SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.24 AM IST

മാഷിന്റെ രസതന്ത്രം

k-v-thomas

സെമിനാറിൽ പ്രസംഗിക്കുന്നത് അത്ര വലിയ അപരാധമാണോ? അതും രാജ്യം വലിയ ഫാസിസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ. ഒരിക്കലുമല്ല. ജനാധിപത്യവും മതേതരത്വവും നവോത്ഥാന മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ മാർക്‌സിസ്റ്റ് പാർട്ടിയുടെ 23 -ാം കോൺഗ്രസ് കണ്ണൂരിൽ നടക്കുമ്പോൾ കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സംസാരിക്കാനാണ് പ്രൊഫ. കെ.വി. തോമസിനെ ക്ഷണിച്ചത്. അദ്ദേഹം തേവര സേക്രഡ് ഹാർട്ട് കോളേജിലെ കെമിസ്ട്രി അദ്ധ്യാപകനായിരുന്നു. ദീർഘകാലം എം.പിയായും എം.എൽ.എയായും പ്രവർത്തിച്ച് കഴിവും പ്രാപ്തിയും തെളിയിച്ചിട്ടുണ്ട്. മൂന്നു വർഷത്തിലധികം സംസ്ഥാന മന്ത്രിയായിരുന്നു. അഞ്ചുവർഷം കേന്ദ്ര സഹമന്ത്രിയുമായിരുന്നു. നിലവിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ്. ഡി.സി.സി പ്രസിഡന്റായും കെ.പി.സി.സി ട്രഷററായും ഒടുവിൽ വർക്കിംഗ് പ്രസിഡന്റായും പ്രവർത്തിച്ചു. ഇതുപോലൊരു ക്ഷണം തിരുവനന്തപുരം എം.പി ശശി തരൂരിനും കിട്ടിയിരുന്നു. അദ്ദേഹവും പോകാൻ താത്പര്യപ്പെട്ടു. പക്ഷേ കോൺഗ്രസിന്റെ ലോ കമാൻഡും ഹൈക്കമാൻഡും ഒരുപോലെ വിലക്കി. ഒടുവിൽ തരൂർ പോകേണ്ടെന്നു തന്നെ തീരുമാനിച്ചു.

ഹൈക്കമാൻഡിനെയോ ലോ കമാൻഡിനെയോ പേടിയുള്ള ആളല്ല പ്രൊഫ. കെ.വി. തോമസ്. സ്വപ്രത്യയസ്ഥൈര്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. പറയാനുള്ളത് ആരുടെയും മുഖത്തു നോക്കി പറയും. വരുംവരായ്‌കകളെക്കുറിച്ച് ചിന്തയില്ല. ഫാസിസം, സാമ്രാജ്യത്വം എന്നൊക്കെ കേട്ടാൽ ചോര തിളയ്ക്കും. അതുകൊണ്ടു തന്നെ കെ.പി.സി.സി അദ്ധ്യക്ഷന്റെ പിട്ടും പിരട്ടുമൊന്നും വിലപ്പോയില്ല. തോമസ് മാഷ് കണ്ണൂർക്ക് പോകാൻ തന്നെ തീരുമാനിച്ചു. അദ്ദേഹം അക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചു. വടക്കോട്ടു വിട്ടടിച്ചു. കണ്ണൂരെ ജവഹർ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ എ.കെ.ജി നഗറിൽ ചെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാടു മുഖ്യൻ എം.കെ. സ്റ്റാലിനുമൊത്ത് വേദി പങ്കിട്ടു. കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സുദീർഘമായി സംസാരിച്ചു. തന്റെ ചരിത്രപരമായ ദൗത്യം നിറവേറ്റി.

ഒരുകാലത്ത് കെ. കരുണാകരനായിരുന്നു തോമസ് മാഷിന്റെ കൺകണ്ട ദൈവം. ലീഡറുടെ കരുണാകടാക്ഷം ഒന്നുകൊണ്ടു മാത്രമാണ് 1984 ൽ എറണാകുളത്ത് സീറ്റു കിട്ടിയത്, അതും സിറ്റിംഗ് എം.പി സേവ്യർ അറയ്ക്കലിന്റെ പേരു വെട്ടിക്കൊണ്ട്. അന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ അസാരം ക്ഷോഭിച്ചു. അറയ്ക്കൽ സേവ്യർ എന്ത് അപരാധം ചെയ്‌തിട്ടാണ് സീറ്റ് നിഷേധിക്കുന്നതെന്ന് ചോദിച്ചു. കരുണാകരൻ മറുപടിയൊന്നും പറഞ്ഞില്ല. പതിവുശൈലയിൽ കണ്ണ് ഒന്നിറുക്കി പുഞ്ചിരിച്ചു. തോമസിനുള്ള മേന്മ സേവ്യറിന് ഇല്ലെന്നത് കരുണാകരനു മാത്രം അറിയുന്ന രഹസ്യം. ഏതായാലും തോമസ് മാഷ് എറണാകുളത്ത് മത്സരിച്ചു. വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു.

1989 ലും 1991 ലും വിജയം ആവർത്തിച്ചു. 1996 ലെ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മാഷിന്റെ പ്രതിഛായ അസാരം മങ്ങി. കോളിളക്കം സൃഷ്ടിച്ച ഫ്രഞ്ച് ചാരക്കേസിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് രാഷ്ട്രീയ എതിരാളികൾ പ്രത്യേകിച്ച് മാർക്‌സിസ്റ്റുകാർ ആരോപിച്ചു. നേർബുദ്ധികളായ കുറേപ്പേരെങ്കിലും അതു വിശ്വസിച്ചു. സാക്ഷാൽ സേവ്യർ അറയ്ക്കൽ തന്നെ മാർക്‌സിസ്റ്റ് സ്വതന്ത്രനായി അവതരിച്ചു. തിരഞ്ഞെടുപ്പിൽ മാഷ് പരാജയപ്പെട്ടു. അറയ്ക്കൽ വീണ്ടും പാർലമെന്റ് അംഗമായി. തിരഞ്ഞെടുപ്പിൽ തോറ്റെന്നു കരുതി തോമസ് മാഷ് തേവര കോളേജിലക്ക് തിരിച്ചുപോയില്ല. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചതുമില്ല. കരുണാകരന്റെ കരുണകൊണ്ട് അദ്ദേഹം എറണാകുളത്ത് ഡി.സി.സി പ്രസിഡന്റായി. 1998 ൽ എറണാകുളം അസംബ്ളി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരസ്യമായി കാലുവാരി. 2001 ൽ എറണാകുളത്തു നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. ഉമ്മൻചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആന്റണി ആഗ്രഹിച്ചു. പറ്റില്ല തോമസ് മാഷ് തന്നെ വേണമെന്ന് കരുണാകരൻ ശഠിച്ചു. ലത്തീൻ കത്തോലിക്കാ പ്രാതിനിധ്യമെന്ന അതിശക്തമായ ആയുധം പ്രയോഗിച്ച് ലീഡർ ആന്റണിയെ മലർത്തി. അങ്ങനെ ഉമ്മൻചാണ്ടി പുറത്തു നിൽക്കേണ്ടി വന്നു. കെ.വി തോമസ് ഫിഷറീസ്, ടൂറിസം വകുപ്പുകളുടെ ചുമതലയോടെ മന്ത്രിയായി. മന്ത്രിസ്ഥാനം കരഗതമായതോടെ മാഷിന്റെ മട്ടുമാറി. അദ്ദേഹം ആന്റണിയുടെ ആദർശ രാഷ്ട്രീയത്തിൽ അഭിരമിച്ചു. കോഴി മൂന്നുതവണ കൂവും മുമ്പ് കരുണാകരനെ തള്ളിപ്പറഞ്ഞു. (2010 ഡിസംബറിൽ കരുണാകരൻ മരിച്ച ദുഖം താങ്ങാനാവാതെ മാഷ് 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന സിനിമ കാണാൻ പോയതായി പിറ്റേന്ന് ദേശാഭിമാനി റിപ്പോർട്ടു ചെയ്തു. പിൽക്കാലത്ത് 'എന്റെ ലീഡർ' എന്ന പുസ്തകമെഴുതി അദ്ദേഹം പഴയ കടം വീട്ടി.)

2004 സെപ്തംബറിൽ എ.കെ. ആന്റണി രാജിവച്ചൊഴിഞ്ഞപ്പോൾ മാഷിന്റെ മന്ത്രിപദയോഗവും അവസാനിച്ചു. കടവൂർ ശിവദാസനെയും കെ.വി. തോമസിനെയും മന്ത്രിസഭയിലെടുക്കണമെന്ന് ആന്റണി ഉമ്മൻചാണ്ടിയെ ഉപദേശിച്ചതാണ്. അതു തീരെയും വിലപ്പോയില്ല. മാത്രമല്ല അടുത്ത തിരഞ്ഞെടുപ്പിൽ തോമസ് മാഷിന് സീറ്റ് നിഷേധിക്കാനും ഉമ്മൻചാണ്ടി പരിശ്രമിച്ചു. അതിനകം ഹൈക്കമാൻഡുമായി നേരിട്ട് ബന്ധം സ്ഥാപിച്ച അദ്ദേഹം സോണിയാ ഗാന്ധിയെക്കുറിച്ച് പുസ്തകമെഴുതി. നമ്പർ ടെൻ ജനപഥിൽ കൊണ്ടുപോയി പ്രകാശിപ്പിച്ചു. അങ്ങനെ എറണാകുളം സീറ്റ് ഉറപ്പിച്ചു. 2006 ലെ തിരഞ്ഞെടുപ്പിൽ തോമസ് മാഷ് എറണാകുളത്ത് ജയിച്ചെന്നു മാത്രമല്ല തൊട്ടടുത്ത പള്ളുരുത്തി മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഡൊമിനിക് പ്രസന്റേഷന്റെ പരാജയം ഉറപ്പാക്കാനും സാധിച്ചു. വെറുമൊരു പ്രതിപക്ഷ എം.എൽ.എയായി ഇരുന്നിട്ടെന്തുകാര്യം? മാഷ് വീണ്ടും പാർലമെന്റിലേക്ക് പോകാനാഗ്രഹിച്ചു. എറണാകുളം സീറ്റുറപ്പിച്ച് കാത്തിരുന്ന ഹൈബി ഈഡനെ വെട്ടി 2009 ൽ എറണാകുളത്ത് സ്ഥാനാർത്ഥിയായി. മത്സരം വളരെ കടുത്തതായിരുന്നു. കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും മാഷ് വിജയിച്ചു. പി.സി ചാക്കോയും പ്രൊഫ. പി.ജെ. കുര്യനും കിണഞ്ഞു ശ്രമിച്ചെങ്കിലും മന്ത്രിസ്ഥാനത്തേക്ക് തോമസ് മാഷിനാണ് നറുക്കുവീണത്. അദ്ദേഹം കേന്ദ്ര സഹമന്ത്രിയായി. അധികം വൈകാതെ സ്വതന്ത്ര ചുമതലയും ലഭിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരും ഇ. അഹമ്മദുമടക്കം കേരളത്തിൽ നിന്നുള്ള മറ്റൊരു സഹമന്ത്രിക്കും സ്വതന്ത്ര ചുമതല കിട്ടിയില്ലെന്ന് ഓർക്കണം. 2014 ൽ എറണാകുളത്തു നിന്ന് വീണ്ടും ജയിച്ചപ്പോൾ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതുകൊണ്ടു മാഷിന് മന്ത്രിയാകാനായില്ല. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

2019 ആകുമ്പോഴേക്കും തോമസ് മാഷിന്റെ ഭാഗ്യനക്ഷത്രം അസ്തമിച്ചു. സോണിയാ ഗാന്ധിയുടെ സ്ഥാനത്ത് രാഹുൽഗാന്ധി എ.ഐ.സി.സി പ്രസിഡന്റായി. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലും മാഷിന്റെ എതിരാളികൾ പിടിമുറുക്കി. അങ്ങനെ ലോക്‌സഭാ സീറ്റ് നഷ്ടമായി. പത്തുകൊല്ലം മുമ്പ് താൻ പയറ്റിയ അതേ അടവും തന്ത്രവും ഹൈബി ഈഡൻ തിരികെ പ്രയോഗിച്ചു. സീറ്റ് നഷ്ടപ്പെട്ട തോമസ് മാഷ് ബി.ജെ.പിയിൽ ചേക്കേറുമെന്നൊരു കിംവദന്തി പടർന്നെങ്കിലും അതുണ്ടായില്ല. സോണിയാജി നൽകിയ എന്തൊക്കെയോ ഉറപ്പുകളുടെ ബലത്തിൽ കോൺഗ്രസിൽത്തന്നെ തുടരാൻ തീരുമാനിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം അല്ലെങ്കിൽ കൊച്ചി സീറ്റിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചു. കിട്ടില്ലെന്നായപ്പോൾ മകളെ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചു. അതും നടക്കാതെ വന്നപ്പോൾ സംഘടനാരംഗത്ത് നല്ലൊരു പദവിയെങ്കിലും ആഗ്രഹിച്ചു. ഒന്നും നടന്നില്ല. അതുകൊണ്ടാണ് പാർട്ടി തന്നെ അവഗണിച്ചെന്ന് മാഷ് പരിഭവം പറയുന്നത്. ഒടുവിൽ രാജ്യസഭയിൽ ഒരൊഴിവ് വന്നപ്പോൾ അവിടെയും ശ്രമിച്ചു. അതും കിട്ടാതെ വന്നപ്പോൾ മാഷിന് കോൺഗ്രസ് പാർട്ടിയോടു മൊത്തത്തിൽ കലിപ്പായി. അതോടെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് വലിയ മതിപ്പായി. കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയെന്ന് പുകഴ്‌ത്തി. മാത്രമല്ല കെ - റെയിൽ വിപ്ളവകരമായ ഭരണനേട്ടമായിരിക്കുമെന്നും പ്രവചിച്ചു. അതോടെ മാർക്‌സിസ്റ്റ് പാർട്ടിക്കും മാഷിന്റെ സർവതോമുഖമായ കഴിവുകളെക്കുറിച്ച് മതിപ്പ് വർദ്ധിച്ചു. അങ്ങനെയാണ് പാർട്ടി കോൺഗ്രസിൽ സംസാരിക്കാൻ അവസരം കൈവന്നത്.

ഒരു ഇന്ത്യൻ പൗരനെന്ന നിലയ്ക്ക് മാഷിന് രാജ്യത്തെവിടെയും സഞ്ചരിക്കാനും തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറയാനും മൗലികാവകാശമുണ്ട്. കോൺഗ്രസിൽ അംഗത്വമെടുത്തെന്ന ഒറ്റക്കാരണത്താൽ അതു നിഷേധിക്കാൻ ആർക്കുമാവില്ല. സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുത്തു തോൽപിക്കേണ്ടതും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ കേന്ദ്രം കവർന്നെടുക്കാതെ സൂക്ഷിക്കേണ്ടതും ഒരു പൗരനെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കർത്തവ്യമാണ്. ബി.ജെ.പിക്കെതിരെ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ചേർന്ന് ബദൽ ഉരുത്തിരിഞ്ഞു വരണമെന്ന് ആഗ്രഹിക്കുന്നതും തെറ്റല്ല. അതുകൊണ്ടാണ് തോമസ് മാഷ് കെ.പി.സി.സി അദ്ധ്യക്ഷന്റെ വാക്കു പോലും തൃണവൽഗണിച്ചു കൊണ്ട് സി.പി.എം പാർട്ടി കോൺഗ്രസ് വേദിയിൽ സംസാരിക്കാമെന്ന് തീരുമാനിച്ചത്.

