SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.46 AM IST

മഹാകവിയുടെ സംഘാടക മികവും ആത്മസംഘർഷങ്ങളും

kumaranasan

ശ്രീനാരായണ ഗുരുദേവന്റെ നേരിട്ടുള്ള നിർദ്ദേശമനുസരിച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെ സാരഥ്യത്തിലെത്തുകയും സർഗാത്മകമായ സംഘാടക മികവിലൂടെ സംഘടനയ്ക്ക് അസ്തിവാരമുറപ്പിച്ച് സമുദായത്തെ അഭ്യുന്നതിയിലേക്കു നയിക്കുകയും ചെയ്ത മഹാകവി കുമാരനാശാന്റെ സ്മരണ കൂടുതൽ ദീപ്തമാകുന്ന കാലമാണിത്. ഒന്നരപ്പതി​റ്റാണ്ട് യോഗത്തിന് കർമ്മധീരമായ നേതൃത്വം നൽകിയ കുമാരനാശാന്റെ 150ാം ജന്മദിനം ഇന്ന് ആഗതമാകുമ്പോൾ കൃതജ്ഞതാനിർഭരമായ മനസോടെ ആ മഹാപ്രതിഭയെ സ്മരിക്കാം. വളരെയധികം ക്ലേശങ്ങൾ സഹിച്ചും പ്രതിബന്ധങ്ങൾ തരണം ചെയ്തുമാണ് എസ്.എൻ.ഡി.പി യോഗത്തെ കുമാരനാശാൻ ബഹുജന സംഘടനയാക്കി മാ​റ്റിയെടുത്തത്.
''നമ്മുടെ ശ്രീനാരായണ ധർമ്മപരിപാലന യോഗം കേരളത്തിലെ ബഹുലക്ഷം അധഃകൃതരെ ഉന്നമിപ്പിക്കാൻ യഥാകാലം ആവിർഭവിച്ച ഒരു ധർമ്മശക്തിയാണ്. അതിന്റെ അവതാരോദ്ദേശ്യങ്ങളെ മുഴുവൻ നിർവഹിക്കാതെ അത് ഭൂമുഖത്തു നിന്ന് തിരോധാനം ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നില്ല''- ആശാൻ പറഞ്ഞു. യോഗത്തെ തളർത്താനും യോഗനേതൃത്വത്തെ കുരുക്കാനും ഇന്നും വാളെടുത്തു നടക്കുന്നവർ ആശാൻ പറഞ്ഞ ഈ വാചകത്തിന്റെ അർത്ഥം ഉൾക്കൊണ്ടിരുന്നെങ്കിലെന്ന് ചിന്തിച്ചുപോകുന്നു.
സാമൂഹികവും വിദ്യാഭ്യാസപരവുമായ അവശതകൾ പരിഹരിക്കുന്നതിനായിരുന്നു ആശാന്റെ ആദ്യ പ്രയത്‌നം. സർക്കാർ സർവീസിലും പ്രതിനിധിസഭയിലും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യവാദം ശക്തമായി ഉന്നയിച്ചുതുടങ്ങിയത് ആശാന്റെ കാലത്താണ്.
ഒരു സംഘടനയെന്ന നിലയിൽ യോഗത്തിന് അടിസ്ഥാനമുറപ്പിക്കാൻ ആശാൻ സഹിച്ച ക്ലേശങ്ങൾ വിവരണാതീതമാണ്. ഈഴവർക്ക് പ്രവേശനം നിഷേധിച്ചിരുന്ന പല സ്‌കൂളുകളും യോഗം സെക്രട്ടറി എന്ന നിലയിൽ ആശാൻ നൽകിയ നിവേദനങ്ങളുടെ ഫലമായി തുറന്നുകിട്ടി. ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠയും ഗുരുദേവന്റെ ഷഷ്ടിപൂർത്തിയാഘോഷവും ജനബാഹുല്യം കൊണ്ടും പ്രഗത്ഭരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായ ചടങ്ങുകളാക്കി മാ​റ്റാൻ കുമാരനാശാനു കഴിഞ്ഞു. ഷഷ്ടിപൂർത്തി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥലം വാങ്ങി ഗുരുസ്മാരകസൗധം പണിയാനും ആശാൻ മുൻകൈയെടുത്തു. യോഗത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലെന്ന കുറവ് ഇതോടെ പരിഹരിക്കപ്പെട്ടു.
സമുദായത്തെ നാശത്തിലേക്കു നയിച്ച താലികെട്ട് കല്യാണം, തിരണ്ടുകുളി, പുളികുടി തുടങ്ങിയ ദുരാചാരങ്ങൾ കർശനമായി നിറുത്തലാക്കി. വിവാഹരീതി പരിഷ്‌കരിച്ചു. ആരാധനാ സമ്പ്രദായത്തിലും മാ​റ്റം വരുത്തി. സ്‌കൂൾ പ്രവേശനം, ഉദ്യോഗപ്രവേശനം എന്നിവയ്ക്കായി ശക്തമായ പോരാട്ടം നയിച്ചു. യോഗം പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഒരുപാട് ദുരനുഭവങ്ങൾ ആശാനുണ്ടായി. ചില വികൃതമനസുകൾ പണാപഹരണക്കു​റ്റം വരെ കവിയിൽ ചുമത്തി. സ്‌നേഹഗായകനെ ദുരന്തനായകനാക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമുണ്ടായി. നിർമ്മലമായ ആ മനസ് ഏറെ വേദനിച്ചു.

സമുദായത്തിന്റെ വിദ്യാഭ്യാസ പ്രബുദ്ധതയ്ക്കു വേണ്ടി അഹോരാത്രം യത്‌നിക്കുകയും നിരവധി ആരോപണങ്ങൾക്കും കടുത്ത വിമർശനങ്ങൾക്കും ഇരയാകുകയും ചെയ്ത മഹാനായ ആർ. ശങ്കർ യോഗത്തിന്റെ 51ാം വാർഷിക റിപ്പോർട്ടിൽ ആശാന്റെ ആത്മസംഘർഷങ്ങളെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ: ''ശ്രീനാരായണഗുരുവിന്റെ ഉപദേശപ്രകാരം യോഗം ആദ്യം സംഘടിപ്പിച്ച കാലത്ത് ആ സംരംഭം ഈഴവരെ കുടുക്കിലാക്കാൻ ഉദ്ദേശിച്ച എലിവില്ലാണെന്നും അതിൽനിന്ന് ബുദ്ധിയുള്ള ഈഴവർ ഒഴിഞ്ഞു നിൽക്കണമെന്നും ഉപദേശിച്ച വിമർശകരുണ്ടായിരുന്നു. ആശാനെപ്പറ്റി ശത്രുക്കൾ നടത്തിയ ദുഷ്പ്രചാരണങ്ങൾ എത്ര നിർദ്ദയവും നീചവുമായ ഭാവങ്ങൾ കൈക്കൊണ്ടുവെന്ന് കവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്''.
സംഘടനയുടെ കെട്ടുറപ്പ് തകർക്കാനും മുന്നോട്ടുള്ള കുതിപ്പ് തടയാനും യോഗചരിത്രത്തിൽ എക്കാലത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ യോഗനേതൃത്വത്തെ തളർത്തി സംഘടനയെ ദുർബലമാക്കുക എന്ന ലക്ഷ്യത്തോടെ ചില വികലമാനസർ കഴമ്പില്ലാത്ത ആരോപണങ്ങൾ ആവർത്തിച്ചാവർത്തിച്ച് കോടതികളിൽ മാറിമാറി കേസുകൊടുക്കുകയും എല്ലാ കേസുകളിലും തോ​റ്റ് തിരിച്ചടി വാങ്ങുകയും ചെയ്ത കാര്യം ശ്രദ്ധേയമാണ്. യോഗം തിരഞ്ഞെടുപ്പ് സംബന്ധിച്ച കോടതിവിധിയുടെ സാങ്കേതികതകളിലാണ് അവരുടെ പ്രതീക്ഷ. നേതൃസ്ഥാനത്തിരിക്കുമ്പോൾ പ്രാതിനിദ്ധ്യ വോട്ടവകാശം നടപ്പാക്കാൻ ഒപ്പിട്ടുകൊടുത്ത മാന്യദേഹം ഇപ്പോൾ അതിനെ എതിർക്കുന്നു. യോഗം ഭാരവാഹി തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് പത്തു ശതമാനം വോട്ടുപോലും ലഭിക്കാതെ പരിഹാസ്യരായവർ തിരഞ്ഞെടുപ്പ് രീതി മാ​റ്റണമെന്ന ന്യായം ഉന്നയിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തെ ലിക്വിഡേ​റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി കൊടുത്തവർ തന്നെ ഇപ്പോൾ യോഗത്തെ രക്ഷിക്കുമെന്ന് പറഞ്ഞുനടക്കുന്ന വിചിത്രമായ കാഴ്ചയും കാണാം.
എസ്.എൻ.ഡി.പി യോഗത്തിന്റെ 11ാം വാർഷിക റിപ്പോർട്ടിൽ ഇത്തരം കുടിലനീക്കങ്ങൾക്കെതിരെ സമുദായാംഗങ്ങൾ കരുതിയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുമാരനാശാൻ വിവരിക്കുന്നുണ്ട്. മഹാകവിയുടെ വാക്കുകൾ ഇങ്ങനെ:
'കൃത്യനിഷ്ഠയോടുകൂടി പ്രവർത്തിക്കുന്ന മദ്ധ്യേ ഒരുവന് പല അനർത്ഥങ്ങളും നേരിട്ടുകൊണ്ടിരിക്കും. അവരുടെ രൂപങ്ങൾ പലപ്പോഴും വളരെ ഭയാനകങ്ങളായി തോന്നും. മാർഗം ചിലപ്പോൾ ദുഷ്ടസർപ്പങ്ങൾ നിറഞ്ഞ മഹാവനം പോലെ ദുർഗമമായിരിക്കും. അതുകൊണ്ട് ഭയപ്പെടുകയോ പിന്മാറുകയോ ചെയ്യുന്നവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് സംശയമാകുന്നു. ദുർഗമവനത്തിൽ യോഗത്തിന്റെ പ്രവർത്തകൻ ജിതേന്ദ്രിയനും കൃതബുദ്ധിയുമായ മുനിയെപ്പോലെ സഞ്ചരിക്കേണ്ടതാകുന്നു.'' ആശാന്റെ വാക്കുകൾ സമുദായാംഗങ്ങൾക്ക് ഇന്നും മാർഗദീപമാകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUMARANASAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.