SignIn
Kerala Kaumudi Online
Saturday, 20 April 2024 4.50 AM IST

പാഠം ഒന്ന്; ശ്രീലങ്ക ഒരു വിലാപം

photo

വകതിരിവില്ലാത്തവർ ഭരണതലപ്പത്തെത്തിയാൽ,​ ഒരു രാജ്യത്തിന് എത്രത്തോളം തകരാമെന്നതിന്റെ മകുടോദാഹരണമാണ് ശ്രീലങ്ക. പതിറ്റാണ്ടുകൾ നീണ്ട തമിഴ് ഭീകരപ്രവർത്തനങ്ങൾ മൂലം നേരിട്ട സാമ്പത്തിക തകർച്ചയെ അതിജീവിച്ച്, ഒരു വേള ആളോഹരി വരുമാനത്തിലും വളർച്ചയിലുമെല്ലാം ഇന്ത്യയെ പോലും കവച്ചുവച്ചിരുന്ന രാജ്യം ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഒരു പദ്ധതികളും ക്രമങ്ങളുമില്ലാതെ കടം വാങ്ങിക്കൂട്ടിയ ഭരണാധികാരികൾ വരുത്തിവച്ച ദുരന്തമെന്ന് മാത്രമേ അതിനെ വിളിക്കാൻ കഴിയൂ. ദൈവം കനിഞ്ഞനുഗ്രഹിച്ച ഭൂപ്രകൃതി. ടൂറിസത്തിന് സാദ്ധ്യതകളേറെ. കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതി കൊണ്ടും കേരളവുമായി ഏറെ സാമ്യം. എന്നാൽ,​ കേരളത്തിന്റെ ഒന്നര ഇരട്ടിയിലേറെ ഭൂവിസ്തൃതിയും കേരളത്തിന്റെ മൂന്നിൽ രണ്ട് മാത്രം ജനസംഖ്യയും...ലോകത്തിന് അറിയാനും പഠിക്കാനും ഏറെയുണ്ട്,​ ശ്രീലങ്കയിൽനിന്ന്...

പൊങ്ങച്ചത്തിന് പണികിട്ടി !

2009 ൽ തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിക്കുകയും ഭീകര സംഘടനയായ എൽ.ടി.ടി.ഇയെ അമർച്ച ചെയ്യുകയും ചെയ്തതോടെ അന്നത്തെ ലങ്കൻ പ്രസിഡന്റായിരുന്ന മഹീന്ദ രജപക്‌സെയ്ക്ക് ഭൂരിപക്ഷ സിംഹള ജനതയ്ക്കിടയിൽ ലഭിച്ച വലിയ ജനപിന്തുണയാണ് ഒരു മുന്നൊരുക്കവുമില്ലാതെ, പൊങ്ങച്ചം കാണിക്കാനുള്ള പദ്ധതികൾക്ക് പിന്നാലെ പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അനുകൂല കാലാവസ്ഥയും ഫലഭൂയിഷ്ടമായ കൃഷിഭൂമിയും ഒക്കെയുണ്ടെങ്കിലും ലങ്കയുടെ കാർഷിക മേഖലയും ഭക്ഷ്യോത്പാദന മേഖലയും ഒരിക്കലും സ്വയം പര്യാപ്തമായിരുന്നില്ല. അത്തരമൊരു ലക്ഷ്യം നേടണമെന്ന ആഗ്രഹവും ആ രാജ്യം ഭരിച്ച ഭരണാധികാരികൾക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം. പകരം ടൂറിസത്തിലൂടെ പണം കണ്ടെത്തുന്നതിനാണ് അവർ ഊന്നൽ നൽകിയത്. ഈയൊരു ലക്ഷ്യത്തോടെയായിരുന്നു മഹീന്ദ രജപക്‌സെയുടെ നീക്കം. ചൈനീസ് സഹായത്തോടെ 2000 കോടിയിലേറെ രൂപ മുടക്കി സ്വന്തം നാടായ മട്ടാലയിൽ അദ്ദേഹം പണിത എയർപോർട്ട് ടൂറിസം വികസനത്തിന് ഏറെ സഹായം ചെയ്യുമെന്നായിരുന്നു അവകാശവാദം. അതുണ്ടായില്ലെന്ന് മാത്രമല്ല, വിമാന സർവീസുകൾ ഇല്ലാത്ത റൺവേയിൽ കാട്ടുമൃഗങ്ങൾ സ്വൈരവിഹാരം നടത്തുകയാണിപ്പോൾ. കോടികൾ മുടക്കിയ ഹബ്ബൻതോട്ട തുറമുഖവും രാജ്യത്തിന് ഒരു വരുമാനവും നേടിക്കൊടുത്തില്ല. തലസ്ഥാനമായ കൊളംബോയുടെ പ്രാന്തത്തിൽ പണിതുയർത്തിയ ടൂറിസം പ്രോജക്ടുകളും ഉദ്ദേശിച്ച ഫലം ചെയ്തില്ല.

