ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് നൽകാനിരിക്കെ കൊവിഷീൽഡിനും കൊവാക്സിനും സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വില കുത്തനെ കുറച്ചു. ഇരുവാക്സിനുകളും 225 രൂപയ്ക്ക് ആശുപത്രികൾക്ക് ലഭ്യമാക്കും.
വാക്സിൻ വിലയ്ക്കൊപ്പം ആശുപത്രികളുടെ സർവീസ് ചാർജും നികുതിയും ചേർത്ത് 500 രൂപയിൽ താഴെ നിരക്കിൽ കുത്തിവയ്ക്കാനാവും. ആശുപത്രികൾക്ക് പരമാവധി 150 രൂപ സർവീസ് ചാർജ് ഈടാക്കാമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഇന്നലെ പറഞ്ഞു.
കൊവിഷീൽഡിന് 600, കൊവാക്സിന് 1200 രൂപയായിരുന്നു വില. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ചയെ തുടർന്നാണ് വില വെട്ടിക്കുറയ്ക്കാൻ ഇവയുടെ നിർമ്മാതാക്കൾ തീരുമാനിച്ചത്.
2021 ജനവരി 3നാണ് ഇരു വാക്സിനും അടിയന്തര ഉപയോഗാനുമതി ലഭിച്ചത്. വാക്സിന് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വില നിശ്ചയിക്കാനുള്ള നടപടി സ്വീകരിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടിക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയരുന്നു. 275 രൂപയായി നിശ്ചയിക്കുമെന്നായിരുന്നു ധാരണ. അതാണ് 225 രൂപയാക്കിയത്.
ബൂസ്റ്റർ ഡോസിന്
വാക്സിൻ വില: ₹ 225
സർവീസ് ചാർജ്: 150
(കൂടാതെ നികുതിയും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |