SignIn
Kerala Kaumudi Online
Thursday, 25 April 2024 6.10 AM IST

കേരള ടീമിന്റെ പരിശീലനം പുരോഗമിക്കുന്നു : ടീമിൽ ആരൊക്കെ ? നാളെയറിയാം

football
ഫുട്ബാൾ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിന് അഞ്ചുനാൾ ശേഷിക്കെ മൈതാനത്ത് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിൽ കേരളാ ടീം. രണ്ടാഴ്ച്ച മുമ്പ് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ച പരിശീലനം അവസാന ഘട്ടത്തിലെത്തി. നിലവിൽ 28 താരങ്ങളെ ഉൾപ്പെടുത്തിയാണ് പരിശീലനം നടത്തുന്നത്. പരിശീലനത്തിന് ശേഷം 20 / 22 അംഗങ്ങൾ ഉൾപ്പെടുന്ന മികച്ച ടീമാക്കി മാറ്റും. ആരൊക്കെ മൈതാനത്ത് ഇറങ്ങുമെന്നതിനെ കുറിച്ചുള്ള പൂർണ രൂപം നാളെ വ്യക്തമാകും. കഴിഞ്ഞ തവണ പരിശീലനത്തിന് ശേഷം 22 അംഗ ടീമിനെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. അംഗങ്ങളുടെ കാര്യത്തിൽ വ്യക്തത വരുന്ന മുറയ്ക്ക് സംഘം മലപ്പുറത്തെത്തും. മികച്ച മൈതാനം തിരഞ്ഞെടുത്ത് ഇവിടെയും വരുംദിവസങ്ങളിൽ പരിശീലനമുണ്ടാകും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ കെ.പി.എൽ മത്സരങ്ങൾ നടന്നിരുന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസം രാവിലെയായിരുന്നു പരിശീലനം. ഞായറാഴ്ച്ച കെ.പി.എൽ അവസാനിച്ചതോടെ ഇനി പരിശീലനം വൈകീട്ട് നടക്കും.

കോർണർ കിക്കിലെ അവസരം ഗോൾവല കുലുക്കി

വീണ്ടുമൊരു സന്തോഷ് ട്രോഫി ആഗതമാവുമ്പോൾ ആദ്യമായി 1984ൽ ലക്നൗവിൽ സന്തോഷ് ട്രോഫി കളിച്ച ഓർമ്മ പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു. ഷറഫലി. ലക്നൗവിൽ ഗുജറാത്തിനെതിരെ നടന്ന മത്സരത്തിൽ കോർണർ കിക്കിലൂടെ കിട്ടിയ അവസരം ഗോളാക്കി മാറ്റിയത് ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകളിൽ മായാതെ നിൽക്കുന്നുണ്ട്. അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരളം വിജയിച്ചത്. അറുപതിലധികം സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വിവിധ വർഷങ്ങളിലായി ഷറഫലി ബൂട്ടണിഞ്ഞിട്ടുണ്ട്.