ടൂറിസം പദ്ധതികൾ പാളി
ഉത്പാദനം നന്നേ കുറവായതിനാൽ ഭക്ഷ്യവസ്തുക്കളും പാൽപൊടിയും ഇന്ധനവും മരുന്നുമടക്കം നിത്യജീവിതത്തിന് വേണ്ട മിക്ക വസ്തുക്കളും ഇറക്കുമതി ചെയ്യുകയായിരുന്നു ശ്രീലങ്കയിൽ. ടൂറിസം മേഖലയിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഈ ഇറക്കുമതി. പ്രതിവർഷം നാല് ബില്യൺ ഡോളറായിരുന്നു ശ്രീലങ്കയുടെ ടൂറിസം വരുമാനം. എന്നാൽ 2019 ലെ ഈസ്റ്റർ ആക്രമണവും അതിനു പിന്നാലെ ഉണ്ടായ കൊവിഡ് മഹാമാരിയും രാജ്യത്തെ ടൂറിസം മേഖലയെ സ്തംഭിപ്പിച്ചു. വരുമാനമില്ലാതായി. ഡോളർ ഇല്ലാത്തതിനാൽ ഇറക്കുമതി നിലച്ചു. അതിനിടെയാണ് കരുതൽ ഡോളർ ശേഖരം താഴേക്ക് പോകാതിരിക്കാനായി പ്രസിഡന്റ് ഗോധബയ രജപക്‌സെ കൈക്കൊണ്ട വിചിത്ര തീരുമാനം. രാസവളം ഇറക്കുമതി വേണ്ടെന്നുവച്ച അദ്ദേഹം രാജ്യത്തെ കർഷകർ ജൈവകൃഷിയിലേക്ക് തിരിയണമെന്ന് നിർദേശിച്ചു. അതോടെ ഉണ്ടായിരുന്ന കാർഷികോത്പാദനവും പകുതിയായി കുറഞ്ഞു. തേയിലയുടെയും മറ്റും കയറ്റുമതി നിലച്ചു.

തിരിച്ചടവുകൾ മുടങ്ങി

ഇതിനിടയിലാണ് മുമ്പ് നടത്തിയ വമ്പൻ പദ്ധതികളുടെ തിരിച്ചടവ് ഡെമോക്ലീസിന്റെ വാൾപോലെ മുകളിൽ തൂങ്ങിയത്. ഇന്ന് രാജ്യത്തിന്റെ മൊത്തം കരുതൽ ധനശേഖരത്തേക്കാൾ കൂടുതലാണ് ലങ്കയുടെ തിരിച്ചടവ്. വരുമാനം കുറഞ്ഞതോടെ കടം തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. സഹായത്തിനു വേണ്ടി ചൈനയെ സമീപിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. ഇപ്പോൾ ഇന്ത്യയുടെയും ഐ.എം.എഫിന്റെയുമൊക്കെ സഹായം തേടുകയാണ് ശ്രീലങ്ക. ഇന്ത്യ പലപ്പോഴായി സഹായം നൽകി.

ജനം തെരുവിൽ

നിത്യോപയോഗ സാധനങ്ങൾക്കും പെട്രോൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾക്കും വില കുതിച്ചുയർന്നതോടെ ആഴ്ചകളായി ലങ്കയിൽ ജനം തെരുവിൽ പ്രതിഷേധത്തിലാണ്. ഒരു കിലോ അരിക്ക് 300 ലങ്കൻ രൂപയ്ക്കടുത്താണ് ഇപ്പോൾ വില. 400 ഗ്രാം പാൽപ്പൊടിക്ക് 800 രൂപ കൊടുക്കണം. എന്നാൽ പോലും കിട്ടാനില്ല. പാലൊഴിച്ച ഒരു ചായ കിട്ടണമെങ്കിൽ നൂറ് രൂപ കൊടുക്കണം. പെട്രോൾ ലിറ്ററിന് 300 കടന്നു. ഡീസലിന് ഇരുന്നൂറിന് മുകളിലാണ്. അതു തന്നെ റേഷനും. പച്ചക്കറികളും പയർവർഗങ്ങളും എന്നുവേണ്ട എല്ലാത്തിനും തീവില. ഏറ്റവുമൊടുവിൽ കടലാസും മഷിയും ഇറക്കുമതി ചെയ്യാൻ പണമില്ലാതെ സ്‌കൂൾ പരീക്ഷകൾ മാറ്റിവച്ചു. ന്യൂസ് പ്രിന്റ് കിട്ടാനില്ലാത്തതിനാൽ രാജ്യത്തെ പ്രമുഖ പത്രങ്ങൾ അച്ചടി നിറുത്തി. നടത്തിക്കൊണ്ടുപോകാൻ പണമില്ലാത്തതിനാൽ മൂന്ന് വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾ ശ്രീലങ്കൻ സർക്കാർ പൂട്ടി.

സമരം: പൂർണിമ

കഴിഞ്ഞ ആറ് ദിവസമായി കൊളംബോ നഗരത്തിൽ ഒറ്റയാൾ‌ സമരം നടത്തുകയാണ് പൂർണിമ മഹാദനിയ. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിന് നഗരത്തിന്റെ കിഴക്കേ ഭാഗത്തെത്തി ‘ഗോ ഹോം ഗോട്ട’ പ്ലക്കാർഡ് ഉയർത്തി നിൽക്കും. മുദ്രാവാക്യങ്ങളില്ല, അനുയായികളുമില്ല. റോഡിലൂടെ പോകുന്ന വാഹനങ്ങൾ അനുഭാവത്തോടെ ഹോൺ മുഴക്കുമ്പോൾ പൂർണിമ കൈയുയർത്തി വിജയചിഹ്നം കാണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SRI LANKA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.