പുകഞ്ഞ കൊള്ളി പുറത്തെന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട്. തോമസ് മാഷുമായി ഇനിയൊരു ചർച്ചയ്ക്കുമില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വഴി ; പാർട്ടിക്ക് പാർട്ടിയുടെ വഴി. അങ്ങനെ കോൺഗ്രസിന്റെ വാതിലുകൾ പ്രൊഫസറുടെ മുന്നിൽ അടയുകയാണ്. ഒരു വാതിലടയുമ്പോൾ ഒമ്പത് വാതിലുകൾ തുറക്കുമെന്നാണ് പഴമൊഴി. ഏതായാലും എ.കെ.ജി സെന്ററിന്റെ വാതിൽ തോമസ്‌ ജിക്കു മുന്നിൽ തുറക്കപ്പെടുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു സമയത്ത് ശോഭനാ ജോർജ്ജിന് മാനസാന്തരമുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പി.സി. ചാക്കോയ്ക്കും തുടർന്ന് ലതികാ സുഭാഷിനും കോൺഗ്രസ് വിട്ടു പോകേണ്ടി വന്നു. ഡി.സി.സി അദ്ധ്യക്ഷന്മാരെ നിയമിച്ചു കഴിഞ്ഞപ്പോൾ കെ.പി. അനിൽകുമാറിനും ജി. രതികുമാറിനും മാനസാന്തരമുണ്ടായി. പി.എം. സുരേഷ് ബാബുവും ആ വഴി പോയി. ഇപ്പോൾ കെ.വി. തോമസിന്റെ ഉൗഴമാണ്. കോൺഗ്രസിൽ നിന്ന് പുറത്താകുന്നവർ നേരെ എ.കെ.ജി സെന്ററിലേക്ക്. അതാണ് പുതിയകാലത്തെ നാട്ടുനടപ്പ്. തോമസ് മാഷിനെതിരെ മാർക്‌സിസ്റ്റ് പാർട്ടി ഇന്നലെ വരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇതോടെ റദ്ദായി - ഫ്രഞ്ച് ചാരക്കേസിൽ അദ്ദേഹത്തിന് യാതൊരു പങ്കുമുണ്ടായിരുന്നില്ല, ഏറിയൽ ഷാരോണിന് ഉപഹാരവുമായി പോയത് ആന്റണിയുടെ നിർബന്ധംകൊണ്ടു മാത്രമാണ്, തോമസ് മാഷ് അവിഹിതമായി യാതൊരു സ്വത്തും സമ്പാദിച്ചിട്ടില്ല, സോണിയ ഗാന്ധിക്ക് തിരുത കൊടുത്തിട്ടല്ല എറണാകുളത്ത് സീറ്റ് സംഘടിപ്പിച്ചത്. മാർപാപ്പയുടെ ഇനിയത്തെ വരവിൽ തോമസ് മാഷിനെ വിശുദ്ധനാക്കാൻ എ.കെ.ജി സെന്റർ ശുപാർശ ചെയ്യും. കെ.എം. മാണിക്കും ആർ. ബാലകൃഷ്‌ണപിള്ളയ്ക്കും സ്മാരകം പണിയാൻ ഖജനാവിൽ നിന്ന് പണം അനുവദിച്ച സർക്കാരാണ് നമ്മുടേത്.

കെ.വി. തോമസ് വഴിയാധാരമാവില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ പരസ്യമായി പറഞ്ഞിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലാണോ അതോ വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലാണോ അദ്ദേഹത്തിന് സീറ്റു കൊടുക്കുകയെന്നു വ്യക്തമല്ല. എ. സമ്പത്തിന്റെ വേക്കൻസിയിൽ കേരള സർക്കാരിന്റെ ഡൽഹിയിലെ സ്ഥാനപതിയായി നിയമിച്ചാലും മാഷിന് സന്തോഷമേ ഉണ്ടാവൂ. ഒരു അറേബ്യൻ പഴമൊഴി അൽപമൊന്നു മാറ്റിപ്പറഞ്ഞാൽ, ഒരു ഭാഗ്യവാനെ നിങ്ങൾ കൊച്ചി കായലിലേക്ക് എറിഞ്ഞു നോക്കൂ; അദ്ദേഹം ചുണ്ടിൽ ഒരു തിരുതയുമായി തിരിച്ചുവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K V THOMAS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.