SignIn
Kerala Kaumudi Online
Saturday, 01 April 2023 10.06 AM IST

ഹ്രസ്വമെങ്കിലും അർത്ഥപൂർണം

kumaranasan

ഗുരുദേവൻ മുറിയടച്ച് അകത്തിരുന്നാലും കുമാരനാശാൻ വന്നുനിൽക്കുന്നു എന്ന് ശിഷ്യർ അറിയിച്ചാൽ വാതിൽ തുറക്കാൻ അധികം താമസിക്കാറില്ല. പക്ഷേ ഒരുതവണ മാത്രം വാതിൽ തുറന്നില്ല. പല്ലനയിലേക്ക് പോകാൻ അനുവാദം തേടി കുമാരനാശാൻ വന്നുനിന്ന ദിവസം. ശിഷ്യർ പലതവണ അറിയിച്ചിട്ടും ഗുരുവിന്റെ വാതിൽ അടഞ്ഞുതന്നെ കിടന്നു. ബോട്ടിന് സമയമായതിനാൽ ഗുരുവിനെ മനസാ സ്മരിച്ച് കുമാരനാശാൻ പോയി. വർക്കല ബോട്ടുജെട്ടിയിൽ നിന്ന് കുമാരനാശാൻ കയറിയ ബോട്ട് നീങ്ങിയതിനു ശേഷമാണ് ഗുരു വാതിൽതുറന്ന് പുറത്തുവന്നത്. അകലങ്ങളിലേക്ക് പായുന്ന യോഗനയനങ്ങൾ തുറന്ന് ഗുരു കുറച്ചുനേരം നിശബ്ദനായി നിന്നു. പിന്നീട് ആ ചുണ്ടുകൾ ചലിച്ചു. പുറത്തുവന്ന വാക്കുകൾ ഇത്രമാത്രം. ''കുമാരു പോയി." മരണത്തിലേക്കാണ് കുമാരനാശാൻ പോകുന്നതെന്ന് ദീർഘദർശിയായ ഗുരുവിന് അറിയാമായിരുന്നു. ഗുരുവിനെ കണ്ടിട്ടേ ഉള്ളൂ യാത്രയെന്ന് ഒരുവേള കുമാരനാശാൻ ചിന്തിച്ചിരുന്നെങ്കിൽ.. പക്ഷേ ആരെല്ലാം തടയാൻ ശ്രമിച്ചാലും ഈശ്വരനിശ്ചയം വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാവുക തന്നെ ചെയ്യുമെന്നാണല്ലോ ജീവിതത്തിലൂടെയും ദർശനങ്ങളിലൂടെയും ഗുരു പഠിപ്പിച്ചിട്ടുള്ളത്.

കുമാരനാശാൻ ആദ്യമായും അവസാനമായും ഗുരുവിന്റെ കണ്ടെത്തലായിരുന്നു. കായിക്കരയിലെ ഭവനത്തിൽ ചെന്ന് ഗുരു സ്വീകരിച്ച കുമാരൻ. ഹ്രസ്വമെങ്കിലും ഇത്രയും അർത്ഥപൂർണമായ ജീവിതം കാഴ്ചവച്ച കുമാരനാശാനോട് തുല്യനായ മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിക്കുക പ്രയാസമാണ്. അക്ഷരങ്ങളുടെ ലോകത്ത് കുമാരനാശാൻ വിളയിച്ച പൊന്നിൻപാടം എത്ര തലമുറകൾ വിളവെടുത്താലും തീരാതെ അനന്തമായ കാലം പോലെ അവശേഷിക്കാൻ പോന്നതാണ്. ബഹുമുഖ വ്യക്തിത്വം എന്ന വിശേഷണത്തിന് നെല്ലിട വ്യത്യാസമില്ലാതെ ചേരുന്ന അപൂർവ വ്യക്തിത്വമായിരുന്നു കുമാരനാശാന്റേത്. സാഹിത്യം, സംസ്കാരം, സമുദായം, സംഘടനാപ്രവർത്തനം, വ്യവസായം തുടങ്ങിയ മേഖലകളിൽ നക്ഷത്രസമാനമായി തിളങ്ങാൻ കുമാരനാശാൻ എന്ന പ്രപഞ്ചസ്നേഹിക്ക് കഴിഞ്ഞു.

സാഹിത്യമെന്നാൽ സവർണരെന്ന് സ്വയം മേനിനടിക്കുന്നവർക്ക് മാത്രം വഴങ്ങുന്നത് എന്ന അവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിലാണ് കവിതയുടെ അതുവരെയുള്ള ജാതകം തിരുത്തിക്കുറിച്ചുകൊണ്ട് ആ കവിയിൽ നിന്ന് അക്ഷരപുഷ്പങ്ങൾ കൊഴിഞ്ഞുവീണത്.

'വീണപൂവ് " എന്ന കവിതയാണ് ആശാനെ കേരളക്കരയിൽ ഏറ്റവും പ്രസിദ്ധനാക്കിയത്. ജീവിതത്തെ ഒരു കിനാവ് പോലെ കണ്ടുകൊണ്ട് മനുഷ്യബന്ധങ്ങളുടെ കാണാചരടുകളിലൂടെ സുഖദുഃഖങ്ങളുടെയും കോപതാപങ്ങളുടെയും ശരീരത്തിനപ്പുറമുള്ള അസ്തിത്വത്തിന്റെ പൊരുൾ തേടിയതാണ് കുമാരനാശാന്റെ കവിതകളെ വ്യത്യസ്തമാക്കിയത്. അന്നുവരെ ആരും പരീക്ഷിക്കാത്ത ഭാഷയുടെ നവീനതയാണ് ആശാൻ കാവ്യരചനയ്ക്ക് ഉപയോഗിച്ചത്. ആ നവീനതയാകട്ടെ ഓരോ തവണ വായിക്കുമ്പോഴും ആശയങ്ങളുടെ കനൽ ജ്വലനം കൂടുതൽ അനുഭവിപ്പിക്കുന്നതായി മാറുന്നു.

ആശാന്റെ ഏറ്റവും മികച്ച കൃതി ഏതെന്ന തർക്കം അവസാനിക്കാൻ പോകുന്നില്ല. എല്ലാം തനിത്തങ്കത്തിൽ തീർത്ത കാവ്യാഭരണങ്ങൾ. ആശാന്റെ അവസാന കൃതിയായ കരുണയ്‌ക്കപ്പുറം ഒരു കാവ്യമില്ലെന്ന് കരുതുന്നവരും കുറവല്ല. അഭിസാരിക സന്യാസിവര്യനെ പ്രണയിക്കുക എന്ന ആശയം ഇന്നത്തെ കാലത്തും വിപ്ളവകരമാണ്. ഒരിക്കലും കരഞ്ഞിട്ടില്ലാത്ത 'ദുഃഖസത്യ" ജ്ഞാനധീരനായ ഉപഗുപ്തന്റെ കണ്ണിൽ നിന്ന് രണ്ട് അശ്രുകണങ്ങൾ വാസവദത്തയുടെ ചുടലയിൽ പതിക്കുന്നതായി കവി വർണിച്ചിരിക്കുന്നതിനപ്പുറം കരുണ ഈ ലോകത്തില്ല. ഒരു കവിയെന്ന നിലയിലുള്ള കുമാരനാശാന്റെ പ്രസക്തിയെക്കുറിച്ചുള്ള ചർച്ചകളും വിലയിരുത്തലുകളും നൂറ്റിയമ്പതാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ മാത്രമല്ല വരുംനൂറ്റാണ്ടുകളിലും നിർബാധം തുടർന്നുകൊണ്ടിരിക്കും.

എസ്.എൻ.ഡി.പി യോഗത്തെ ധാർമ്മിക ശക്തിയുള്ള ബഹുജന സംഘടനയായി വളർത്തിയെടുക്കാൻ സാരഥി എന്ന നിലയിൽ ഒന്നരപ്പതിറ്റാണ്ട് ആശാൻ നടത്തിയ സമുദായ പ്രവർത്തനങ്ങൾ ഒരു പാഠപുസ്തകം പോലെ പഠിക്കാൻ പര്യാപ്തമാണ്. ജനിച്ചു വളർന്ന സമുദായത്തിനുവേണ്ടി പ്രയത്നിക്കുമ്പോഴും മറ്റ് സമുദായങ്ങളോട് അനാദരവ് ഒരിക്കൽപ്പോലും ആശാനിൽ നിന്ന് ഉണ്ടായിട്ടില്ല. ഭാഷയുടെ കൊടുമുടി കയറിയ പണ്ഡിതനായ എ.ആർ. രാജരാജവർമ്മയെ പോലുള്ളവരുമായി സൗഹൃദബന്ധം നിലനിറുത്താനും അർഹിക്കുന്ന രീതിയിൽ ആദരിക്കാനും ബഹുമാനിക്കാനും ആശാൻ എന്നും തുനിഞ്ഞിരുന്നു. എന്നാൽ അന്ധവും മൂഢവുമായ ജാതിചിന്തയും അധികാരഗർവും പുലർത്തിയിരുന്നവർക്കെതിരെ കവിതയിലൂടെയും പ്രഭാഷണങ്ങളിലൂടെയും സമുദായ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം ആഞ്ഞടിച്ചത് കൊടുങ്കാറ്റിന്റെ ശക്തിയോടെയാണ് . അരുവിപ്പുറത്ത് നായർ കുടുംബത്തിൽ ജനിച്ച് പിന്നീട് ഗുരുവിന്റെ ശിഷ്യനായി മാറിയ ശിവലിംഗ സ്വാമിയായിരുന്നു ആശാന്റെ ആത്മമിത്രങ്ങളിൽ ഒരാൾ. കല്ലും മുള്ളും നിറഞ്ഞതു തന്നെയാണ് സാമൂഹ്യപ്രവർത്തനം എന്നറിയാവുന്ന ആശാൻ അതിലൊന്നും തളർന്നില്ല.

കവിതയിലും സംഘടനാ പ്രവർത്തനങ്ങളിലും ആശാൻ പുലർത്തിയ ശില്പഭദ്രത തികഞ്ഞ പ്രായോഗികവാദിയുടേതായിരുന്നു. ആലുവയിൽ വിജയകരമായി ഒരു ഓട് ഫാക്ടറിക്ക് രൂപം നൽകാനും അത് നല്ലനിലയിൽ വളർത്താനും ബഹുവിധ തിരക്കുകൾക്കിടയിലും ആശാന് കഴിഞ്ഞിരുന്നു.

ആശാന്റെ സ്തോത്ര കൃതികൾ ഇനിയും വേണ്ടരീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടില്ല. അതുകൂടി മനസിലാക്കുമ്പോൾ മാത്രമേ ആശാൻ അർഹിക്കുന്ന മഹത്വത്തോടെ വിലയിരുത്തപ്പെടൂ. ശിവഗിരിയിൽ ശാരദാക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോഴാണ് ഗുരു ജനനീ നവരത്ന മഞ്ജരി രചിച്ചത്. എന്നാൽ ശാരദാപ്രതിഷ്ഠയ്ക്ക് മുൻപ് ശാരദാദേവിയെക്കുറിച്ച് സ്തോത്രം രചിക്കാൻ ഗുരു കുമാരനാശാനോടാണ് ആവശ്യപ്പെട്ടത്. പ്രതിഷ്ഠയ്ക്കു ശേഷം ശാരദാംബയുടെ തിരുമുമ്പിൽ ഗുരുസന്നിധിയിൽ കൃതി ആലപിച്ചതും ആശാനായിരുന്നു. ഭക്തിഭാവം കൊണ്ട് ഹൃദ്യവും സിദ്ധാന്ത രത്നങ്ങളുടെ ചേർച്ചകൊണ്ട് ഉജ്ജ്വലവുമാണ് ശ്രീശാരദാഷ്ടകം. ശിവഗിരിയിൽ ശാരദാദേവിയുടെ മുന്നിൽ ശ്രീശാരദാഷ്ടകം നിത്യവും ചൊല്ലിവരുന്നു. മലയാളത്തിന് സ്വാഭിമാനം ലോകത്തിന് മുന്നിൽ വയ്ക്കാവുന്ന വിശ്വകവിയാണ് കുമാരനാശാൻ.

.................................................................................................................................................

അന്നുവരെ ആരും പരീക്ഷിക്കാത്ത ഭാഷയുടെ നവീനതയാണ് ആശാൻ കാവ്യരചനയ്ക്ക് ഉപയോഗിച്ചത്. ആ നവീനത ഓരോ തവണ വായിക്കുമ്പോഴും ആശയങ്ങളുടെ കനൽ ജ്വലനം കൂടുതൽ അനുഭവിപ്പിക്കുന്നതായി മാറുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUMARANASAN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.