SignIn
Kerala Kaumudi Online
Thursday, 25 April 2024 1.37 PM IST

അഗ്‌നിപഥ് പദ്ധതി

agnipadh

കൊവിഡ് കാലം പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊള്ളാതെ മുന്നോട്ടുള്ള യാത്ര പ്രയാസമാണ്. വ്യക്തികളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും രാജ്യങ്ങളും വരെ ചിന്തകളിലും പ്രവൃത്തികളിലും വലിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നിർബന്ധിതരായിരിക്കുന്നു. ചെറുപ്പക്കാരെ മൂന്ന് വർഷത്തേക്ക് റിക്രൂട്ട് ചെയ്യാനായി കരസേന രൂപംനൽകിയ അഗ‌്‌നിപഥ് പദ്ധതിയും കൊവിഡ് കാലത്തിന്റെ പാഠങ്ങളിൽ ഒന്നാണ്. കരസേനയിൽ ഏതാണ്ട് 14 ലക്ഷത്തോളം പട്ടാളക്കാരാണ് ഇപ്പോൾ ഉള്ളത്. എല്ലാ വർഷവും മുറതെറ്റാതെ നടക്കുന്ന റിക്രൂട്ട്‌മെന്റുകളിൽ ഒന്നാണ് പട്ടാളത്തിലേക്കുള്ളത്.

പട്ടാളക്കാർ പിരിയുന്നതിനെത്തുടർന്നും അല്ലാതെയും

ഉണ്ടാകുന്ന ഒരുലക്ഷത്തോളം ഒഴിവുകളിലേക്ക് എല്ലാ വർഷവും ചെറുപ്പക്കാർക്ക് ജോലി ലഭിച്ചുകൊണ്ടിരുന്നത് കൊവിഡ് കാലത്ത് രണ്ട് വർഷം നിലച്ചു. ഇത് മാറി ചിന്തിക്കാൻ സൈനിക നേതൃത്വത്തെ പ്രേരിപ്പിച്ചു. അതിന്റെ ഫലം കൂടിയാണ് പുതുതായി രൂപം നൽകിയിരിക്കുന്ന അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി. മൂന്ന് സേനകളും പദ്ധതി അംഗീകരിച്ചിരിക്കുകയാണ്. പ്രതിരോധ വകുപ്പിന്റെയും മറ്റും അംഗീകാരം ലഭിച്ചാലുടനെ ഇത് നടപ്പിലാവും. എൻട്രൻസ് പരീക്ഷയില്ലാതെ നേരിട്ടാവും പ്രവേശനം. സർവീസിൽ കയറി മികവ് തെളിയിക്കുന്നവർക്ക് തുടരാനും അവസരം നൽകും. പെൻഷൻ നൽകേണ്ട ബാദ്ധ്യത ഇല്ലാത്തതിനാൽ ചെലവ് ഗണ്യമായി കുറയും. ഇന്ത്യൻ സേനയിലെ ഒഴിവുകൾ നികത്താനുള്ള ഏറ്റവും ചെലവ് കുറഞ്ഞ ഒരു അതിവേഗ പദ്ധതി കൂടിയാണിത്. മൂന്ന് സേനകളിലുമായി നിലവിൽ 1.25 ലക്ഷത്തോളം ഒഴിവുകളുണ്ട്.

കൊവിഡ് കാലത്ത് സേനയുടെ മെഡിക്കൽ സർവീസിലേക്ക് ടൂർ ഓഫ് ഡ്യൂട്ടി എന്ന പേരിൽ റിട്ടയർ ചെയ്തവരെ തിരിച്ചുവിളിച്ച് താത്‌കാലികമായി നിയമിച്ചിരുന്നു. 2017-ൽ റിട്ടയർ ചെയ്തവരെയാണ് തിരിച്ചുവിളിച്ച് കരാർ നിയമനം നൽകിയത്. ഇതുകാരണം ചെലവ് കൂടിയതുമില്ല അതേസമയം ജോലികൾ പഴയതുപോലെ ഫലപ്രദമായി നടക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് അഗ‌്‌നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജീവിതത്തിൽ അല്പകാലമെങ്കിലും സൈനികനായി രാജ്യത്തെ സേവിക്കണം എന്നാഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് ഇത് വലിയ ഒരു അവസരമാണ്. മൂന്ന് വർഷം കഴിഞ്ഞ് സ്വന്തം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ സിവിലിയൻ ജോലിയിൽ പ്രവേശിക്കുന്നതിനും ഇത് അവസരമൊരുക്കും. പദ്ധതിയുമായി സഹകരിക്കാൻ നിരവധി വൻകിട സ്വകാര്യ ഗ്രൂപ്പുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പഴയ കാലങ്ങളിൽ സേനാബലം യുദ്ധത്തിൽ നിർണായകമായിരുന്നു. ആധുനിക കാലത്ത് അത് അടിമുടി മാറിയിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗമാണ് ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. സാങ്കേതികതയുടെ നൂതനവിദ്യകൾ ഫലപ്രദമായി ആക്‌ഷനിൽ ഉപയോഗിക്കുന്ന ഒരു സമഗ്ര സംവിധാനമായാണ് പട്ടാളക്കാരൻ ഇന്ന് മാറിയിരിക്കുന്നത്. അതിനാൽ വരുംകാലങ്ങളിൽ പട്ടാളത്തിലെയും സ്ഥിരം ജോലിസാദ്ധ്യതകൾ കുറഞ്ഞുവരാനാണ് സാദ്ധ്യത. മാത്രമല്ല പെൻഷനും ശമ്പളവും നൽകാൻ വേണ്ടി മാത്രം പ്രതിവർഷം അഞ്ച് ലക്ഷം കോടിയുടെ ബഡ്‌ജറ്റിൽ 38 ശതമാനവും ചെലവഴിക്കേണ്ടിവരുന്ന ഇപ്പോഴത്തെ രീതിയിലും മാറ്റം വരേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൂടുതൽ തുക സേനയെ ആധുനികവത്‌കരിക്കാനും യുദ്ധസാമഗ്രികൾ സമാഹരിക്കാനും നീക്കിവയ്ക്കാനാവൂ. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ അഗ്‌നിപഥ് പദ്ധതി വലിയ ഒരു സാദ്ധ്യതയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGNEEPATH RECRUITMENT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.