അന്നത്തെയും ഇന്നത്തെയും കളികളെ കുറിച്ചും പറയാനൊരുപാടുണ്ട് ഷറഫലിക്ക്... അക്കാലത്ത് വർഷങ്ങളോളം ഒരുമിച്ച് കളിച്ചിരുന്ന ടീമംഗങ്ങളായതിനാൽ ടീമിന് വലിയ കെട്ടുറപ്പുണ്ടായിരുന്നു. കളിക്കളത്തിലെ ഓരോരുത്തരുടേയും അടവുകളും മികവും പോരായ്മകളുമെല്ലാം മനപാഠമായിരുന്നു. അതിനനുസരിച്ചുള്ള പാസുകളും ലോംഗ് റേഞ്ച് ഷോട്ടുമെല്ലാം തൊടുത്തു വിടുന്നതിൽ എല്ലാവരും കേമന്മാരായിരുന്നു. ഇത് കാരണം പ്രതിരോധ വലയത്തിന് ലഭിക്കുന്ന ഊർജവും ശക്തിയും മാത്രം മതിയാകും ടീം ജയിക്കാൻ. ഇപ്പോൾ കേരള ടീമിനുള്ള ചെറിയ പ്രതിസന്ധിയും ഇതുതന്നെയാണ്. ഏറ്റവും മികച്ച കളിക്കാരുടെ പേരുകൾ ഐ.എസ്.എൽ, ഐലീഗ് പോലെയുള്ള മത്സരങ്ങളിലേക്ക് പോകും. അതിന് താഴെയുള്ളവരാണ് സന്തോഷ് ട്രോഫിയിലെത്തുന്നത്. ഒരുപാട് കാലം ഒരുമിച്ചു കളിച്ച പരിചയവുമില്ലായിരിക്കാം. പക്ഷെ ഇത് അനുകൂല ഘടകമായും മാറുന്നുണ്ട്. പുതിയ ആളുകൾക്ക് സന്തോഷ് ട്രോഫിയിലെത്താനുള്ള അവസരം കൂടിയാണിത്. ആദ്യകാലത്ത് അതത്ര എളുപ്പമായിരുന്നില്ല. സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവർക്ക് ഐ.എസ്.എൽ, ഐ ലീഗ് മത്സരങ്ങളിലേക്കെത്താനുള്ള അവസരവുമുണ്ട്. എല്ലാ കാലത്തും കേരളത്തിന് മികച്ച ടീം കിട്ടിയിട്ടുണ്ടെന്നുള്ളതിൽ സംശയമില്ലെന്നും ഷറഫലി പറഞ്ഞു.

നമുക്ക് മികച്ച ടീമുണ്ട്, ഭാഗ്യവും അനുകൂലമാവുമെന്ന് പ്രതീക്ഷിക്കാം

2009ൽ ഒരു പ്രതീക്ഷയുമില്ലാതെ സന്തോഷ് ട്രോഫി ഫുട്ബാൾ ക്യാമ്പിലെത്തി. ഒന്നാമത്തെ റൗണ്ടിൽ തന്നെ പുറത്ത് പോകുമെന്ന് മനസിൽ ഉറപ്പിച്ചിരുന്നു. അതിനാൽ വേണ്ടത്ര ജഴ്സിയോ മറ്റോ ബാഗിൽ കരുതിയിരുന്നില്ല. പക്ഷെ അവസാന സമയം ഇരുപതാമത്തെ ആളായി കേരള ടീമിലേക്ക് വിളിച്ചത് ഇന്നും ഞെട്ടലോടെയാണ് ഓർക്കുന്നത്. മുൻ സന്തോഷ് ട്രോഫി താരം ഫിറോസ് കളത്തിങ്ങൽ കേരളകൗമുദിയുമായി പങ്കുവച്ചതാണിത്. പിൻഗാമികളിൽ പലരെയും റോൾ മോഡലാക്കിയാണ് സന്തോഷ് ട്രോഫി പരീക്ഷണങ്ങളിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. ആദ്യമായി കളിച്ചപ്പോൾ അവസാനത്തെ 10 മിനുട്ടായിരുന്നു ലഭിച്ചത്. 2011ൽ ആസാമിൽ നടന്ന കളിയിൽ ടീമിലെ ഒരാൾക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് പകരമിറങ്ങിയും കളിച്ചു. ആകെ കിട്ടിയ 20 മിനുട്ടിൽ ഹാട്രിക്ക് ഗോൾ അടിച്ചാണ് മുന്നേറ്റമുണ്ടാക്കിയത്. 2009, 2011, 2012, 2015, 2016 വർഷങ്ങളിലാണ് സന്തോഷ് ട്രോഫി കളിച്ചിരുന്നത്. ഇത്തവണ കേരള ടീമിന് പരിശീലനത്തിന് അത്യാവശ്യം സമയം കിട്ടിയിട്ടുണ്ടെന്നുള്ളത് അനുകൂലഘടകമാണ്. ടീമിലേക്ക് മികച്ച കളിക്കാരെ തന്നെ കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. പിന്നെ ഭാഗ്യമൊരു പ്രധാന ഘടകമായതിനാൽ അതും അനുകൂലമാവുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.