മദ്യപിച്ച് വാഹനം ഓടിച്ച 98 പേർ കുടുങ്ങി
കൊല്ലം: സിറ്റി പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികളടക്കം നിരവധി ക്രിമിനലുകൾ പിടിയിലായി. മദ്യപിച്ച് വാഹനം ഓടിച്ച 98 പേർ കുടുങ്ങി.
ശനി, ഞായർ ദിവസങ്ങളിലായിരുന്നു സ്പെഷ്യൽ ഡ്രൈവ്. പള്ളിത്തോട്ടത്തും ചവറയിലും മൂന്നും കരുനാഗപ്പള്ളിയിൽ രണ്ടും കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂർ, ചവറ തെക്കുംഭാഗം ഓരോത്തരും അടക്കം 12 പിടികിട്ടാപ്പുള്ളികൾ വലയിലായി.
ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട് മുങ്ങിനടന്ന മൂന്നുപേരെ ഓച്ചിറയിൽ നിന്നും രണ്ട് പേരെ ചവറയിൽ നിന്നും ഒരാളെ ശക്തികുളങ്ങരയിൽ നിന്നും അറസ്റ്റ് ചെയ്തു. സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കൈവശം വച്ചതിന് 13 കേസുകളും എൻ.ഡി.പി.എസ് ആക്ട് പ്രകാരം 14 കേസുകളും 40 അബ്കാരി കേസുകളുമെടുത്തു.
ജാമ്യമില്ലാ വാറണ്ട് പ്രകാരം 48 പേരെയും മുൻകരുതലായി 52 പേരെയും സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അറസ്റ്റ് ചെയ്യ്തു. 37 കേഡികളെയും 96 റൗഡികളെയും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി താമസ സ്ഥലങ്ങളിലെത്തി പരിശോധിച്ചു. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |