ന്യൂയോർക്ക് : ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലെ സബ്വേയിലുണ്ടായ ( ഭൂഗർഭ റെയിൽവേ സ്റ്റേഷൻ ) വെടിവയ്പിൽ 16 പേർക്ക് പരിക്ക്. ഇതിൽ എട്ട് പേർക്ക് നേരിട്ട് വെടിയേറ്റതായാണ് നിഗമനം. പ്രാദേശിക സമയം ഇന്നലെ രാവിലെ 8.30ന് ( ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 6 മണിയോടെ ) സൺസെറ്റ് പാർക്കിലെ 36ാം സ്ട്രീറ്റിലെ സബ്വേയിലാണ് വെടിവയ്പുണ്ടായത്. തിരക്കേറിയ സമയമായതിനാൽ വെടിവയ്പിനിടെ പരിഭ്രാന്തരായി തിക്കിലും തിരക്കിലുംപെട്ടാണ് പലർക്കും പരിക്കേറ്റതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവ സ്ഥലത്ത് പൊട്ടിത്തെറിക്കാത്ത സ്ഫോടക വസ്തുക്കളും കണ്ടെത്തി. ഓറഞ്ച് നിറത്തിലെ കൺസ്ട്രക്ഷൻ കോട്ടും ഗ്യാസ് മാസ്കും ധരിച്ചയാളാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൃത്യ ശേഷം ഓടിരക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ജനങ്ങൾക്ക് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സ്റ്റേഷനിലെ നാല് ട്രെയിനുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |