SignIn
Kerala Kaumudi Online
Friday, 29 March 2024 3.44 PM IST

തലമുറകളിലേക്ക് ഈ കെടാവിളക്ക്

k-m-mani

ഉടയാത്ത ജുബ്ബയും ഉലയാത്ത മനസ്സും മായാത്ത ചിരിയും... കെ.എം. മാണി എന്ന അനശ്വര നേതാവിന്റെ വേർപാടിന് മൂന്നുവയസ്സ്.

മാണിസാർ കൈമാറിയ സന്ദേശങ്ങൾ വരുംതലമുറയ്ക്കു പകർന്നു നൽകേണ്ടത് ഓരോ കേരളാ കോൺഗ്രസുകാരന്റെയും കടമയാണ്. ഓർമകളുടെ ദീപശിഖാ കൈമാറ്റത്തിന് കേരളാ കോൺഗ്രസ് പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനത്ത് ഇന്ന് തുടക്കമാവുന്നു .

കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ. മാണി പുഷ്പാർച്ചന നടത്തുന്നതോടെ സ്മൃതിസംഗമത്തിന് തുടക്കമാവും.

ഇന്ന് മുതൽ 15 വരെ മലയാളികൾക്ക് ലോകത്തിന്റെ ഏതു കോണിലും സ്മൃതിസംഗമം സംഘടിപ്പിക്കാം. സംഗമത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കാരുണ്യഭവനം നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനു പിന്നാലെ കാർഷികമേഖലയ്ക്ക് ഊർജ്ജം പകരാൻ ലക്ഷ്യമിടുന്ന 'കെ.എം.മാണി ഊർജിത കാർഷിക ജലസേചന പദ്ധതി'യാണ് ഞാൻ ആദ്യമായി പ്രഖ്യാപിച്ചത്.

അശരണരായ രോഗികൾക്ക് വേണ്ടി കെ.എം മാണി നടപ്പിലാക്കിയ 'കാരുണ്യ' പദ്ധതി ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്രയമായി. ഈ പദ്ധതി ഇന്ത്യക്കു തന്നെ മാതൃകയായി. അധികാരം അശരണർക്ക് ആശ്രയമേകാനുള്ള വഴി എന്ന ചിന്തയായിരുന്നു അദ്ദേഹത്തെ നയിച്ചത്.

റെക്കാഡുകളുടെ തോഴൻ

കേരളത്തിന്റെ ചരിത്രത്തിൽ 13 തവണ ബജറ്റ് അവതരിപ്പിച്ച കെ.എം മാണിയുടെ ദീർഘവീക്ഷണം കാലാതീതമാണ്. ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന റെക്കാഡും കെ.എം മാണിക്ക് സ്വന്തമാണ്. ആദ്യമായി മന്ത്രിയാകുന്നത് 1975 ഡിസംബർ 26നാണ്. ഏഴ് മന്ത്രിസഭകളിലായി 6061 ദിവസമാണ് അദ്ദേഹം മന്ത്രിസ്ഥാനത്തിരുന്നത്. പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന് പതിനൊന്നു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്ന സവിശേഷതയുമുണ്ട്. 1978ൽ മന്ത്രിയായിരിക്കേ രാജിവയ്ക്കുകയും പിന്നീട് അതേ മന്ത്രിസഭയിൽത്തന്നെ അംഗമാവുകയും ചെയ്തതിനാലാണിത്. നിയമവകുപ്പും ധനവകുപ്പും ഏറ്റവും കൂടുതൽ കാലം കൈകാര്യം ചെയ്തതിനുള്ള റെക്കാഡും മറ്റാർക്കുമല്ല. ഏറ്റവും കൂടുതൽ തവണ ഒരേ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചതിന്റെ റെക്കാഡും കെ.എം മാണിയുടെ പേരിലാണ്.

1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും പരാജയപ്പെട്ടില്ല. പാലാ മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ചത് ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ്. മുതിർന്ന പാർട്ടിപ്രവർത്തകരെയും രോഗബാധിതരായ പരിചയക്കാരെയും വീട്ടിൽപ്പോയിക്കാണുന്ന ശീലം അവസാനം വരെ തുടർന്നു.

അനശ്വരനായ നേതാവ്

എത്ര തിരക്കിലും കുടുംബാംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതലിൽ കുറവുവരുത്തിയില്ല. തിരുവനന്തപുരത്തു നിന്നുള്ള മടക്കയാത്രയിൽ സെക്രട്ടേറിയറ്റിനു മുന്നിലെ കടയിൽനിന്നു വാങ്ങുന്ന ചൂടുള്ള ഉണ്ണിയപ്പം കരിങ്ങോഴയ്ക്കൽ വീട്ടിൽ കാത്തിരിക്കുന്ന കുട്ടിയമ്മ ചേച്ചിക്കായി അദ്ദേഹം കരുതിയിരുന്നു. യാത്രകൾക്കു ശേഷം മടങ്ങുമ്പോൾ പ്രിയതമയ്ക്കായി സമ്മാനം വാങ്ങാനും ഓർമിക്കുന്ന മാണിസാറിലെ ഗൃഹനാഥൻ എന്നും എനിക്ക് കൗതുകമായിരുന്നു.

ജി.എസ്.ടി സമിതിയിൽ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ പ്രതിനിധി അടക്കം ദേശീയതലത്തിൽ വരെ നിരവധി പദവികൾ അദ്ദേഹം ഭംഗിയായി വഹിച്ചു. കേരളത്തിന് ലഭിക്കാതെ പോയ മികച്ച മുഖ്യമന്ത്രിയാണ് മാണി സാർ എന്ന് പലരും പറഞ്ഞിട്ടുള്ളത് അതിശയോക്തിയല്ല.

കേരള രാഷ്ട്രീയത്തിൽ ഭീഷ്മാചാര്യനായിരുന്ന ആ വ്യക്തിത്വത്തെ നാളേയ്ക്കു പകർന്നു നൽകാൻ സ്മൃതിസംഗമം ചാലക ശക്തിയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സ്മൃതി സംഗമത്തിലേക്ക് എല്ലാ പ്രവർത്തകരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K M MANI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.