SignIn
Kerala Kaumudi Online
Saturday, 20 April 2024 6.32 AM IST

പൊളിച്ചെഴുതണം അബ്‌കാരി നിയമവും അന്വേഷണ രീതിയും നി‌രപരാധികൾ തടവിലാകരുത്

excise

'ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ' എന്ന വള്ളത്തോൾ കവിത ഉദ്ധരിച്ചുകൊണ്ടാണ് അന്യായമായ തടവിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചത്. അബ്കാരി കേസിൽ കുറ്റമൊന്നും ചെയ്യാതെ തടവിൽ കഴിയേണ്ടി വന്ന രണ്ടുപേർക്ക് രണ്ടരലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട‌ായിരുന്നു സുപ്രധാനമായ നിരീക്ഷണം. യഥാർത്ഥത്തിൽ നിയമപാലന സംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പു കൂടിയാണിത്.

അബ്കാരി കേസുകളിലെ അന്വേഷണരീതി പൊളിച്ചെഴുതണം. എക്‌സൈസ് ഉദ്യോഗസ്ഥന് ശത്രുത തോന്നിയാൽ ഒരു കുപ്പിയും അൽപ്പം വ്യാജമദ്യവുമുണ്ടെങ്കിൽ ആരെയും പ്രതിയാക്കാവുന്ന സ്ഥിതിയാണ് ഇന്നുള്ളത്.

ഹൈക്കോടതി ഉത്തരവ് പുനർചിന്തനത്തിനുള്ള സമയമാണ്. മയക്കുമരുന്ന് കേസുകളിൽ നാർക്കോട്ടിക് നിയമപ്രകാരമുള്ള പരിശോധന ഗസറ്റഡ് ഉദ്യാേഗസ്ഥന്റെ സാന്നിദ്ധ്യത്തിലാണ് നടത്തുന്നത്. എന്നാൽ, മദ്യം ഉൾപ്പെടെയുള്ള കേസുകളിൽ അബ്കാരി ആക്‌ട് പ്രകാരം പരിശോധന നടത്തുമ്പോൾ സ്വതന്ത്രസാക്ഷിയുടെ സാന്നിദ്ധ്യമാണ് വേണ്ടത്. 70 മുതൽ 90 ശതമാനം കേസുകളിലും ഈ സ്വതന്ത്ര സാക്ഷികൾ കോടതികളിൽ കൂറുമാറുകയാണ് പതിവ്. ഇതിന് പല കാരണങ്ങളുണ്ടാകാമെങ്കിലും സർക്കാർ ഗൗരവത്തിൽ പരിശോധിക്കണം. നിലവിലെ അന്വേഷണ രീതികളിൽ മതിയായ പരിശോധന നടത്തി ആവശ്യമെങ്കിൽ അബ്കാരി ആക്‌ടിൽ ഭേദഗതി കൊണ്ടുവരണം. അബ്കാരി കേസുകളിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുക ദുഷ്‌ക്കരമാണെന്ന കാര്യവും ഉദ്യോഗസ്ഥർ ഒാർക്കേണ്ടതാണ്. പകപോക്കാനായി ചെയ്യുന്ന കള്ളക്കേസുകൾ ഒരാളുടെ ജീവിതമാണ് നശിപ്പിക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം.

കള്ളവാറ്റും വ്യാജമദ്യ വിപണനവും തടയാൻ കർശന മാർഗങ്ങൾ സ്വീകരിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. എക്‌സൈസും പൊലീസും ഇക്കാര്യത്തിൽ നടത്തുന്ന നടപടികളും പ്രവർത്തനങ്ങളും മികവുറ്റതുമാണ്. എന്നാൽ, മയക്കുമരുന്ന് കേസുകളിൽ കാണിക്കുന്ന സൂക്ഷ്‌മത ചാരായ - വ്യാജമദ്യ കേസുകളിലുണ്ടാകുന്നില്ല. കേസുകളെടുക്കുമ്പോഴും സ്വതന്ത്ര സാക്ഷിയെ കണ്ടെത്തുമ്പോഴും സൂക്ഷ്‌മത അനിവാര്യമാണ്. ഇതിന്റെ അഭാവം മൂലം പല കേസുകളിലും സാക്ഷികൾ കൂറുമാറുകയും കേസ് പരാജയപ്പെടുകയും ചെയ്യുന്നു. കള്ളക്കേസുകൾ ചുമത്തുന്നതിന്റെ പരിണിത ഫലമാണിതെന്ന വിലയിരുത്തൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് സർക്കാർ ഗൗരവത്തിലെടുത്ത് തെറ്റുതിരുത്താനുള്ള നടപടികളിലേക്ക് നീങ്ങണം.

കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാനത്തെ അബ്കാരി കേസുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണം, അറസ്റ്റ് തുടങ്ങിയ കാര്യങ്ങളിൽ ഉചിതമായ ഒരാളെ നിയോഗിച്ച് സർക്കാർ എൻക്വയറി നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഉചിതമായ ഈ തീരുമാനം കള്ളക്കേസിൽ കുടുങ്ങിയ നിരവധിപേർക്ക് പിടിവള്ളിയാണ്. കള്ളക്കേസ് ചുമത്തി എക്‌സൈസ് സംഘം ജയിലിലടച്ച കൊല്ലം അയിലറ അഴത്തിൽപുത്തൻ വീട്ടിൽ എ.ബി. അനിൽകുമാർ, കരുനാഗപ്പള്ളി കുറ്റിത്തറയിൽ ആർ. പ്രകാശ് എന്നിരാണ് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധിയും നഷ്‌ടപരിഹാരവും നേടിയെടുത്തത്. രണ്ടു മാസത്തിനകം ഹർജിക്കാർക്ക് നഷ്ടപരിഹാരം നൽകണം. ഈ തുക കുറ്റക്കാരായ എക്‌സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം. ഈ നിർദ്ദേശങ്ങളിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ആറുമാസത്തിനകം ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും വിധിയിൽ പറയുന്നു. അബ്കാരി കേസുകളിലെന്നും ഒരേ തിരക്കഥയാണെന്നും അവിശ്വസനീയമായ ഈ തിരക്കഥയുടെ നിജസ്ഥിതി കണ്ടെത്താനാണ് അഞ്ചുവർഷത്തെ എക്‌സൈസ് കേസുകളിലെ നടപടികളിൽ എൻക്വയറി നടത്താൻ നിർദ്ദേശിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ഉത്തരവിന്റെ ആനുകൂല്യം തേടി നിരവധി പേർ രംഗത്തുവരുമെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു.

'എക്‌സൈസ് പാർട്ടി ജീപ്പിൽ വരുമ്പോൾ വഴിയിൽ എതിരെ ഒരാൾ കന്നാസുമായി വരുന്നു. എക്‌സൈസ് സംഘത്തെ കാണുമ്പോൾ അയാൾ പരുങ്ങുന്നു. തുടർന്ന് അവിടെനിന്ന് രക്ഷപ്പെടാൻ അയാൾ ശ്രമിക്കുന്നു. സംശയം തോന്നി പിടികൂടുന്നു. ചോദ്യം ചെയ്ത് വ്യാജച്ചാരായം പിടികൂടുന്നു'. ഇതാണ് മിക്ക കേസുകളിലും എക്‌സൈസ് സംഘത്തിന്റെ തിരക്കഥ. അബ്കാരി കേസുകൾ ഏറെയുള്ള നാട്ടിൽനിന്നു വരുന്ന താൻ ഇതുവരെയും കന്നാസിൽ വ്യാജചാരായവുമായി ആരും വഴിയിലൂടെ നടന്നു വരുന്നത് കണ്ടിട്ടില്ലെന്നായിരുന്നു കോടതിയിൽ ഒരു അഭിഭാഷകൻ പറഞ്ഞത്. ഇവരെന്തിനാണ് എക്‌സൈസുകാർ വരുന്ന വഴിയിലൂടെ തന്നെ കന്നാസുമായി വരുന്നതെന്നും അഭിഭാഷകൻ സംശയം പ്രകടിപ്പിച്ചു. സമാനമായ നിരവധി കേസുകൾ ഹൈക്കോടതിയിലുള്ളതിനാൽ ഇതേക്കുറിച്ചു കൂടുതൽ പറയുന്നില്ലെന്നായിരുന്നു കോടതിയുടെ കമന്റ്.

കവിതയും ഗാന്ധിജിയുടെ വാക്കുകളും ചൊല്ലിയായിരുന്നു എക്‌സൈസ് വകുപ്പിനെതിരെ ഹൈക്കോടതി വടിയെടുത്തത്.

ജയിലിലടയ്ക്കപ്പെട്ടവർ മരിച്ചവർക്കു തുല്യരാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളും തടവിലാക്കപ്പെടുമ്പോൾ മാത്രമാണ് രാജ്യമെന്താണെന്ന് ശരിക്കും മനസിലാവുകയെന്ന നെൽസൺ മണ്ഡേലയുടെ വാക്കുകളും വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ലിറ്റർ വ്യാജച്ചാരായം കൈവശം വച്ചെന്നാരോപിച്ച് 2006 ഫെബ്രുവരി 25 നാണ് പ്രകാശിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. 76 ദിവസം ജയിലിൽ കിടന്നു. വിക്രമൻ നായരെന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ വൈരാഗ്യം മൂലം കെട്ടിച്ചമച്ച കേസാണെന്നായിരുന്നു പ്രകാശിന്റെ വാദം. ഇത് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. താൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഭൂമിയുടെ സമീപത്ത് വ്യാജവാറ്റ് നടത്തിയിരുന്ന സുദർശൻ എന്ന വ്യക്തിക്കെതിരെ പരാതി നൽകിയതാണ് അനിൽകുമാറിന് വിനയായത്. സുദർശനുമായി ചേർന്ന് എക്‌സൈസ് സംഘം അനിൽകുമാറിനെ മർദ്ദിച്ചു. പിന്നീട് വ്യാജചാരായ കേസിൽ കുടുക്കി 2004 ജൂൺ 18 ന് അറസ്റ്റ് ചെയ്തു. 56 ദിവസം ജയിലിൽ കിടന്നു. പിന്നീട് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ എക്‌സൈസുകാർ കെട്ടിച്ചമച്ച കേസാണെന്ന് കണ്ടെത്തുകയായിരുന്നു.

മയക്കുമരുന്ന് കേസുകളിൽ അളവിന് അനുസരിച്ചാണ് കേസ് രജിസ്‌റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന മദ്യം, ചാരായം എന്നിവ എത്ര കുറഞ്ഞ അളവിലാണെങ്കിലും പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയുമുള്ള കുറ്റമായാണ് അബ്‌കാരി ആക്‌ടിലുള്ളത്. ഇത് ദുരുപയോഗപ്പെടുത്തിയതിന്റെ നേർചിത്രമാണ് ഇപ്പോൾ നഷ്‌ടപരിഹാരം നൽകാൻ ഹൈക്കോടതി വിധിച്ച രണ്ടുകേസുകളും. ജയിലുകളിലെ റിമാൻഡ് തടവുകാരിൽ ഭൂരിഭാഗവും അബ്കാരി കേസുകളിലെ പ്രതികളാണ്. കുറ്റവാളികളായി മുദ്രകുത്തപ്പെട്ട ഇവർക്ക് വർഷങ്ങൾക്ക് ശേഷം കുറ്റമുക്തരായാലും സമൂഹത്തിൽ നിന്ന് ചാർത്തികിട്ടിയ ദുഷ്പേരിന് മാറ്റമുണ്ടാകില്ല. എല്ലാ കേസുകളിലും ഇത്തരമൊരു വശമുണ്ടെങ്കിലും അബ്കാരികേസുകളിലെ കള്ളത്തരങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിനൽകുന്ന മുന്നറിയിപ്പ്. വ്യാജമദ്യവും വിൽപ്പനയും മദ്യകള്ളക്കടത്തും തടയേണ്ടതാണ്. എന്നാൽ, അതിനൊപ്പം ഒരു നിരപരാധിയും കുറ്റാരോപിതനാകുന്നില്ലെന്നും നിരപരാധികൾ ശിക്ഷിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കണം. അബ്കാരി ആക്‌ടിൽ ഭേദഗതി വരുത്തുകയെന്ന ഒറ്റമാർഗമാണ് അതിനായി മുന്നിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXCISE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.