചതോടെ സുരക്ഷ മുൻനിറുത്തി വലിയ വിമാനങ്ങളുടെ സർവീസിന് താത്ക്കാലിക വിലക്കേർപ്പെടുത്തി റൺവേ അടച്ചിട്ട് അറ്റകുറ്റപണികൾ നടത്തി. വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നതിടെയാണ് കരിപ്പൂരിന്റെ നെഞ്ചകം തകർത്ത വിമാന ദുരന്തമുണ്ടായത്.

2020 ആഗസ്റ്റ് ഏഴിന് രാത്രി എട്ട് മണിയോടെ 184 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബൈയിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം ലാന്റ് ചെയ്യുന്നതിനിടെ 35 അടിയോളം താഴേക്ക് വീണ് 19 ജീവനുകളാണ് ഇല്ലാതായത്. ടേബിൾ ടോപ്പായ കരിപ്പൂരിന്റെ റൺവേയുടെ സുരക്ഷിതത്വം സംബന്ധിച്ച് ആക്ഷേപങ്ങൾക്ക് അപകടം ശക്തിയേകി. വലിയ വിമാനങ്ങൾക്ക് കേന്ദ്രവ്യേമയാനവകുപ്പ് വിലക്കേർപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ വലിയ വിമാനങ്ങളുടെ സർവീസ് അനുവദിക്കാനാവൂ എന്ന നിലപാട് കേന്ദ്രമെടുത്തു. അപകടമുണ്ടായി ഒരുവർഷത്തിന് ശേഷം വന്ന അന്വേഷണ റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് ലാന്റിംഗിൽ പൈലറ്റിന് വന്ന പിഴവായിരുന്നു. റൺവേയിൽ വരുത്തേണ്ട മാറ്റങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ചുള്ള മാറ്റങ്ങൾ കരിപ്പൂരിൽ വരുത്തി. വലിയ വിമാനങ്ങളുടെ സർവീസ് വൈകില്ലെന്ന പ്രതീക്ഷകൾക്കിടെ റൺവേ വികസിപ്പിക്കാതെ സർവീസ് അനുവദിക്കില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഭൂമിയേറ്റെടുക്കൽ കരിപ്പൂരിൽ വലിയ വെല്ലുവിളി ആണെന്നതും 12 തവണ വിമാനത്താവളത്തിനായി ഭൂമി കൊടുത്ത മനുഷ്യരുടെ പ്രതിഷേധങ്ങളും റൺവേ വികസനത്തിന് മുന്നിൽ ചോദ്യചിഹ്നങ്ങളായി.

തുണച്ചത്

മുഖ്യമന്ത്രിയുടെ

ഇടപെടൽ

കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതി. പിന്നാലെ കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിന് വ്യോമയാന മന്ത്രാലയം രണ്ടംഗ ഉന്നതതല സമിതിയെ നിയോഗിച്ചു. വ്യോമയാന മന്ത്രാലയം സെക്രട്ടറിയും മുൻ എയർ ചീഫ് മാർഷൽ ഫാലി ഹോമിയും അംഗങ്ങളായ സമിതി വിമാനത്താവള വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ സമർപ്പിച്ചു. ഈ വിവരം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. റൺവേ വികസനത്തിന് കരിപ്പൂരിൽ 18.5 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കണമെന്നതായിരുന്നു സമിതിയുടെ പ്രധാന നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ എന്നിവർക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകുകയും ചെയ്തു. ഭൂമിയേറ്റെടുക്കൽ നടപടികൾ അടിയന്തിരമായി തുടങ്ങാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇത് കരിപ്പൂരിന്റെ ചിറകുകൾക്ക് വീണ്ടും കരുത്തേകുന്നു.

എതിർപ്പ് തണുപ്പിക്കും

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനായി 12 തവണയാണ് പ്രദേശവാസികൾക്ക് ഭൂമി വിട്ടുകൊടുക്കേണ്ടി വന്നത്. ദീർഘകാല വികസനം സംബന്ധിച്ച കാഴ്ചപ്പാടില്ലാത്തതാണ് ഇത്തരമൊരു അശാസ്ത്രീയ ഭൂമിയേറ്റെടുക്കലിന് വഴിവച്ചത്. പ്രതിഷേധങ്ങളില്ലാതെ ഭൂമി വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരത്തിന് വേണ്ടി പ്രതിഷേധങ്ങൾ നടത്തേണ്ടി വന്നു . ഇവർക്കിടയിലേക്കാണ് വീണ്ടും ഭൂമിയേറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാർ രംഗത്തിറങ്ങുന്നത്. പ്രതിഷേധം മുന്നിൽക്കണ്ട് സർക്കാർ മികച്ച പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് യഥാവിധി പാലിച്ചാൽ ഭൂമിയേറ്റെടുപ്പ് വലിയ പ്രതിഷേധങ്ങളില്ലാതെ പൂർത്തിയാക്കാനാവും.

ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നൽകുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ ഉറപ്പേകിയിട്ടുണ്ട്. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനൽകിയവർക്ക് സർക്കാർ നൽകിയ അതേ പാക്കേജിൽ തന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നൽകും. ഇക്കാര്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയ ശേഷമേ നടപടികൾ ആരംഭിക്കൂ. ഭൂമിയേറ്റെടുക്കലിന് മുമ്പ് സമയബന്ധിതമായി തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തും. ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

കരിപ്പൂർ വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി നിർദേശിച്ച 18.5 ഏക്കർ ഭൂമി എത്രയും വേഗത്തിൽ ഏറ്റെടുത്ത് നൽകാൻ സർക്കാർ തലത്തിൽ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്. സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പ്രകാരം വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാൻ റൺവേയ്ക്ക് ഇരുവശങ്ങളിലുമായി 18.5 ഏക്കർ സ്ഥലം ഏറ്റെടുത്ത് നൽകി റൺവേ വികസിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഒരു വശത്ത് 11 ഏക്കറും മറുവശത്ത് 7.5 ഏക്കറും സ്ഥലം ഏറ്റെടുക്കണം. വിമാനത്താവള റൺവേ വികസനം വേഗത്തിലാക്കിയാൽ മാത്രമേ കരിപ്പൂരിലെ ഹജ്ജ് എംമ്പാർക്കേഷൻ പോയിന്റ് നിലനിറുത്താൻ സാധിക്കുകയുള്ളു.


അത്രയും സ്ഥലം വേണ്ട

500 ഏക്കറിലേറെ സ്ഥലം ഏറ്റെടുത്താൽ മാത്രമേ വിമാനത്താവള വികസനം പൂർത്തിയാക്കാാവൂ എന്ന നിലപാടിലായിരുന്നു നേരത്തെ വിമാനത്താവള അതോറിറ്റി. ഇത്രയും അധികം സ്ഥലം ഏറ്റെടുക്കുക എന്നത് അപ്രായോഗികമാണെന്നും ഇതിന്റെ മറവിൽ കരിപ്പൂരിന്റെ ചിറകരിയാനുള്ള നീക്കങ്ങളാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഭൂമിയേറ്റെടുപ്പ് സംബന്ധിച്ച വിമാനത്താവള അധികൃതരുടെ നിലപാടിന് പിന്നാലെ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തമായി. ഈ സാഹചര്യത്തിലാണ് ഏറ്റവും കുറഞ്ഞ സ്ഥലം ഏറ്റെടുത്തുള്ള വികസനം ചർച്ചയായത്. എയ്‌റോഡ്രോം,​ എയർ ട്രാഫിക്, സിവിൽ ഏവിയേഷൻ, സിവിൽ എൻജിനീയറിംഗ് മേഖലകളിലെ വിദഗ്ധർ, കോഴിക്കോട് എൻ.ഐ.ടി ആർക്കിടെക്ചർ വിഭാഗത്തിന്റെ സഹായത്തോടെ തയാറാക്കിയ ബദൽ മാസ്റ്റർ പ്ലാൻ 2021 ജനുവരി 25ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ അരവിന്ദ് സിംഗിന് കൈമാറുകയും ചെയ്തു. 3,400 മീറ്റർ റൺവേ, 240 മീറ്റർ റിസ, കൂടുതൽ വിമാനങ്ങൾക്കു പാർക്കിംഗ് സൗകര്യം, ഏപ്രൺ നവീകരണം, അണ്ടർ ഗ്രൗണ്ട് കാർഗോ കോംപ്ലക്സ്, ഓട്ടോമാറ്റിക് മൾട്ടിലെവൽ കാർ പാർക്കിംഗ്, ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗ് തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു അത്.

റൺവേക്കും അനുബന്ധ വികസനത്തിനും 43.11 ഏക്കർ ഭൂമി ഏറ്റെടുത്താൽ മതിയെന്ന് റിപ്പോർട്ടിലുണ്ട്. മറ്റു കാര്യങ്ങൾക്ക് 51.5 ഏക്കർ ഉൾപ്പെടെ 94.61 ഏക്കർ വേണം. മികച്ച നഷ്ടപരിഹാര പുനരധിവാസ പാക്കേജും ആവശ്യപ്പെടുന്നതായിരുന്നു റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ ഇടപെടലും വിമാനത്താവള അതോറിറ്റിയുടെ കൈവശമുള്ളതും ഉപയോഗിത്തതുമായ ഭൂമി കൂടി പ്രയോജനപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയതോടെ ആണ് 18.5 ഏക്കർ സ്ഥലം ഏറ്റെടുത്ത് റൺവേ വികസനവുമായി മുന്നോട്ടുപോവാൻ തീരുമാനമായത്. സംസ്ഥാനത്ത് പൊതുമേഖലയിലുള്ള ഏക വിമാനത്താവളമായ കരിപ്പൂരിന് വലിയ ചിറകുയർത്തി പറക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളത്. സമയബന്ധിതമായി ഭൂമിയേറ്റെടുത്തും നഷ്ടപരിഹാരം ഉറപ്പാക്കിയും കരിപ്പൂരിന്റെ വികസനം വേഗത്തിൽ യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARIPPUR AIRPORT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.