കൊച്ചി: പാലക്കാട് നിന്നുള്ള 195 യാത്രാപ്രിയരെ കൊച്ചിയിലെത്തിച്ച് ആഡംബര കപ്പലിൽ പുറംകടൽ കാണിച്ച് കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലും കെ.എസ്.ഐ.എൻ.സിയുമായി ചേർന്നാണ് യാത്രയൊരുക്കിയത്.
അഞ്ച് ലോഫ്ളോർ ബസുകളിലായാണ് ആളുകളെ കൊച്ചിയിലെത്തിച്ചത്. ആഡംബര കപ്പലായ നെഫർടിറ്റിയിൽ ഡി.ജെയും കലാപരിപാടികളും ഭക്ഷണവും ഉൾപ്പെടെ അഞ്ചര മുതൽ പത്തരവരെയായിരുന്നു ഉല്ലാസ യാത്ര. പുറംകടൽ കണ്ട് മടങ്ങുമ്പോൾ യാത്രക്കാരുടെയെല്ലാം മുഖത്ത് നിറഞ്ഞ സന്തോഷം. പാലക്കാട് നിന്നുള്ള എസി ബസ് യാത്രയ്ക്കും കപ്പൽ യാത്രയ്ക്കുമായി 3499 രൂപയാണ് യാത്രക്കാരിൽ നിന്ന് ഈടാത്തതിയത്.
ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോർപ്പറേഷൻ ബഡ്ജറ്റ് ടൂറിസം സെല്ലുമായി ചേർന്ന് ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്ക് ഏകദിന വിനോദ യാത്രകളും, വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകളുമെല്ലാം കെ.എസ്.ആർ.ടി.സി സംഘടിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പാലക്കാട്ട് നിന്ന്
വീണ്ടും വീണ്ടും ...
കഴിഞ്ഞ തവണ 158 പേരാണ് പാലക്കാട് നിന്ന് കടലുകാണാൻ കൊച്ചിക്ക് വണ്ടികയറിയത്. ഇവരുടെ യാത്രാനുഭവങ്ങൾ കേട്ടറിഞ്ഞവരും സമൂഹ മാദ്ധ്യമങ്ങളിലൂടെ കണ്ടറിഞ്ഞവരും ആവശ്യപ്പെട്ടതോടെയാണ് പാലക്കാട്ടു നിന്ന് വീണ്ടും യാത്രയൊരുക്കിയത്.
ഇത്തവണ ബുക്കിംഗ് അവസാനിപ്പിച്ചിട്ടും ആവശ്യക്കാർ വന്നിരുന്നു. ഇവരെ ഉൾപ്പെടുത്തി അടുത്ത യാത്ര ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
അഞ്ചാം കപ്പൽ യാത്ര
ഇത് അഞ്ചാം തവയാണ് കെ.എസ്.ആർ.ടി.സി കപ്പൽ യാത്ര സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു കപ്പൽ യാത്രയ്ക്കെത്തിയത്.160 പേർ വീതമായിരുന്നു മുൻ തവണകളിൽ കടലുകാണാനെത്തിയത്.
കപ്പൽ യാത്രയ്ക്ക് പ്രചാരമേറുന്നുണ്ട്. ഇനിയും യാത്രകൾ സംഘടിപ്പിക്കും. കെ.എംസ്.ആർ.ടി.സിക്ക് ഏറെ വരുമാനം നൽകുന്നതാണ് ഇത്തരം യാത്രകൾ.
അനൂപ്.ഒ.പി
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
കെ.എസ്.ആർ.ടി.സി, ബഡ്ജറ്റ് ടൂറിസം സെൽ
സെൻട്രൽ സോൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |