SignIn
Kerala Kaumudi Online
Saturday, 20 April 2024 12.28 AM IST

തോമസ് മാഷിന്റെ കേന്ദ്ര-സംസ്ഥാന ബന്ധം

dronar

ഫെഡറലിസത്തെ മനസ്സിലും ശരീരത്തിലും ഊണിലും ഉറക്കത്തിലും കൊണ്ടുനടക്കുന്നയാളാണ് തോമസ് മാഷ്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ കൊടുക്കൽ-വാങ്ങലുകൾ കൃത്യമായി നടക്കണമെന്ന് തോമസ് മാഷ് വളരെയധികം ആഗ്രഹിക്കുന്നു. തോമസ് മാഷ് ഒന്ന് കൊടുത്താൽ അതിനെക്കാളും വലിയൊരു ഒന്ന് തോമസ് മാഷിന് കിട്ടണം.

കുറുപ്പശ്ശേരി വർക്കിച്ചന്റെ മകനായി കുമ്പളങ്ങിയിൽ ജനിച്ചയാളാണ് തോമസ് മാഷ്. കുമ്പളങ്ങിക്കായലിൽ മാഷ് ചൂണ്ടയിട്ടാൽ കൊത്താത്ത തിരുത മീൻ ഇല്ല. തിരുത ഏത് തരമായാലും മാഷിന് മുന്നിൽ സമന്മാരാണ്. മാഷിനൊപ്പം ഡൽഹി വരെ യാത്രചെയ്യാറുള്ള തിരുതമാർ ഫെഡറലിസത്തിന്റെ ഏറ്റവും ശക്തരായ വക്താക്കളായി മാഷിനോടൊപ്പം നിലകൊള്ളാറുണ്ട്.

മാഷിനെ കേന്ദ്ര, സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തിലെ രസതന്ത്രം പഠിപ്പിച്ച് കൊടുത്തത് പോലും കുമ്പളങ്ങിക്കായലിലെ തിരുതാ വാലകളാണെന്ന് അധികമാർക്കും അറിയില്ല. മാഷ് തേവര കോളേജിലെ രസതന്ത്രം മാഷായതും തിരുതകൾ വഴി രസതന്ത്രങ്ങൾ പഠിച്ച് മനസ്സിലാക്കിയിട്ടാണ്. മാഷിന് ഇന്നിപ്പോൾ പത്തെഴുപത്തിയഞ്ച് വയസ്സായി. പക്ഷേ കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ ഒരു മുപ്പത്- നാല്പത് വയസ്സിന്റെ ചെറുപ്പത്തോടെ നിലനിൽക്കണമെന്ന് അദ്ദേഹം ഇപ്പോഴും ഗാഢമായി ആഗ്രഹിക്കുന്നു. അതിലെന്താണ് തെറ്റ്! ഫെഡറലിസം ഇല്ലെങ്കിൽ ഈ നാടുണ്ടോ? കുമ്പളങ്ങിക്കായലുണ്ടോ? എന്തിന് തിരുതയ്ക്ക് പോലും ഉഭയജീവിയായി ജീവിക്കാൻ പറ്റുമോ?

മാഷ് പത്ത്- പതിനേഴ് കൊല്ലം ലോകസഭയിൽ ഇരുന്നിട്ടുണ്ട്. അഞ്ചുകൊല്ലം കേന്ദ്രത്തിൽ ഭക്ഷ്യത്തിന്റെ മന്ത്രിയായിരുന്നിട്ടുണ്ട്. ഭക്ഷ്യത്തിന്റെ വകുപ്പ് മാഡം അറിഞ്ഞുകൊണ്ട് മാഷെ ഏല്പിച്ച് കൊടുത്തതായിരുന്നു. ആളറിഞ്ഞ് വിളമ്പണമെന്ന് മാഡത്തിന് അറിയാമായിരുന്നു. തിരുതക്കറിയൊക്കെ നല്ലപോലെ വയ്ക്കാനറിയുന്ന മാഷ് ഭക്ഷ്യം ഭരിച്ചില്ലെങ്കിൽ പിന്നെയാര് ഭരിക്കാനാണ് !

ലോകസഭയിൽ പോകുന്നതിൽ നിന്ന് ഇടവേളയെടുക്കണമെന്ന് മാഷ് ആഗ്രഹിച്ചിട്ടില്ല. പക്ഷേ ചിലരൊക്കെ ചേർന്ന് മാഷെ ഇടവേള എടുപ്പിക്കാൻ നോക്കാറുണ്ട്. അങ്ങനെ ഇടവേള എടുത്താൽ തന്നെ നിയമസഭയിൽ പോയിരിക്കും. അത്രയ്ക്ക് ഊർജമാണ് മാഷിന്. രസതന്ത്രം മാത്രമല്ല, വേണ്ടിവന്നാൽ ഊർജ്ജതന്ത്രവും മാഷ് പഠിപ്പിക്കും.

കൊച്ചിക്കായലിന്റെ പരിസരത്ത് പണ്ടാരോ സ്ഥലമളക്കാൻ വന്നപ്പോൾ കുമ്പളങ്ങിക്കായലിന്റെ സർവ അളവുമറിയാവുന്ന തോമസ് മാഷിനെ പോയിക്കണ്ടതിന്റെ പേരിൽ ഫ്രഞ്ച് ചാരക്കേസ് എന്നെല്ലാം പറഞ്ഞ് ചിലർ ബഹളം കൂട്ടുകയുണ്ടായി. അങ്ങനെ കുറച്ചുകാലം ലോകസഭയിൽ നിന്ന് ഇളവേളയെടുക്കാൻ മാഷ് നിർബന്ധിതനായി. പക്ഷേ ആ ഇടവേള അസഹ്യമായതിനാൽ മാഷ് നിയമസഭയിലേക്ക് ഉടൻ ടിക്കറ്റെടുത്തു. ആന്റണിജി മാഷിന്റെ കർമോത്സുകത മനസ്സിലാക്കിയിട്ടോ സാഹചര്യങ്ങളുടെ സമ്മർദ്ദത്താലോ മാഷെ മന്ത്രിയുമാക്കിയിട്ടുണ്ട്. പക്ഷേ വൈകാതെ മാഷ് ലോകസഭയിലേക്ക് തിരിച്ച് പോയി. എല്ലാം തിരുത വഴി! കേന്ദ്ര-മാഷ് ബന്ധത്തിൽ വച്ചടിവച്ചടി പിന്നെ കയറ്റമാണുണ്ടായിട്ടുള്ളത്.

അങ്ങനെയുള്ള മാഷ് കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെപ്പറ്റി സി.പി.എമ്മുകാരുടെ സെമിനാറിൽ പ്രസംഗിക്കാൻ പോകണമെന്ന് ചിന്തിച്ചാൽ കുറ്റം പറയാൻ അരസികന്മാർക്കേ സാധിക്കൂ. കുമ്പക്കുടി സുധാകരൻജിക്കൊക്കെ വലിയ മസിൽ മാത്രമേയുള്ളൂവെന്ന് തോമസ് മാഷിന് അറിയാം. അതുകൊണ്ടാണ് മാഷ് കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെപ്പറ്റിയുള്ള സെമിനാറിൽ പങ്കെടുക്കാൻ പാടില്ലെന്ന് സുധാകരൻജി പറഞ്ഞപ്പോൾ പങ്കെടുത്തേ തീരൂവെന്ന് മാഷ് തിരിച്ചുപറഞ്ഞത്.

ഫെഡറലിസത്തിന് ഈയിടെയായി കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. ന.മോ.ജി വന്നേപ്പിന്നെയാണ് കാര്യങ്ങൾ അങ്ങനെ. അടുത്തകാലം വരെ മാഷും തിരുതയും ഒന്ന് ഡൽഹിയിൽ പോയാൽ വലിയൊരു ഒന്നുമായാണ് തിരിച്ചുവരവ്. ഫെഡറലിസം അന്ന് പൂത്തുലഞ്ഞത് അങ്ങനെയാണ്. ഇന്നിപ്പോൾ മഹാകഷ്ടമാണ്. ഫെഡറലിസം തകർന്നതോടെ തിരുതയ്ക്ക് പോലും നിലയും വിലയുമില്ലാതായി. ഈ വേദനാജനകമായ അന്തരീക്ഷത്തിൽ കേന്ദ്ര-സംസ്ഥാന ബന്ധത്തെപ്പറ്റി വേദനാജനകമായി അവതരിപ്പിക്കാൻ ഏറ്റവും യോഗ്യൻ മാഷാണ്.

സുധാകരൻജിക്കോ വടശ്ശേരി സതീശൻജിക്കോ ഇതൊന്നും തിരിച്ചറിയാനുള്ള ശേമുഷിയില്ല. അവരുടെ ബുദ്ധിയില്ലായ്മയിൽ വേദനിക്കുകയല്ലാതെ മാഷ് വേറെ എന്ത് ചെയ്യാനാണ്. മാഷ് അങ്ങനെയാണ് പാർട്ടി കോൺഗ്രസിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ സെമിനാറിൽ പ്രസംഗിക്കാൻ കണ്ണൂരിലേക്ക് പോയത്. മാഷ് കോൺഗ്രസുകാരനാണ്. പങ്കെടുക്കാൻ പോകുന്നത് പാർട്ടി കോൺഗ്രസിലാണ്. അടിമുടി കോൺഗ്രസുകാരനായ മാഷ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമ്പോൾ അതിലും ഒരു കോൺഗ്രസില്ലേ എന്ന് ആശ്വസിക്കാനൊക്കെ പറ്റും. സുധാകരൻജിയും സതീശൻജിയും അത് തിരിച്ചറിഞ്ഞ് പെരുമാറിയിരുന്നെങ്കിൽ മാഷ് ആരുമറിയാതെ പാർട്ടികോൺഗ്രസിലെ സെമിനാറിൽ പ്രസംഗിച്ചിട്ട് തിരിച്ചുവരുമായിരുന്നു. ഇതിപ്പോൾ മാഷ് സെമിനാറിൽ പോകുന്നത് മുതൽ കണ്ണൂരിൽ നിന്ന് ചുമയ്ക്കുന്നത് വരെ നാട്ടുകാരെല്ലാം കേൾക്കുകയാണ്. സുധാകരൻജി ഇങ്ങനെയാണ് മാഷിനെ പാർട്ടി കോൺഗ്രസാക്കുന്നത്!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K V THOMAS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.